നടനായും റാപ്പറായും ശ്രദ്ധ നേടുമ്പോഴും ബേബി ജീനിന്റെ കരിയര്‍ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന കാലം, സംഗീതത്തിലേക്ക് തിരിഞ്ഞപ്പോള്‍ നേരിടേണ്ടിവന്ന നിരുത്സാഹപ്പെടുത്തലുകള്‍, പതുക്കെ സ്വന്തം ഇടം കണ്ടെത്തിയ അനുഭവങ്ങള്‍ തുടങ്ങി തന്റെ വളര്‍ച്ചയുടെ വഴികളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പുതിയ ചിത്രം ‘ടൈറ്റന്‍സി’ന്റെ ഭാഗമായി ഒറിജിനല്‍സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേബി ജീന്‍.
മൂന്ന് വര്‍ഷം മുന്‍പുവരെ 3,000 മുതല്‍ 7,000 രൂപ വരെയായിരുന്നു തന്റെ ശമ്പളമെന്ന് ബേബി ജീന്‍ പറയുന്നു. ജോലിക്കൊപ്പം കൊളാബറേഷനുകളും ഫോട്ടോഷൂട്ടുകളുമൊക്കെ ചെയ്താണ് അധിക വരുമാനം കണ്ടെത്തിയിരുന്നത്. സംഗീതം പെട്ടെന്ന് വിജയിച്ച ഒന്നല്ലെന്നും ഒരേസമയം ജോലിയും എഴുത്തും ഷൂട്ടിങ്ങുമെല്ലാം മുന്നോട്ടുകൊണ്ടുപോയാണ് കരിയര്‍ വളര്‍ത്തിയെടുത്തതെന്നും താരം വ്യക്തമാക്കി.
‘ഞാന്‍ വളരെ പതുക്കെയാണ് ഇതൊരു കരിയറാക്കി കൊണ്ടുവന്നത്. ഇവിടെ ഒരു ബുട്ടിക്കില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കെ തന്നെയാണ് എഴുതുന്നത്. ഗ്യാപ് നോക്കി ഷൂട്ടിന് പോകും. കരിയര്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ മറ്റേതിന്റെ പ്രയോറിറ്റി കുറയ്ക്കും. എന്റെ ഒരു ട്രാക്ക് പെട്ടെന്ന് ഹിറ്റായിട്ട് റിയലൈസ് ചെയ്തതല്ല,’ ബേബി ജീന്‍ പറഞ്ഞു.
സംഗീത പരിപാടികള്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് വരുമാനം ആറക്ക സംഖ്യയിലേക്ക് ഉയര്‍ന്നതെന്നും താരം പറയുന്നു. അതിനുശേഷം സ്വന്തമായി നല്ലൊരു ഇടത്തേക്ക് മാറാനും ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനും കഴിഞ്ഞു. എന്നാല്‍, ജീവിതത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറായിരിക്കണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും ബേബി ജീന്‍ പറയുന്നു.
”നമ്മള്‍ക്ക് ഇന്ന് ഈ പരിപാടിയൊന്നും ഇല്ലെങ്കില്‍ നാളെ പെയിന്റ് പണിക്ക് പോകും. നമ്മള് റെഡി ടു സര്‍വൈവ് ആണ്,’താരം പറഞ്ഞു.
സംഗീതത്തെ കരിയറാക്കാനുള്ള തീരുമാനത്തിന് തുടക്കത്തില്‍ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നില്ല. ഡിസൈനിങ് പഠിക്കാനാണ് എറണാകുളത്തേക്ക് പോയത്. പിന്നീട് ജോലിക്കൊപ്പം സംഗീതവും എഴുത്തും മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചുറ്റുമുള്ളവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു.
‘എന്തെങ്കിലും ജോലിയെടുത്ത് ജീവിക്ക് മോനെ എന്ന് പറയുമായിരുന്നു. ഈയടുത്ത കാലത്താണ് എല്ലാവരുടെയും മുഖമൊന്ന് തെളിഞ്ഞുതുടങ്ങിയത്. എന്താണ് ചെക്കന് അവിടെ പോയി ചെയ്യുന്നതെന്നായിരുന്നു അവരുടെ ആലോചന. ഇതിന്റെ പേര് പറഞ്ഞുകൊടുത്താല്‍ ‘റാപ്പോ’ എന്ന് ചോദിക്കും,” ബേബി ജീന്‍ പറഞ്ഞു.
സംഗീതത്തിലൂടെ ഒരു കരിയര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടെ പലരില്‍ നിന്നും നിരുത്സാഹപ്പെടുത്തലുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. പാട്ട് പഠിച്ചിട്ടില്ലാത്ത താന്‍ ഗിറ്റാര്‍ വാങ്ങി പഠിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം അധികകാലം മുന്നോട്ടുകൊണ്ടുപോകാനായില്ലെന്നും താരം ഓര്‍ക്കുന്നു.
‘ഞാന്‍ പാട്ട് പഠിച്ചിട്ടില്ല. ഗിറ്റാര്‍ മേടിച്ചതേ ഓര്മയുള്ളൂ. നാട്ടുകാരും വീട്ടുകാരുമൊക്കെ എതിരായിരുന്നു. രണ്ട് ദിവസമൊക്കെ പഠിക്കാന്‍ പോയി. എല്ലാവരും നിരുത്സാഹപ്പെടുത്തി. കുറേ പേരൊക്കെ എന്നോട് മിണ്ടാതെ ഇരുന്നിട്ടുണ്ട്.
അവിടെ ഫുട്ബോള്‍ കളിക്കണം. അല്ലെങ്കില്‍ നമ്മള് കൂട്ടംതെറ്റിയ ആളാകും. ആദ്യമൊക്കെ കളിച്ചിരുന്നു. പിന്നെ ഗിറ്റാറൊക്കെയായിട്ട് പോകുന്നത് കാണുമ്പോള്‍ ‘ഓനതാ പോണ്’ എന്ന് പറയും. സമ്മര്‍ദം കാരണം 20 ദിവസംകൊണ്ട് നിര്‍ത്തി,’ ബേബി ജീന്‍ പറഞ്ഞു.
റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ബേബി ജീന്‍ ഇന്ന് അഭിനയത്തിലും സജീവമാണ്. ‘ആലപ്പുഴ ജിംഖാന’, ‘മോഹിനിയാട്ടം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ ജയസൂര്യ നായകനായ ടൈറ്റന്‍സിലും ഒരു പ്രധാന വേഷത്തിലാണ് ബേബി ജീന്‍ എത്തുന്നുണ്ട്.
Content Highlight: Salary Was 3,000 Three Years Ago; I’m Ready to Take Up Painting Work Tomorrow If Needed: Baby Jean