വാഴ 2ന്റെ ഗംഭീര കുതിപ്പിലും മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായെങ്കിലും രണ്ടാം ഭാഗം ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 40 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. 140 സ്‌ക്രീനുകളില്‍ നിന്ന് 220 സ്‌ക്രീനുകളിലേക്ക് ഉയരാനും ചിത്രത്തിന് സാധിച്ചു.
ഭരതനാട്യം നിര്‍ത്തിയ അതേ പോയിന്റില്‍ നിന്ന് തന്നെയാണ് മോഹിനിയാട്ടം ആരംഭിക്കുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഴോണര്‍ ഷിഫ്റ്റും സംവിധായകന്‍ നടത്തിയിട്ടുണ്ട്. ഫീല്‍ ഗുഡ് ഴോണറില്‍ നിന്ന് ഡാര്‍ക്ക് കോമഡിയിലേക്കാണ് ചിത്രം മാറിയത്. ഡാര്‍ക്ക് കോമഡി സിനിമകളില്‍ മലയാളത്തിലെ ബെഞ്ച്മാര്‍ക്കായി മോഹിനിയാട്ടത്തെ പലരും വിലയിരുത്തുന്നുണ്ട്.
സൈജു കുറുപ്പിന്റെ 150ാമത് സിനിമ കൂടിയാണ് മോഹിനിയാട്ടം. കരിയറിലെ ബെഞ്ച്മാര്‍ക്ക് സിനിമയില്‍ വ്യത്യസ്തമായ ടൈറ്റില്‍ കാര്‍ഡും സൈജു കുറുപ്പിന് ലഭിച്ചിട്ടുണ്ട്. SK 150 എന്നാണ് താരത്തിന് ലഭിച്ച ടൈറ്റില്‍ കാര്‍ഡ്. രജിനികാന്തിന് നല്‍കുന്ന ടൈറ്റില്‍ കാര്‍ഡിന്റെ അതേ മാതൃകയിലാണ് ഇത് അവതരിപ്പിച്ചത്. തന്റെ ടൈറ്റില്‍ കാര്‍ഡിനെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. ഇങ്ങനെയൊരു പരിപാടി സംവിധായകന്റെ ഐഡിയയായിരുന്നെന്ന് സൈജു കുറുപ്പ് പറഞ്ഞു.
‘ദാസനാണ് ഈ ടൈറ്റില്‍ കാര്‍ഡ് ഉണ്ടാക്കിയത്. എനിക്ക് അതിനെപ്പറ്റി അറിയില്ലായിരുന്നു. മിഥുന്‍ മാനുവലിന് താങ്ക്‌സ് പറയുന്ന ആ കാര്‍ഡിനെപ്പറ്റി എന്നോട് പറഞ്ഞിരുന്നു. അവന്റെ എഫ്.ബി പോസ്റ്റ് കണ്ടപ്പോഴാണ് എനിക്കും ഒരു പണി തന്നിട്ടുണ്ടെന്ന് അറിഞ്ഞത്. അതും സാധാരണ രീതിയിലല്ല. സൂപ്പര്‍സ്റ്റാര്‍ രജിനി എന്ന് എഴുതിയത് പോലെയാണ് ആ കാര്‍ഡ്.
ആദ്യം കണ്ടപ്പോള്‍ പേടിയായി. ഇതെങ്ങാനും പണിയാകുമോ, ആരെങ്കിലും ട്രോളുമോ എന്ന് ചിന്തിച്ചു. കൃഷ്ണദാസിനും എഡിറ്റര്‍ക്കും ഇക്കാര്യം പറഞ്ഞ് മെസേജയച്ചു. ആ വോയിസ് മെസേജ് കേട്ടിട്ടും അവര്‍ പ്രതികരിച്ചില്ല. എന്തും നേരിടാന്‍ തയാറായിട്ടായിരുന്നു ഞാന്‍ നിന്നത്. തിയേറ്ററില്‍ ഈ കാര്‍ഡ് കണ്ടിട്ട് ആളുകള്‍ ചിരിച്ചപ്പോഴാണ് ഈ പരിപാടി വര്‍ക്കായെന്ന് മനസിലായത്,’ സൈജു കുറുപ്പ് പറയുന്നു.
തങ്ങള്‍ ഉദ്ദേശിച്ചത് കൃത്യമായി നടന്നെന്നും 150 സിനിമയായെന്ന് ഈയടുത്താണ് അറിഞ്ഞതെന്നും സൈജു പറഞ്ഞു. വില്ലനായും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റായും നടന്ന തനിക്ക് കോമഡി വഴങ്ങുമെന്ന് തെളിയിച്ചത് വി.കെ പ്രകാശായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം തനിക്ക് കോമഡി റോളുകള്‍ ലഭിച്ചെന്നും സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saju Kurup about his title card in Mohiniyattam movie