| Tuesday, 4th August 2026, 10:52 pm

സഞ്ജുവില്ല, ബ്ലൂ ടൈഗേഴ്‌സിനെ സാലി നയിക്കും; ബേസില്‍ തമ്പിക്കും റോള്‍

ശ്രീരാഗ് പാറക്കല്‍

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ വീണ്ടും സലി സാംസണ്‍ നയിക്കും. ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി, രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ സീസണില്‍ ടീമിനെ നയിച്ച പേസ് ബൗളര്‍ ബേസില്‍ തമ്പിയെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സീസണില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസവും ടീമിന്റെ സഹഉടമയുമായ ക്രിസ് ഗെയിലും ടീം ഉടമ സുഭാഷ് മാനുവലും ചേര്‍ന്നാണ് ലണ്ടനില്‍ നടന്ന ചടങ്ങില്‍ ടീമിന്റെ നേതൃത്വ നിര പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച സലി സാംസണിന്റെ നേതൃത്വ മികവും ബേസില്‍ തമ്പിയുടെ അനുഭവസമ്പത്തും ഇത്തവണയും ടീമിന് കരുത്താകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

ഇതിനൊപ്പം ‘വണ്‍സ് എ ബ്ലൂ ടൈഗേഴ്‌സ് ഓള്‍വൈസ് എ ബ്ലൂ ടൈഗേഴ്‌സ്’ എന്ന പുതിയ ടീം സ്ലോഗണും ക്രിസ് ഗെയില്‍ അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ സീസണില്‍ സലി സാംസണ്‍ പ്രകടിപ്പിച്ച അസാധാരണമായ നേതൃത്വപാടവത്തെ പ്രശംസിച്ച ക്രിസ് ഗെയില്‍, ബേസില്‍ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് പറഞ്ഞു. ഈ നേതൃത്വ കൂട്ടുകെട്ടില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും, കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കിരീടം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം കേരളത്തിലെത്തുന്ന ക്രിസ് ഗെയില്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം നേരിട്ടെത്തി കാണുമെന്നും, ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകര്‍ വലിയ തോതില്‍ സ്റ്റേഡിയത്തിലെത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

നേതൃത്വ മികവാണ് വിജയത്തിന്റെ അടിത്തറയെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. സലി സാംസണിന്റെയും ബേസില്‍ തമ്പിയുടെയും നേതൃത്വത്തില്‍ ബ്ലൂ ടൈഗേഴ്സ് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ കരുത്തുറ്റ ടീമിനെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Sali Samson will once again lead the defending champions, Kochi Blue Tigers, in the third season of the Kerala Cricket League

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more