| Thursday, 19th May 2011, 4:50 pm

സലിംകുമാര്‍ ‘ദി ബെസ്റ്റ് ആക്ടര്‍’

ഡൂള്‍ന്യൂസ് ഡെസ്‌ക്

38ാമത് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ മലയാളികളുടെ യശസ്സുയര്‍ത്തി മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി സലിംകുമാര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. സലിംകുമാര്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയെന്നുകേട്ടു എന്നുകേള്‍ക്കുമ്പോള്‍ മുന്‍പാണെങ്കില്‍ മലയാളി ഞെട്ടിയേനെ, മലയാളികളെ ചിരിപ്പിച്ചുമാത്രം ശീലമുള്ള സലിം എങ്ങനെ ഈ നേട്ടത്തിനര്‍ഹനായിയെന്നോര്‍ത്ത്.

എന്നാല്‍ സലിംകുമാറില്‍ ഒരുമികച്ച നടനുണ്ടെന്ന് മനസിലാക്കിയത് സംവിധായകന്‍ ലാല്‍ജോസാണ്. ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രം അദ്ദേഹത്തിനെക്കുറിച്ചുള്ള പൊതുവായ ധാരണകള്‍ തിരുത്തുന്നതായിരുന്നു. ഇപ്പോള്‍ സലിം മുഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു വിലൂടെ തന്റെ പ്രതിഭ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് സലിംകുമാര്‍.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയായ സലിംകുമാര്‍ മിമിക്രിയിലൂടെയാണ് കലാരംഗത്ത് സജീവമായത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചിരുന്നു.

വടക്കേ പറവൂരിലുള്ള ഗവണ്‍മെന്റ് ലോവര്‍പ്രൈമറി സ്‌കൂളിലും ഗവര്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി യൂണിവേര്‍സിറ്റി യുവജനോത്സവത്തില്‍ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.

കൊച്ചിന്‍ കലാഭവനിലാണ് മിമിക്രി ജീവിതം തുടങ്ങിയത്. പിന്നീട് ഇദ്ദേഹം കൊച്ചില്‍ സാഗര്‍ മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു. ഏഷ്യാനെറ്റില്‍ മുന്‍പ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയില്‍ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

“ഇഷ്ടമാണ് നൂറു വട്ടം” എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സംവിധായകന്‍. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകള്‍ ഇദ്ദേഹത്തെ തേടി വന്നു. അച്ഛനുറങ്ങാത്ത വീട്, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ സിനിമകള്‍ സലിംകുമാറിലെ അഭിനയ വൈഭവത്തെ വിളിച്ചറിയിച്ചു.

നാലു വര്‍ഷത്തോളം, കൊച്ചിന്‍ ആരതി തിയ്യേറ്റേര്‍ഴ്‌സിന്റെ നാടകങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഈശ്വരാ, വഴക്കില്ലല്ലോ എന്ന പേരില്‍ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനിതയാണ് ഭാര്യ. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.

We use cookies to give you the best possible experience. Learn more