| Saturday, 10th May 2025, 4:10 pm

ആരാണ് ശത്രു, ആര്‍ക്കെതിരെയായിരിക്കണം യുദ്ധം; എന്‍. പ്രശാന്തിന് സജി മാര്‍ക്കോസിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനാമ: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ സജി മാര്‍ക്കോസ്. ഇന്ത്യ-പാക് സംഘര്‍ഷം സംബന്ധിച്ച എന്‍. പ്രശാന്തിന്റെ പ്രതികരണത്തില്‍ അഭിപ്രായം പറയുന്നവരെ ആക്ഷേപിക്കുകയും യുദ്ധവെറി പരത്തുകയും ചെയ്യുന്ന ഒരു ഭാഗമുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അത് തെറ്റാണെന്നും സജി മാര്‍ക്കോസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എന്‍. പ്രശാന്തിനെതിരെ സജി മാര്‍ക്കോസ് രംഗത്തെത്തിയത്.

തന്റെ അപ്പൂപ്പന്മാര്‍ രണ്ടാളും പട്ടാളത്തില്‍ ആയിരുന്നുവെന്നും യുദ്ധസമാനമായ സാഹചര്യത്തില്‍ ബുദ്ധിജീവി ചമയാനും വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞെന്ന് വരുത്താനും ചിലരെങ്കിലും കാട്ടിക്കൂട്ടുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നുമായിരുന്നു എന്‍. പ്രശാന്തിന്റെ പ്രതികരണം. അവനവന്റെ നിലനില്‍പും അസ്തിത്വവും ഭാരതീയന്‍ എന്ന ഒരു വാക്കിലാണെന്നും വല്ലാതെ തലമറന്ന് എണ്ണ തേക്കരുതെന്നും എന്‍. പ്രശാന്ത് പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയെന്നോണമാണ് സജി മാര്‍ക്കോസിന്റെ പ്രതികരണം. എന്‍. പ്രശാന്തിന്റെ രണ്ടു തലമുറയിലെ കാരണവന്മാര്‍ പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗത്തില്‍ ആയിരുന്നുവെന്ന് മനസിലായെന്നും അവര്‍ രാജ്യത്തിന്ന വേണ്ടി ചെയ്ത സേവനത്തെ ഓര്‍ത്ത് അഭിമാനവുമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സജി മാര്‍ക്കോസിന്റെ കുറിപ്പ് തുടങ്ങുന്നത്.

എന്നാല്‍ ഈ അപ്പൂപ്പന്മാര്‍ക്ക് നല്ല ശമ്പളം കിട്ടിക്കാണുമല്ലോ, അല്ലാതെ രാജ്യസ്‌നേഹത്തെ പ്രതി ജീവന്‍ പണയംവെച്ച സൗജന്യ സേവനം ചെയ്തതാവില്ല എന്നും കരുതുന്നുവെന്നും സജി മാര്‍ക്കോസ് പരിഹസിച്ചു. കാര്യമായ ഒരു പ്രോട്ടക്റ്റീവ് ഗിയറും ഇല്ലാതെ നമ്മുടെ സാദാ ലൈന്മാനും ഫയര്‍ ഫോഴ്സും ചെയ്യുന്നത് അതൊക്കെ തന്നെയാണെന്നും സജി മാര്‍ക്കോസ് എന്‍. പ്രശാന്തിനോട് പറഞ്ഞു.

‘മക്കളെ വളര്‍ത്താനും പട്ടിണി കൊണ്ടും ആക്കാലത്ത് എന്റെ അപ്പച്ചന്‍ ഹൈറേഞ്ചിലെ കൊടും തണുപ്പത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ കപ്പയ്ക്ക് കാവല്‍ ഇരിക്കുകയായിരുന്നു. ‘കുടുംമത്തില്‍’ പിറക്കാത്തതുകൊണ്ട് കാര്യമായി സ്‌കൂളില്‍ പോകാനും പറ്റിയില്ല. രാജ്യസേവനം ചെയ്യാനും പറ്റിയില്ല. ഒരു സാദാ കുടിയേറ്റക്കാരന്‍ ആയിപ്പോയി. പക്ഷെ, ഗംഭീരമായി ബോംബ് ഉണ്ടാക്കുമായിരുന്നു. ഞങ്ങളൊക്കെ പന്നിപടക്കം എന്ന് പറയും. ഹൈ ക്വളിറ്റിയില്‍ ഉണ്ടാക്കി തരാന്‍ ഫാക്ടറികള്‍ ഇല്ല, കടിച്ചൂരാന്‍ പിന്നില്ല, സുരക്ഷിതരായി ഇരിക്കാന്‍ ബങ്കറുകള്‍ ഇല്ല, പന്നിയുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ നയതന്ത്ര ബന്ധങ്ങളില്ല. പക്ഷെ, അപ്പച്ചനെക്കുറിച്ച് ഒരു അഭിമാനക്കുറവും ഇല്ല. തോളില്‍ പതക്കങ്ങളും മാസാമാസം ശമ്പളവും ജോലി കഴിഞ്ഞ് പെന്‍ഷനും ഇല്ലായിരുന്നുവെന്ന് മാത്രം. വിശപ്പ് മാത്രമായിരുന്നു ഏക ഡ്രൈവിങ് ഫോഴ്‌സ്. താങ്കളുടെ പിതാഹാന്മാര്‍ ഇതൊന്നും ഇല്ലാതെ ‘രാജ്യ സേവനം’ ചെയ്തവര്‍ ആയിരിക്കും എന്ന് ഊഹിക്കട്ടേയോ?,’ സജി മാര്‍ക്കോസ് കുറിച്ചു.

