| Thursday, 3rd September 2026, 4:08 pm

ബോളെറിയാന്‍ ഓടി ഗിന്നസ് റെക്കോഡോ! ലോക ചരിത്രത്തിലേക്ക് വീണ്ടുമൊരു ഇംഗ്ലീഷ് താരം!

ശ്രീരാഗ് പാറക്കല്‍

ക്രിക്കറ്റില്‍ ബോള്‍ എറിഞ്ഞുകൊണ്ട് ഗിന്നസ് റെക്കോഡില്‍ ഇടം നേടാന്‍ ശ്രമിച്ചിരിക്കുകയാണ് സറേയിലെ ഗില്‍ഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഇംഗ്ലീഷ് താരം സാം ബോഡോവാനോ.

ക്രിക്കറ്റ് പന്തെറിയുന്നതിന് മുമ്പ് ഏറ്റവും ദൈര്‍ഘ്യമേറിയ റണ്‍അപ്പിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കാന്‍ 100 കിലോമീറ്റര്‍ ഓടിയാണ് സാം ബൊഡോനോ ഗിന്നസ് റെക്കോഡിന് ശ്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് ഓട്ടം ആരംഭിച്ച ബൊഡോനോ 62 മൈല്‍ (100 കിലോമീറ്റര്‍) പിന്നിട്ട് ഞായറാഴ്ച വോക്കിങ്ങിലെ വാലി എന്‍ഡ് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി പന്തെറിഞ്ഞാണ് അപൂര്‍വ റെക്കോഡ് നേട്ടത്തിന് ശ്രമിച്ചത്. മത്സരത്തിന്റെ ആദ്യ പന്ത് സ്വന്തം പിതാവിന് എറിഞ്ഞുകൊണ്ടാണ് ഇംഗ്ലീഷ് താരം ഓട്ടം പൂര്‍ത്തിയാക്കിയത്.

ഓട്ടം പൂര്‍ത്തിയാക്കാന്‍ ബൊഡോനോയ്ക്ക് 14 മണിക്കൂറാണ് വേണ്ടിവന്നത്. ക്യാന്‍സര്‍ ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന റൂത്ത് സ്‌ട്രോസ് ഫൗണ്ടേഷനുവേണ്ടി നടത്തിയ ധനസമാഹരണത്തിലൂടെ ഏകദേശം 6,000 പൗണ്ടും അദ്ദേഹം സമാഹരിച്ചു.

‘ഞാന്‍ വളരെ ക്ഷീണിതനാണ്. ഉറക്കം നഷ്ടപ്പെട്ടു. പക്ഷേ ഇതെല്ലാം ഒരു അതിമനോഹരമായ കാരണത്തിന് വേണ്ടിയായിരുന്നു,’ ബൊഡോനോ പറഞ്ഞു.

റെക്കോഡ് ശ്രമം ഔദ്യോഗികമായി പരിഗണിക്കപ്പെടാന്‍ ക്രിക്കറ്റ് പന്ത് കൈയില്‍ പിടിച്ച് ഓടുന്നതിനൊപ്പം പൂര്‍ണ ക്രിക്കറ്റ് വേഷത്തിലായിരിക്കണമെന്നും ഓട്ടത്തിന് ശേഷം മത്സരത്തില്‍ പങ്കെടുക്കണമെന്നും നിബന്ധനകളുണ്ടായിരുന്നു. പുരുഷ വിഭാഗത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്രിക്കറ്റ് ബൗളിങ് റണ്‍അപ്പിനുള്ള റെക്കോഡാണ് ബൊഡോനോ ലക്ഷ്യമിട്ടത്.

ആവശ്യമായ നിബന്ധനകള്‍ ബൊഡോനോ പാലിച്ചിട്ടുണ്ടെങ്കിലും, ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് അധികൃതര്‍ ഔദ്യോഗിക അംഗീകാരം ഇതുവരെ നല്‍കിയിട്ടില്ല. സമര്‍പ്പിച്ച തെളിവുകളുടെ പരിശോധനയും സ്ഥിരീകരണവും പൂര്‍ത്തിയാക്കിയ ശേഷമേ നേട്ടം ഔദ്യോഗികമായി അംഗീകരിക്കാനാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. തെളിവുകളുടെ പരിശോധനയ്ക്ക് ഏകദേശം രണ്ടാഴ്ച വരെ സമയമെടുക്കാമെന്നും അവര്‍ അറിയിച്ചു.

നിലവില്‍ പുരുഷ വിഭാഗത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബൗളിങ് റണ്‍അപ്പിന്റെ റെക്കോര്‍ഡ് ടോം ഡണ്ണിന്റെ പേരിലാണ്. 2024 ഓഗസ്റ്റില്‍ കിഴക്കന്‍ ലണ്ടനിലെ ബെത്‌നല്‍ ഗ്രീനില്‍ നിന്ന് തെക്കന്‍ ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് കോമണിലേക്ക് 15 മൈല്‍ (24 കിലോമീറ്റര്‍) ഓടിയെത്തിയ ശേഷമാണ് ഡണ്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. എന്നാല്‍ ഗ്രീനിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാം ബോഡോവാനോയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Sam Bodonoh ran 100 kilometers to set the Guinness World Record for the longest run-up before bowling a cricket ball

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more