ലഖ്‌നൗ: സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് മന്ത്രിയെ വിമര്‍ശിക്കുന്നതിനിടെ എസ്.പി നേതാവ് നടത്തിയ പരാമര്‍ശം വിവാദത്തില്‍.
സോഫിയ ഖുറേഷിയെ ബി.ജെ.പി മന്ത്രി വിമര്‍ശിച്ചത് മുസ്‌ലിമായതിനാലാണെന്നും എന്നാല്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനെ വിമര്‍ശിക്കാതിരുന്നത് അവര്‍ രജപുത്താണെന്ന് തെറ്റദ്ധരിച്ചാണെന്നുമായിരുന്നു എസ്.പി നേതാവിന്റെ പ്രസ്താവന. സമാജ് വാദ് പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവാണ് വിവാദ പ്രസ്താവന നടത്തിയത്.
‘അവരുടെ മന്ത്രിമാരില്‍ ഒരാള്‍ കേണല്‍ ഖുറേഷിയെ അധിക്ഷേപിച്ചു. ഹൈക്കോടതി അദ്ദേഹത്തിനെതിരെ വീണ്ടും കേസെടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ വ്യോമിക സിങ്ങോ, എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതിയോ ആരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അറിയുമായിരുന്നെങ്കില്‍ അവരെയും ലക്ഷ്യം വെക്കുമായിരുന്നു,’ രാംഗോപാല്‍ യാദവ് പറഞ്ഞു.
വ്യോമിക സിങ് ഹരിയാനയില്‍ നിന്നുള്ള ജാതവ് വിഭാഗത്തില്‍പ്പെട്ട ആളാണെന്നും ഭാരതി പൂര്‍ണിയയില്‍ നിന്നുള്ള യാദവ് ആണെന്നും എസ്.പി നേതാവ് മൊറാദാബാദിലെ പരിപാടിക്കിടയില്‍വെച്ച് അഭിപ്രായപ്പെട്ടിരുന്നു.
മൂന്ന് പേരും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും ഒരാള്‍ മുസ്‌ലിം ആയതിനാല്‍ അപമാനിക്കപ്പെട്ടു എന്നും മറ്റൊരാള്‍ രജപുത്താണെന്ന് കരുതി ഒഴിവാക്കപ്പെടുകയായിരുന്നെന്നും മൂന്നാമത്തെയാള്‍ ആരാണെന്ന് അറിയില്ലായിരുന്നുവെന്നും മന്ത്രി പറയുകയുണ്ടായി.
എന്നാല്‍ യാദവിവിന്റെ പരാമര്‍ശത്തിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. യാദവിന്റെ പരാമര്‍ശം സായുധ സേനയെ അപമാനിക്കുന്നതാണെന്നും സൈന്യത്തിന്റെ യൂണിഫോം ജാതീയതയിലൂടെ അല്ല നോക്കിക്കാണേണ്ടതെന്നും
ഇന്ത്യന്‍ സൈന്യത്തിലെ ഓരോ സൈനികനും രാഷ്ട്രധര്‍മം അനുഷ്ഠിക്കുന്നവരാണെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം. അല്ലാതെ അവര്‍ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പ്രതിനിധിയല്ലെന്നും യോഗി ആദിത്യനാഥ് എക്സില്‍ കുറിച്ചു.
അതേസമയം കേണല്‍ സോഫിയ ഖുറേഷിക്കതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി മന്ത്രി കുന്‍വാര്‍ വിജയ് ഷാക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പറയുന്ന ഓരോ വാക്കിലും മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടാകണമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
വിദ്വേഷ പരാമര്‍ശത്തില്‍ വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞ ദിവസം (ബുധന്‍) ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ബി.ജെ.പി മന്ത്രി നല്‍കിയ ഹരജി അടിയന്തിരമായി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച ഇന്‍ഡോര്‍ ജില്ലയിലെ മൗവില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവേയാണ് കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്.
തുടര്‍ന്ന് ബി.ജെ.പി മന്ത്രിക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് പൊലീസ് കേസെടുത്തത്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Content Highlight: Samajwadi leader’s casteist remark on Wing commander Vyomika Singh sparks controversy