| Wednesday, 4th March 2026, 6:56 pm

2023ലെ കമ്മിന്‍സിന്റെ അതേ വാക്കുകള്‍; സെമിഫൈനലിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി സാം കറന്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. നാളെയാണ് (മാര്‍ച്ച് അഞ്ച്) ഇംഗ്ലണ്ടിനെതിരെയുള്ള ഈ മത്സരം അരങ്ങേറുന്നത്. വേദിയായി നിശ്ചയിച്ചിരിക്കുന്നത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ്.

ഇപ്പോള്‍ സെമി ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ് ഇംഗ്ലണ്ട് താരം സാം കറന്‍. 2023 പുരുഷ ലോകകപ്പ് ഫൈനലിന് മുമ്പ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞതുപോലെ ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കുമെന്നാണ് കറനും പറഞ്ഞത്. മത്സരത്തിന് മുന്നോടിയായിയുള്ള വാര്‍ത്ത സമ്മേളനത്തില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍.

സാം കറന്‍. Photo: Crictracker/x.com

‘ഗാലറിയിലെ കാണികളുടെ ആവേശം എത്രത്തോളം ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. അത് നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സ്റ്റേഡിയങ്ങളിലും ബഹളങ്ങക്കുമിടയില്‍ കളിക്കുന്നത് ഏതൊരു താരത്തെ സംബന്ധിച്ചും രോമാഞ്ചം നല്‍കുന്ന ഒന്നാണ്.

എന്നാല്‍, മത്സരത്തില്‍ മികച്ച രീതിയില്‍ മുന്നേറിയാല്‍ ഞങ്ങള്‍ക്ക് ആ കാണികളെ നിശബ്ദരാക്കാന്‍ സാധിക്കും. അതിനര്‍ത്ഥം ഞങ്ങള്‍ക്ക് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചുവെന്നാണ്,’ സാം കറന്‍ പറഞ്ഞു.

ഇന്ത്യൻ ടീമും ഇംഗ്ലണ്ട് ടീമും. Photo: BCCI & England Cricket/x.com

അതേസമയം, രണ്ടാം സെമി ഫൈനലിലിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും. സൂപ്പര്‍ 8 ഘട്ടത്തില്‍ അപരാജിതരായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുക. മറുവശത്ത് സൂപ്പര്‍ 8ലെ രണ്ട് മത്സരങ്ങളില്‍ ജയിച്ചാണ് മെന്‍ ഇന്‍ ബ്ലൂ സെമി പോരാട്ടത്തിനായി ഇറങ്ങുന്നത്.

ഒരു തോല്‍വി വഴങ്ങിയെങ്കിലും വലിയ ആത്മവിശ്വാസത്തിലാണ് സൂര്യയും സംഘവും. അതിന് കാരണം ഐ.സി.സി ടൂര്‍ണമെന്റ് നോക്ക് ഔട്ടുകളില്‍ ഇംഗ്ലണ്ടിന് മേലുള്ള ടീമിന്റെ ആധിപത്യം തന്നെയാണ്. ഇരു ടീമുകളും അഞ്ച് തവണയാണ് ഐ. സി. സി ടൂര്‍ണമെന്റ് നോക്ക് ഔട്ട് ഘട്ടങ്ങളില്‍ നേര്‍ക്കുനേര്‍ വന്നത്. അതില്‍ മൂന്ന് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇപ്പോള്‍ ഇത്തവണയും ഏറ്റുമുട്ടുമ്പോള്‍ ഈ മേധാവിത്വം പുലര്‍ത്താന്‍ തന്നെയാവും ടീം ലക്ഷ്യമിടുന്നത്.

Content Highlight: Sam Curran said England will silence Indian fans in Wankhede crowd in T20 World Cup semi final

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more