| Monday, 17th February 2025, 8:15 am

ഇന്ത്യയോട് തോറ്റിട്ടും ടൂര്‍ണമെന്റില്‍ ജയിച്ചാല്‍ അത് എല്ലാത്തിനേക്കാളും വലിയ നേട്ടമാണ്: സല്‍മാന്‍ അലി ആഘ

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19ന് നടക്കുകയാണ്. പാകിസ്ഥാനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനായി വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഈ തവണ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ കറാച്ചിയില്‍ നേരിടും.

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഫെബ്രുവരി 23ന് ദുബായിലാണ് നടക്കുന്നത്. ചിരവൈരികളായ ഇരു ടീമുകളും കൊമ്പ് കോര്‍ക്കുന്നത് കാണാന്‍ തയ്യാറെടുക്കുകയാണ് ആരാധകരും. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ കിരീടം നേടിയിരുന്നു.

വീണ്ടും കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കുക ആര്‍ക്കാണെന്ന് പല മുന്‍ താരങ്ങളും പ്രവചിച്ചു തിടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പാകിസ്ഥാന്റെ സൂപ്പര്‍ താരം സല്‍മാന്‍ അലി ആഘ ടൂര്‍ണമെന്റിനെക്കുറിച്ചും ഇന്ത്യയുമായുള്ള മത്സരത്തിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് തോറ്റിട്ടും പാകിസ്ഥാന്‍ കിരീടം നേടിയാല്‍ അത് വലിയ വിജയമാണെന്നാണ് സ്പിന്നര്‍ പറഞ്ഞത്.

സല്‍മാന്‍ അലി ആഘ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെക്കുറിച്ച് പറഞ്ഞത്

‘ചാമ്പ്യന്‍സ് ട്രോഫി നേടുക എന്നതാണ് ആത്യന്തിക ലക്ഷ്യം. തീര്‍ച്ചയായും, ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങള്‍ അവരോട് തോറ്റിട്ടും ടൂര്‍ണമെന്റ് ജയിച്ചാല്‍ അത് എല്ലാത്തിനേക്കാളും വലിയ നേട്ടമാണ്. എനിക്ക് ഈ വേഷം ശരിക്കും ഇഷ്ടമാണ്. ഇതൊരു പുതിയ വെല്ലുവിളിയാണ്, പക്ഷേ എന്റെ കളിയുമായി അതിനെ സന്തുലിതമാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്.’

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന്റെ പരിശീലന സെക്ഷനില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് മുമ്പ് 2021 ടി-20 ലോകകപ്പിലാണ് ഇതേ വേദിയില്‍ ഇന്ത്യ പാകിസ്ഥാനെ നേരിട്ടത്. അന്ന് നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഐ.സി.സി ലോകകപ്പുകളില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ പരാജയമായിരുന്നു അത്.

Indian Squad for ICC Champions Trophy

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

Pakistan Squad for ICC Champions Trophy

ബാബര്‍ അസം, ഫഖര്‍ സമാന്‍, സൗദ് ഷക്കീല്‍, തയ്യിബ് താഹിര്‍, ഫഹീം അഷ്റഫ്, കമ്രാന്‍ ഗുലാം, ഖുഷ്ദില്‍ ഷാ, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നെയ്ന്‍, നസീം ഷാ, ഷഹീന്‍ അഫ്രിദി.

Content Highlight: Salman Ali Agha Talking About India VS Pakistan Match In Champions Trophy

We use cookies to give you the best possible experience. Learn more