യുദ്ധ സമയത്തെ ഭാരതീയരുടെ ഐക്യത്തെ സംബന്ധിച്ച് എന്‍. പ്രശാന്ത് നടത്തിയ പ്രസ്താവന തെറ്റാണെന്നും സജി മാര്‍ക്കോസ് പറഞ്ഞു.

‘യുദ്ധമില്ലാത്തപ്പോള്‍ അതായത് സമാധാനമുള്ളപ്പോള്‍ ആണ് നമ്മള്‍ കൂടുതല്‍ കൂടുതല്‍ ഐക്യത്തോടെ നില്‍ക്കേണ്ടത്. നമ്മുടെ ശത്രു പാകിസ്ഥാനും തുര്‍ക്കിയുമല്ല, അത് അയല്‍ രാജ്യങ്ങള്‍ ആണ്. 77 വര്‍ഷമായിട്ടും നമുക്കും അവരെ നമ്മുടെ പക്ഷത്ത് കൊണ്ടുവന്ന് അവിടെത്തെ ഭീകരരരെ ഒഴിപ്പിക്കാന്‍ നമുക്കും കഴിഞ്ഞില്ല. പട്ടിണിയും ദാരിദ്ര്യവും ആണ് നമ്മുടെ ശത്രു. ഭാരതത്തിന്റെ സമ്പത്തിന്റെ 80% വിരലില്‍ എണ്ണാവുന്നവരുടെ കൈകളിലാണ്. അവരാണ് നമ്മുടെ ശത്രു. നമ്മുടെ മുഴുവന്‍ ഭരണസംവിധാനവും അവരുടെ കൈകളില്‍ ആണ്. അവരാണ് നമ്മുടെ ശത്രു,’ സജി മാര്‍ക്കോസ് ചൂണ്ടിക്കാട്ടി.

ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് നമ്മുടെ പല നിയമങ്ങളും നിര്‍മിക്കപ്പെടുന്നതും പരിപാലിക്കപ്പെടുന്നതെന്നും സജി മാര്‍ക്കോസ് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ സപ്ലൈ ചെയ്ത് സംഘര്‍ഷം നിലനിര്‍ത്തുന്നവരാണ് നമ്മുടെ ശത്രു. ലോകത്ത് യുദ്ധമില്ലാതെ നശിച്ചുപോകുന്ന ഒരു രാജ്യമേ ലോകത്തെ ഉള്ളു, അവരാണ് നമ്മുടെ ശത്രുവെന്നും സജി മാര്‍ക്കോസ് ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനഗറില്‍ വെച്ച് പരിചയപ്പെട്ട, കീഴടങ്ങിയ മോഹസീന്‍ എന്ന ഭീകരന് ആര്‍ക്കെതിരെയാണ് അവന്‍ ആക്രമണം നടത്തുന്നതെന്ന് പോലും അറിയില്ലായിരുന്നുവെന്നും സജി മാര്‍ക്കോസ് പറഞ്ഞു. മയക്കുമരുന്ന് കൊടുത്തും ഭീകരമായി പീഡിപ്പിച്ചും ട്രെയിനിങ് കഴിയുന്ന, നമ്മള്‍ പറയുന്ന ഭീകരരും ഒരര്‍ത്ഥത്തില്‍ ഇരകളാണെന്നും സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു.

ശത്രു രാജ്യത്ത് നീതി നടപ്പാക്കണമെന്ന് കരുതുന്നവര്‍ അത്ര വെടിപ്പല്ലെന്ന എന്‍. പ്രശാന്തിന്റെ പരാമര്‍ശത്തെയും സജി മാര്‍ക്കോസ് വിമര്‍ശിച്ചു.
അറിവില്ലാത്ത കാര്യങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയരുതെന്ന പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്തു. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താങ്കളുടെ യോഗ്യത എന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു സജി മാര്‍ക്കോസ് പ്രതികരിച്ചത്.

അതേസമയം ഇന്ത്യയില്‍ നുഴഞ്ഞുകയറിയ എല്ലാ ഭീകരരെയും നിയമപരമായി ശിക്ഷിക്കണമെന്നും നിയമ വാഴ്ചയുള്ള നാടാണ് ഇന്ത്യയെന്നും സജി മാര്‍ക്കോസ് പറഞ്ഞു. ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പരിശീലിപ്പിക്കുന്ന എല്ലാ ട്രെയിനിങ് കേന്ദ്രങ്ങളും നശിപ്പിക്കണമെന്നും അതിനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഈ ഭീകരാക്രമണം തടയാതിരുന്ന എല്ലാ ഇന്റലിജിന്‍സ് ഉദ്യോഗസ്ഥരെയും ഭരണകര്‍ത്താക്കളെയും കുറിച്ച് അന്വേഷിക്കണമെന്നും സജി മാര്‍ക്കോസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം, ഇനിയിത് ഇന്ത്യയില്‍ ഉണ്ടായിക്കൂടാ എന്നും സജി മാര്‍ക്കോസ് പറഞ്ഞു.

Content Highlight: Saji Markose’ reply to N. Prashanth

We use cookies to give you the best possible experience. Learn more