| Saturday, 30th August 2025, 7:46 pm

ഒരു ഓവറില്‍ 40 റണ്‍സ്, 12 സിക്‌സറോടെ 26 പന്തില്‍ 86! നിസാറിനിത് നിസാരം!

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ക്രിക്കറ്റ് ലീഗില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ പരാജയപ്പെടുത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കാലിക്കറ്റ് നേടിയത്. സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ടിന്റെ കരുത്തിലാണ് മലബാര്‍ കരുത്തര്‍ തെക്കിന്റെ രാജാക്കന്‍മാരെ തകര്‍ത്തുവിട്ടത്.

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍സ് 173ന് പുറത്തായി.

സൂപ്പര്‍ താരം സല്‍മാന്‍ നിസാറിന്റെ കരുത്തിലാണ് ഗ്ലോബ്‌സറ്റാര്‍സ് മികച്ച സ്‌കോറിലെത്തിയത്. വെറും 26 പന്ത് നേരിട്ട താരം പുറത്താകാതെ 86 റണ്‍സാണ് അടിച്ചെടുത്തത്. 12 സിക്‌സറുകളുടെ അകമ്പടിയോടെ 330.77 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഗ്ലോബ്‌സ്റ്റാര്‍സ് ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സല്‍മാന്‍ നിസാര്‍ തന്റെ വിശ്വരൂപം പുറത്തെടുത്തത്. അഭിജിത് പ്രവീണ്‍ എറിഞ്ഞ 20ാം ഓവറില്‍ സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത് ആറ് സിക്‌സറുകള്‍ ഉള്‍പ്പടെ 40 റണ്‍സാണ്!

ഓവറിലെ ആദ്യ പന്ത് തന്നെ സല്‍മാന്‍ നിസാര്‍ ലോങ് ഓഫിലൂടെ സിക്‌സറിന് തൂക്കി. അടുത്ത പന്ത് വൈഡും, പിന്നീടെറിഞ്ഞ പന്ത് നോ ബോളുമായി. നോ ബോളില്‍ ഇവര്‍ രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു.

ഫ്രീഹിറ്റ് ഡെലിവെറി ബാക്ക്‌വാര്‍ഡ് പോയിന്റിലൂടെ സിക്‌സറടിച്ച സല്‍മാന്‍ നിസാര്‍, ഓവറിലെ മൂന്നാം ലീഗല്‍ ഡെലിവെറി ലോങ് ഓഫിലൂടെയും ഗ്യാലറിയിലെത്തിച്ചു. നാലാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെയും അടുത്ത രണ്ട് പന്തുകളും ബാക്ക്‌വാര്‍ഡ് പോയിന്റിലൂടെയും അതിര്‍ത്തിവര താണ്ടി പറന്നിറങ്ങി.

6, WD, 2NB, 6, 6, 6, 6, 6 എന്നിങ്ങനെയായിരുന്നു 20ാം ഓവറില്‍ സല്‍മാന്റെ പ്രകടനം.

ഗ്ലോബ്‌സ്റ്റാര്‍സ് നിരയില്‍ എം. അജിനാസും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. 50 പന്ത് നേരിട്ട താരം 51 റണ്‍സ് നേടി പുറത്തായി. 11 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മലാണ് കാലിക്കറ്റ് നിരയിലെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186ലെത്തി.

ട്രിവാന്‍ഡ്രം റോയല്‍സിനായി ആസിഫ് സലാമും നിഖില്‍ എമ്മും രണ്ട് വിക്കറ്റ് വീതം നേടി. വിനില്‍ ടി.എസ്, ബേസില്‍ തമ്പി എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് മോശമല്ലാത്ത രീതിയില്‍ ബാറ്റ് വീശിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി കാലിക്കറ്റ് മത്സരം പിടിച്ചടക്കുകയായിരുന്നു. ഓരോ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ റോയല്‍സ് ശ്രമിച്ചെങ്കിലും കാലിക്കറ്റ് ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു.

എസ്. സഞ്ജീവ് (23 പന്തില്‍ 34), റിയ ബഷീര്‍ (17 പന്തില്‍ 25), അബ്ദുള്‍ ബാസിത് (11 പന്തില്‍ 22) എന്നിവരുള്‍പ്പടെ എല്ലാവരും ചെറുത്തുനിന്നെങ്കിലും വിജയത്തിന് 13 റണ്‍സകലെ ടീം കാലിടറി വീണു.

ഗ്ലോബ്‌സ്റ്റാര്‍സിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റ് നേടി. ഹരികൃഷ്ണന്‍ എം.യു, ഇബ്‌നുല്‍ അഫ്താബ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സുദേശന്‍ മിഥുന്‍, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവുമായി എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഗ്ലോബ്‌സ്റ്റാര്‍സ്. സെപ്റ്റംബര്‍ ഒന്നിനാണ് ടീമിന്റെ അടുത്ത മത്സരം. ആരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് എതിരാളികള്‍.

Content Highlight: Salman Nizar’s explosive batting performance in KCL 2025

We use cookies to give you the best possible experience. Learn more