ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തിലും നിരാശയായിരുന്നു പാകിസ്ഥാന് വിധിച്ചത്. പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി-20യില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് മെന്‍ ഇന്‍ ഗ്രീനിന് ഏറ്റുവാങ്ങേണ്ടി വന്നത്. അഞ്ച് ടി-20യും മൂന്ന് ഏകദിനത്തിനുമാണ് പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിലെത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 91 റണ്‍സിന് പുറത്താവുകയും 59 പന്ത് ശേഷിക്കെ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ് വിജയലക്ഷ്യം മറികടക്കുകയുമായിരുന്നു.
ഇപ്പോള്‍ തങ്ങള്‍ നേരിടേണ്ടി വന്ന തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുകയാണ് പാക് നായകന്‍ സല്‍മാന്‍ അലി ആഘാ. ന്യൂസിലാന്‍ഡ് മികച്ച രീതിയില്‍ പന്തെറിഞ്ഞെന്നും ന്യൂ ബോളിന്റെ ആനുകൂല്യം മുതലെടുത്തു എന്നുമാണ് സല്‍മാന്‍ പറയുന്നത്. വരും മത്സരത്തില്‍ തങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.
പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഇത് കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. ഞങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല, പക്ഷേ അടുത്ത മത്സരത്തിന് മുമ്പ് എല്ലാം തിരികെ പിടിക്കേണ്ടതുണ്ട്. അവര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അടുത്ത മത്സരത്തെ കുറിച്ച് ടീം ചര്‍ച്ച ചെയ്യും.
ഞങ്ങള്‍ക്കൊപ്പം മൂന്ന് അരങ്ങേറ്റ താരങ്ങളുണ്ടായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കും. ഇവിടെ ന്യൂബോള്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കി. ഞങ്ങള്‍ക്കൊപ്പം മികച്ച ബൗളര്‍മാരുണ്ട്. അടുത്ത മത്സരത്തില്‍ വിജയിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ ആഘാ സല്‍മാന്‍ പറഞ്ഞു.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചു. തുടക്കം തന്നെ പാളിയാണ് പാകിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചത്. കൈല്‍ ജാമിസണെറിഞ്ഞ ആദ്യ ഓവറില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് പുറത്താവുകയും ചെയ്തു.
രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ രണ്ടാം ഓപ്പണര്‍ ഹസന്‍ നവാസിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. സില്‍വര്‍ ഡക്കായാണ് താരം മടങ്ങിയത്. 1.2 ഓവറില്‍ പൂജ്യത്തിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് പാകിസ്ഥാന്‍ തുടങ്ങിയത്.
രണ്ടാം വിക്കറ്റ് വീണ് കൃത്യം ആറാം പന്തില്‍ പാകിസ്ഥാന്റെ മൂന്നാം വിക്കറ്റും നഷ്ടമായി. ആറ് പന്തില്‍ ഒരു റണ്‍സ് നേടിയ ഇര്‍ഫാന്‍ ഖാന്‍ നൈസിയാണ് പുറത്തായത്. ആറ് പന്തില്‍ ഒറ്റ റണ്‍സുമായി അധികം വൈകാതെ ഷദാബ് ഖാനും മടങ്ങി.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കിവികള്‍ പാകിസ്ഥാനെ 18.4 ഓവറില്‍ 91ന് പുറത്താക്കി.
30 പന്തില്‍ 32 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 20 പന്ത് നേരിട്ട് 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. ഇവര്‍ക്ക് പുറമെ 17 പന്തില്‍ 17 റണ്‍സ് നേടിയ ജഹാനന്ദ് ഖാനാണ് പാകിസ്ഥാന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരം.
ന്യൂസിലാന്‍ഡിനായി ജേകബ് ഡഫി ഫോര്‍ഫര്‍ പൂര്‍ത്തിയാക്കി. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് ഡഫി നാല് വിക്കറ്റ് നേടിയത്. കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ രണ്ട് വിക്കറ്റുമായി ഇഷ് സോധിയും മോശമാക്കിയില്ല. സാക്രി ഫോള്‍ക്സാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ആദ്യ വിക്കറ്റില്‍ തന്നെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി തകര്‍ത്തടിച്ചു. ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെ ടിം സീഫെര്‍ട്ടിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കി. 29 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്.
കാര്യങ്ങള്‍ അധികം വെച്ചുനീട്ടാതെ ഫിന്‍ അലനും (17 പന്തില്‍ പുറത്താകാതെ 29) ടിം റോബിന്‍സണും (15 പന്തില്‍ പുറത്താകാതെ 18) കിവീസിനെ വിജയത്തിലേക്ക് നയിച്ചു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 1-0ന് നിലയില്‍ മുമ്പിലാണ്. മാര്‍ച്ച് 18നാണ് പരമ്പരയിലെ രണ്ടാം മത്സരം. യൂണിവേഴ്സിറ്റി ഓവലാണ് വേദി.
Content Highlight: Salman Ali Agha about Pakistan’s loss against New Zealand