| Monday, 6th October 2025, 8:08 pm

സഞ്ജു 'മോഹന്‍ലാല്‍' സാംസണിന്റെ അധികമാര്‍ക്കുമറിയാത്ത ടാലന്റ്; വെളിപ്പെടുത്തി ചേട്ടന്‍ സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

മോഹന്‍ലാലിനെ പോലെ ക്രിക്കറ്റില്‍ ഏത് റോളും ചെയ്യാന്‍ സാധിക്കുമെന്ന സഞ്ജു സാംസണിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഏത് ബാറ്റിങ് പൊസിഷനിലും കളത്തിലിറങ്ങാനാകുമെന്നും ഇന്ത്യയ്ക്ക് വേണ്ടി വില്ലനാകാനും ജോക്കറിന്റെ വേഷം ചെയ്യാനും താന്‍ തയ്യാറാണ് എന്നായിരുന്നു സഞ്ജു പറഞ്ഞത്.

ഇപ്പോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വേഴ്‌സറ്റാലിറ്റിയെ കുറിച്ച് സംസാരിക്കുകയാണ് കേരള സൂപ്പര്‍ താരവും സഞ്ജുവിന്റെ സഹോദരനുമായ സാലി സാംസണ്‍. പണ്ട് സഞ്ജു മികച്ച രീതിയില്‍ സ്പിന്‍ ബൗളിങ് ചെയ്തിരുന്നുവെന്നും നല്ലൊരു ഓള്‍ റൗണ്ടറായിരുന്നു എന്നുമാണ് സാലി സാംസണ്‍ പറഞ്ഞത്.

മൈ ഖേലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ‘ചേട്ടന്‍ സാംസണ്‍’ ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ ചെറുപ്പത്തില്‍ ദല്‍ഹിയിലെ തെരുവുകളില്‍ കളിക്കുമ്പോള്‍ തന്നെ സഞ്ജുവിന്റെ കഴിവുകളെ കുറിച്ച് ആളുകള്‍ സംസാരിക്കുമായിരുന്നു. ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ സഞ്ജുവിന് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിക്കും എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

ഞാന്‍ ഒരു ഓള്‍ റൗണ്ടറാണ്. അതുപോലെ അവനെയും ഒരു മികച്ച ഓള്‍ റൗണ്ടറായി തന്നെയാണ് ഞാന്‍ കാണുന്നത്. ചെറുപ്പത്തില്‍ തന്നെ അവന്‍ മികച്ച രീതിയില്‍ പന്തെറിയുമായിരുന്നു. എല്ലാം ചെയ്യാന്‍ അവന് സാധിച്ചിരുന്നു,’ സാലി സാംസണ്‍ പറഞ്ഞു.

‘സമയപരിധിക്കനുസരിച്ച് അവന്‍ ഓഫ് സ്പിന്നും ലെഗ് സ്പിന്നും ചെയ്തിരുന്നു. കേവലം ഒരു റോള്‍ മാത്രം ചെയ്തുകൊണ്ടല്ല ഞങ്ങള്‍ വളര്‍ന്നത്. ക്രിക്കറ്റിനെ മുഴുവനായും നോക്കിക്കാണാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അവസരം ലഭിക്കുമ്പോള്‍ അതിനനുസരിച്ച് പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു.

അവന്‍ വെറും ഓപ്പണര്‍ മാത്രമല്ല. എപ്പോള്‍ അവന് അവസരം ലഭിക്കുന്നുവോ, അവന്‍ സ്‌കോര്‍ ചെയ്യും. ടീമിന് വേണ്ടതെന്തോ, അത് അവന്‍ ചെയ്തിരിക്കും. ഇത് കേവലം വ്യക്തിഗത പ്രകടനത്തെ കുറിച്ചല്ല, ഇത് ടീമിന്റെ വിജയത്തിനായി തങ്ങളാലാവുന്ന സംഭവന നല്‍കുന്നതിനെ കുറിച്ചാണ്. ഇതാണ് ക്രിക്കറ്റ്, ക്രിക്കറ്റ് ഒരു ടീം ഗെയ്മാണ്,’ സാലി സാംസണ്‍ പറഞ്ഞു.

അതേസമയം, ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സഞ്ജു ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ് എന്ന് പറഞ്ഞുകൊണ്ടാണ് സെലക്ഷന്‍ കമ്മിറ്റി താരത്തെ തഴഞ്ഞത്.

മുന്‍ സെലക്ടര്‍ ക്രിസ് ശ്രീകാന്ത് അടക്കമുള്ളവര്‍ ഈ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തന്റെ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും എന്തിന് സഞ്ജുവിനെ തഴഞ്ഞു എന്നായിരുന്നു ശ്രീകാന്തിന്റെ ചോദ്യം.

‘അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണ്‍ ടീമില്‍ ഇല്ലാത്തത് അന്യായമാണ്. അവന്‍ ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു. ആരെയൊക്കെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ദിനംപ്രതി കാരണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അവനെ നിങ്ങള്‍ ആദ്യം ഓപ്പണിങ് കളിപ്പിച്ചു, പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് ഇറക്കി. ചിലപ്പോള്‍ ഏഴോ എട്ടിലോ ബാറ്റ് ചെയ്യിപ്പിക്കുന്നു.

എങ്ങനെയാണ് ധ്രുവ് ജുറെല്‍ പെട്ടെന്ന് ടീമില്‍ ഉള്‍പ്പെട്ടത്? സഞ്ജു ചിലപ്പോള്‍ സഞ്ജു പ്ലെയിന്‍ ഇലവനില്‍ ഇടം പിടിച്ചേക്കില്ല. പക്ഷേ, ടീമിലേക്ക് പരിഗണിക്കേണ്ടത് അവനെയായിരുന്നു,’ ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യന്‍ ടീം സെലക്ഷന്‍ സ്ഥിരമായി മാറ്റി കൊണ്ടിരിക്കുകയാണെന്നും അതിലൂടെ താരങ്ങളെ ആശയകുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെട്ടിയും തിരുത്തിയും ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അകസര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍) യശസ്വി ജെയ്‌സ്വാള്‍.

Content Highlight: Saly Samson about Sanju Samson’s bowling ability

We use cookies to give you the best possible experience. Learn more