| Wednesday, 30th July 2025, 6:52 pm

അലന്‍ ഷുഹൈബിനെ വീണ്ടും ആത്മഹത്യയിലേക്ക് തള്ളി വിടരുത്; ജീവിക്കാനനുവദിക്കണം: സജിത മഠത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അലന്‍ ഷുഹൈബിനെ വീണ്ടും ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്ന് നടിയും അലന്റെ ബന്ധുവും കൂടിയായ സജിത മഠത്തില്‍. യു.എ.പി.എ കേസില്‍ പ്രതിയായതിന്റെ പേരില്‍ ജോലി പോലും ചെയ്യാന്‍ അനുവദിക്കാതെ പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്ന അലന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ഉദ്ധരിച്ചാണ് സജിത മഠത്തിലിന്റെ പ്രതികരണം. അലനെ ജീവിക്കാന്‍ അനുവദിക്കണമെന്നും കാലുപിടിച്ചുള്ള അപേക്ഷയായി ഇതിനെ കാണണമെന്നും സജിത മഠത്തില്‍ പറഞ്ഞു.

യു.എ.പി.എ കേസില്‍ സുപ്രീം കോടതിയടക്കം ജാമ്യം അനുവദിച്ചിട്ടും പൊലീസ് വേട്ടയാടുകയാണെന്ന് അലന്‍ ആരോപിച്ചിരുന്നു. ജാമ്യ വ്യവസ്ഥകള്‍ എല്ലാം തന്നെ പാലിച്ചുകൊണ്ട് ജീവിച്ചിട്ടും, പൊലീസ് പ്രശ്‌നകാരന്‍ ആണെന്ന് പറഞ്ഞ് പരത്തി താമസിക്കുന്ന റൂമുകളില്‍ നിന്ന് ഇറക്കി വിടുന്ന സാഹചര്യം ഉണ്ടാക്കുകയും ആളുകളില്‍ നിന്ന് ഒറ്റപ്പെടുത്തുകയാണെന്നും അലന്‍ പറഞ്ഞു.

ഈ ശല്യം ചെയ്യലുകളും അതിന്റെ പേരില്‍ ആളുകള്‍ ഭയന്ന് മാറി നടക്കുന്നതും മാനസികമായി നല്ല രീതിയില്‍ ബാധിക്കുന്നുണ്ട്. ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നത് കൊണ്ട് ഒരാളെ നിരന്തരം ശല്യം ചെയ്യുകയും അയാളെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതും ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അലന്‍ ഫേസ്ബുക്കില്‍ എഴുതി.

യു.എ.പി.എ കേസില്‍ പ്രതി ആയ ഒരാള്‍ ഇവിടെ ജീവിക്കരുത് എന്ന തരത്തിലാണ് പോലീസ് പെരുമാറുന്നത് ഇതിനെതിരെ വേണമെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും അലന്‍ പറഞ്ഞു.

ഞാന്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ എറണാകുളം അഡ്വക്കേറ്റ് തുഷാര്‍ ന്റെ ഓഫീസില്‍ ജോലി ചെയുകയാണ്. കേസിന്റെ വിചാരണയും സപ്പ്‌ളി എഴുതി തീരുന്നത് വരെയും വെറുതെ ഇരിക്കണ്ട എന്നത് കൊണ്ടാണ് എറണാകുളത്തേക്ക് പോകാന്‍ കാരണം. നല്ല രീതിയില്‍ കേസുകളും കാര്യങ്ങളും പഠിക്കാന്‍ എനിക്ക് സാധിക്കുന്നുമുണ്ട്.

കോഴിക്കോട് തന്നെ നില്‍ക്കാനാണ് താല്പര്യം എങ്കിലും മാസത്തില്‍ 10 മുതല്‍ 20 ദിവസം വരെ എറണാകുളം നില്‍ക്കേണ്ടി വരുന്നതിനാല്‍ ഒരു ജോലിക്ക് പോവുക എന്നത് വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു. സുഹൃത്തുക്കള്‍ എല്ലാം പ്രാക്ടീസ് ചെയ്ത് തുടങ്ങിയിട്ടും എനിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.

ജോലിക്കായി അങ്ങോട്ട് പോകുന്നതിന് മുന്നേ തന്നെ വിചാരണയുടെ ആവിശ്യത്തിനായി സുഹൃത്തുക്കളുടെ റൂമില്‍ ഒക്കെ ആയാണ് താമസിച്ചത്. ഇപ്പോള്‍ സ്വന്തമായി റൂം എടുത്താണ് താമസിക്കുന്നത്. പക്ഷെ കഴിഞ്ഞ ജനുവരി മുതല്‍ തന്നെ വീടിന്റെ തൊട്ട് മുന്നില്‍ ഉള്ള വീട്ടിലും, സുഹൃത്തുക്കളുടെ റൂമിലും, കഴിഞ്ഞ മാസം താമസിച്ച വീട്ടിലും മഫ്തിയില്‍ ഉള്ള പോലീസുകാര്‍
പോവുകയും എന്നെ സൂക്ഷിക്കണം എന്നും ഞാന്‍ പ്രശ്‌നകാരന്‍ ആണ് എന്നും പറഞ്ഞ് ശല്യം ചെയ്യുകയാണ്.

തുടര്‍ന്ന് റൂമുകളില്‍ നിന്ന് ഇറക്കി വിടുകയോ, ആളുകളില്‍ നിന്ന് അകലം സൃഷ്ടിക്കുകയും ചെയ്തു. യു.എ.പി.എ കേസില്‍ പ്രതി ആയ ഒരാള്‍ ഇവിടെ ജീവിക്കരുത് എന്ന തരത്തില്‍ ആണ് പിണറായിയുടെ പോലീസ് സമീപിക്കുന്നത്. തീര്‍ച്ചയായും അവര്‍ ഇത് നിഷേധിക്കും.
ശല്യം ചെയ്യലും അതിന്റെ പേരില്‍ ആളുകള്‍ ഭയന്ന് മാറി നടക്കുന്നതും ഇപ്പോള്‍ നല്ല രീതിയില്‍ മാനസികമായും ബാധിക്കുന്നുണ്ട്.

ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നത് കൊണ്ട് ഒരാളെ നിരന്തരം ശല്യം ചെയ്യുകയും ഒരാളെ പറ്റി അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. കഴിഞ്ഞ ദിവസം ഹൈക്കോടതി ഒരാളെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസിന് കൃത്യമായ നിര്‍ദേശങ്ങളും താക്കീതും നല്‍കിയത് ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ്.

കിടപ്പാടം ഇല്ലാത്ത അവസ്ഥയിലേക്കും ആണ് പോലീസ് എന്നെ തള്ളി വിടാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിയമ, സമര മാര്‍ഗത്തിലൂടെ മുന്നോട്ട് പോകാന്‍ ഞാന്‍ നിബന്ധിതമാകും, അലന്‍ ഫേസ്ബുക്കില്‍ എഴുതി.

Content Highlight: Sajitha Madathil in support with Alan Shuhaib

We use cookies to give you the best possible experience. Learn more