| Wednesday, 10th June 2026, 5:15 pm

എനിക്കിപ്പോൾ 46, ആശുപത്രി രജിസ്റ്ററിൽ 56 ; ഒടുവിൽ അതെ ആശുപത്രിയിൽനിന്നും 56ാം വയസിൽ മടക്കം

കെ.എസ് ഷാബിന

മലയാള സിനിമയിൽ നികത്താൻ കഴിയാത്ത വിടവാണ് മഹാനടൻ സലിം കുമാറിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് കാലം മലയാളികളെ ചിരിപ്പിച്ച ശേഷമാണ് ഈ മടക്കം. ഹാസ്യ കഥാപാത്രങ്ങളിലൂടെ ആദ്യം നമ്മളെ ചിരിപ്പിച്ച ശേഷം അവസാനം കണ്ണീരിലാഴ്ത്തിയാണ് അദ്ദേഹം മടങ്ങിയത്.

സിനിമയിൽ നർമം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപിപ്പിച്ച സലിം കുമാർ ജീവിതത്തിലും ആ നർമം കാത്തുസൂക്ഷിച്ചിരുന്നു. തന്റെ ജീവിതത്തിൽ നടന്ന ഏതൊരു വേദനിപ്പിക്കുന്ന ഓർമ്മകളെയും അദ്ദേഹം തമാശ നിറഞ്ഞ വാക്കുകളിലൂടെ വളരെ നിസാരമായി പങ്കുവെക്കാറുണ്ടായിരുന്നു. ജീവിതത്തിൽ വലിയ ഒരു കരൾ രോഗം തന്നെ ബാധിച്ചപ്പോഴും അതിനെ ഒരു ചെറു പുഞ്ചിരിയോടെയാണ് അദ്ദേഹം അതിനെ നേരിട്ടത്.

സലിം കുമാർ .Photo; Screengrab

വർഷങ്ങൾക്കു മുമ്പ്, തൻ്റെ കരൾ ശസ്ത്രക്രിയയെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവേ, നടൻ സലിം കുമാർ രസകരമായൊരു സംഭവം പങ്കുവെച്ചിരുന്നു. സ്വന്തം ജീവന് തന്നെ ഭീഷണി ആയിരുന്ന ഒരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം തമാശയോടെ സംസാരിച്ചത്.

ഡോക്ടർമാരുടെ നിർദേശപ്രകാരം ഓപ്പറേഷന് മുമ്പ് മാതാ അമൃനന്ദമയിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം അമ്മയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു,

‘എനിക്കൊരു പരാതി പറയാനുണ്ട്. എനിക്കിപ്പോൾ 46 വയസെ ആയിട്ടുള്ളൂ. പക്ഷേ അമൃത ആശുപത്രിയുടെ രജിസ്റ്ററിൽ 56 വയസ്സ് എന്നാണ് എഴുതിയിരിക്കുന്നത്. അതൊന്ന് മാറ്റിത്തരണം…’അത് കേട്ട് അമ്മ ഒരുപാട് ചിരിച്ചുവെന്നും അദ്ദേഹം ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സലിം കുമാർ.Photo:India Today

എന്നാൽ വർഷങ്ങൾക്കിപ്പുറം, അതേ അമൃത ആശുപത്രിയിൽ നിന്ന് സലിംകുമാർ എന്ന പ്രിയ കലാകാരന്റെ ഭൗതികശരീരം ഏറ്റുവാങ്ങി കുടുംബവും, സുഹൃത്തുക്കളും മടങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ പ്രായം കൃത്യം 56 ആണ്.

ജീവിതം ചിലപ്പോൾ എഴുതിവയ്ക്കുന്ന യാദൃശ്ചികതകൾ, ഒരു തിരക്കഥാകൃത്തിനും സങ്കൽപ്പിക്കാൻ കഴിയാത്തത്ര വിചിത്രമായിരിക്കും. അദ്ദേഹം ചിരിയോടെ ഓർത്തെടുത്ത ആ വാക്കുകൾ ഇന്ന് മലയാളികൾക്ക് വിങ്ങലായി മാറുകയാണ്.

Content Highlight: Salim Kumar’s past words deeply grief his fans

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more