തിരുവനന്തപുരം: ദി പയനീര്‍ പത്രത്തിന്റെ കേരള എഡിഷനില്‍ ശമ്പളമില്ലാതെ ജീവനക്കാര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം. 2026 ജൂലൈയില്‍ ആരംഭിച്ച പത്രത്തിന്റെ കേരള എഡിഷനില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നില്ലെന്ന് പരാതി.
ന്യൂദല്‍ഹി ആസ്ഥാനമായ ദി പയനീര്‍ പത്രത്തിന്റെ തെലങ്കാന, കേരള എഡിഷനുകളുടെ ഫ്രാഞ്ചൈസി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് ബണ്ടി സുധാകര്‍ ഗൗഡ ആണ് ഏറ്റെടുത്ത് നടത്തുന്നത്.
2026 ജൂലൈ ഒന്നിനാണ് ദി പയനീര്‍ ദിനപത്രത്തിന്റെ കേരള എഡിഷന്‍ ഓഫീസ് തിരുവനന്തപുരത്ത് തുറക്കുന്നത്. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍, കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം. നാഗേഷ് റാവു വന്‍സെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
2026 ജൂലൈ പതിമൂന്നിന് ദി പയനീര്‍ കേരള എഡിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് ആദ്യ കോപി നല്‍കി ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് മീഡിയ ആന്റ് പബ്ലിസിറ്റി ഡിപാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേരയും പങ്കെടുത്തിരുന്നു. പയനീര്‍ ഗ്രൂപ്പ് ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ആന്റ് മാഗസിന്‍സ് ചെയര്‍മാനും എം.ഡിയുമായി പ്രശാന്ത് തിവാരിയും ഉദ്ഘാടന ചടങ്ങിനുണ്ടായിരുന്നു.
ദി പയനീറിന്റെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുന്നത് സുധാകര്‍ ഗൗഡ് ബണ്ടിയുടെ അമോഘ് പബ്ലിക്കേഷന്‍ നെറ്റ്‌വര്‍ക്ക്‌സ് ആണ്. പത്രത്തിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറും ബണ്ടി തന്നെയാണ്. 2026 ജൂണ്‍ രണ്ടിന് ഇന്‍കോര്‍പ്പറേറ്റ് ചെയ്ത സ്ഥാപനമാണ് അമോഘ് പബ്ലിക്കേഷന്‍.
ജൂലൈയില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പത്രത്തില്‍ പതിനഞ്ചിലധികം ജീവനക്കാരുണ്ട്. ഒക്ടോബര്‍ ആയിട്ടും ഒരു മാസത്തെ ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചതെന്നാണ് കിട്ടിയ വിവരം. ശമ്പളം ലഭിക്കാതായപ്പോള്‍ റിപ്പോര്‍ട്ടര്‍മാരും ജേണലിസ്റ്റുകളും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയെങ്കിലും ട്രെയിനി ജേണലിസ്റ്റുകളെ വെച്ച് പത്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയാണ് എന്നാണ് ഡൂള്‍ ന്യൂസിന് ലഭിച്ച വിവരം.
പ്രശ്‌നം പരിഹരിക്കാം എന്ന് പറയുന്നതല്ലാതെ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് പ്രതികരണമില്ലെന്നും സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും വരുമാനത്തിന്റെയോ നടത്തിപ്പിന്റെയോ കാര്യത്തില്‍ സുതാര്യത ഇല്ല എന്ന് അറിയാന്‍ കഴിഞ്ഞു.
പത്രത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുധാകര്‍ ഗൗഡ് ബണ്ടിയല്ലാതെ സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് മാനേജ്‌മെന്റുമായി ആശയവിനിമയം നടത്താന്‍ മറ്റൊരാളില്ല. എച്ച്.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇല്ലാതെ ചെയര്‍മാന്‍ നേരിട്ടാണ് ജീവനക്കാരുമായി ബന്ധപ്പെടുന്നത്.
ഇമെയിലുകള്‍ക്കോ ഫോണ്‍കോള്‍ക്കോ മറുപടിയില്ലെന്നും വാട്‌സ്ആപ് വഴിയല്ലാതെ മറ്റൊരു ആശയവിനിമയ മാധ്യമവും ചെയര്‍മാന്‍ ഉപയോഗിക്കുന്നില്ല എന്നും വിവരം ലഭിച്ചു. പലതവണ ചോദിച്ചിട്ടും നല്‍കാം എന്ന് പറയുന്നതല്ലാതെ വാഗ്ദാനം ഇത് വരെ പാലിച്ചില്ലെന്നും ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇതേ മാനേജ്‌മെന്റിന്റെ കീഴിലുള്ള തെലങ്കാന എഡിഷനിലും സമാന അവസ്ഥ ആണെന്നും ശമ്പളം മുടങ്ങിയതിനാല്‍ ജേണലിസ്റ്റുകള്‍ പലരും ജോലി ഉപേക്ഷിച്ച് പോയി എന്നറിയാന്‍ കഴിഞ്ഞു. ജൂലൈയില്‍ പ്രവര്‍ത്തനമാരംഭിച്ച പത്രത്തിലെ ജീവനക്കാര്‍ക്ക് ഇത് വരെ ഒരുമാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചിരിക്കുന്നത്. അത് പോലും വൈകിയാണ് കിട്ടിയതെന്നാണ് വിവരം.
ഈ വിഷയത്തെപ്പറ്റി സ്ഥാപനത്തിന് പറയാനുള്ളത് അറിയാന്‍ ഡൂള്‍ന്യൂസ് ഇ-മെയില്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.
Content Highlight: Salary Crisis Hits The Pioneer Kerala Edition; Employees Unpaid Since July Launch