| Thursday, 22nd December 2022, 7:18 pm

കോടികള്‍ക്കൊന്നും ഒരു വിലയും ഇല്ലാതായോ; ഐ.പി.എല്‍ മോക്ക് ഓക്ഷനില്‍ 20 കോടി നേടി സര്‍പ്രൈസ് താരം; ആര്‍ക്കും വേണ്ടാതെ വില്ലിച്ചായന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ മിനി ലേലം കൊച്ചിയില്‍ വെച്ച് നടക്കാനിരിക്കുകയാണ്. ഏറെ ആവേശത്തോടെയാണ് എല്ലാ ടീമുകളും ആരാധകരും മിനി ലേലത്തെ നോക്കിക്കാണുന്നത്. ഇതിനോടകം തന്നെ സ്റ്റേബിളായ ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഏതൊക്കെ താരങ്ങളെ ടീമിലെത്തിക്കുമെന്നറിയാനാണ് ഓരോ ടീമിന്റെയും ആരാധകര്‍ ഉറ്റുനോക്കുന്നത്.

മിനി ലേലത്തിന് ആവേശം നിറച്ചുകൊണ്ട് മോക് ഓക്ഷനും നടന്നിരുന്നു. ഐ.പി.എല്ലിന്റെ ഒ.ടി.ടി ബ്രോഡ്കാസ്റ്റിങ് റൈറ്റ്‌സ് സ്വന്തമാക്കിയ ജിയോ സിനിമയായിരുന്നു മോക് ഓക്ഷന്‍ സംഘടിപ്പിച്ചത്.

മുന്‍ താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കായി താരങ്ങളെ ലേലത്തില്‍ പിടിക്കാന്‍ ഇറങ്ങിയത്. ക്രിസ് ഗെയ്ല്‍ നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും റോബിന്‍ ഉത്തപ്പ ദല്‍ഹി ക്യാപ്പിറ്റല്‍സിനും വേണ്ടി ലേലത്തില്‍ പങ്കെടുത്തപ്പോള്‍ സൂപ്പര്‍ കിങ്‌സിനായി സുരേഷ് റെയ്‌നയും സണ്‍റൈസേഴ്‌സിനായി സ്‌കോട്ട് സ്‌റൈറിസും ‘പണം വാരിയെറിഞ്ഞു’. ആര്‍.പി. സിങ്, അനില്‍ കുംബ്ലെ, മുരളി കാര്‍ത്തിക് എന്നിവരായിരുന്നു മറ്റ് ടീമുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

ഓസീസ് സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീനിന് വേണ്ടിയാണ് ടീമുകള്‍ പണം വാരിയെറിഞ്ഞത്. രണ്ട് കോടി അടിസ്ഥാന വില മാത്രമുണ്ടായിരുന്ന ഗ്രീനിനെ 20 കോടി നല്‍കിയാണ് സണ്‍ റൈസേഴ്‌സിനായി സ്‌റൈറിസ് ടീമിലെത്തിച്ചത്. ക്യാപ്പിറ്റല്‍സിന് വേണ്ടി അവസാന നിമിഷം വരെ ഉത്തപ്പ ലേലത്തില്‍ പങ്കെടുത്തെങ്കിലും ഒടുവില്‍ കയ്യില്‍ കാശില്ലാത്തതിനാല്‍ പിന്‍മാറുകയായിരുന്നു.

ടി-20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് സീരീസ് ആയ സാം കറനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയ മറ്റൊരു താരം. 19.5 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കറനെ സ്വന്തമാക്കിയത്.

ബെന്‍ സ്‌റ്റോക്‌സ് (19 കോടി) – പഞ്ചാബ് കിങ്‌സ്, ഓഡിയന്‍ സ്മിത്ത് (8.5 കോടി) -മുംബൈ ഇന്ത്യന്‍സ്, നിക്കോളാസ് പൂരന്‍ (8.5 കോടി) – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് മോക്ക് ഓക്ഷനിലെ ടോപ് ഫൈവ് പിക്‌സ്.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സിനെ നയിച്ച കെയ്ന്‍ വില്യംസണെ ഒറ്റ ടീമും വാങ്ങാന്‍ താത്പര്യം കാണിച്ചില്ല.

അതേസമയം, മോക്ക് ഓക്ഷനും നാളെ നടക്കാനിരിക്കുന്ന മിനി ലേലവും തമ്മില്‍ ഒരു ബന്ധവുമില്ല. ഈ താരങ്ങളെയൊന്നും ഒരു ടീമും ഇതുവരെ സ്വന്തമാക്കിയിട്ടില്ല എന്ന് അര്‍ത്ഥം.

Content Highlight: Sam Curran fetches the highest amount in IPL Mock Auction

Latest Stories

We use cookies to give you the best possible experience. Learn more