കോഴിക്കോട്: ഗസയില്‍ വംശഹത്യ നടന്നതായി തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനമെന്ന എസ്സെന്‍സ് ഗ്രൂപ്പ് പ്രതിനിധിയുടെ വെല്ലുവിളി ഏറ്റെടുത്ത് സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ സജി മാര്‍ക്കോസ്. വംശഹത്യ നടന്നതായി തെളിയിച്ചാല്‍ ഒരു തുക ഇനാം പ്രഖ്യാപിച്ചുകൊണ്ട് ചില വെബ് ഹാന്‍ഡിലുകള്‍ നടത്തിയ വെല്ലുവിളി നിബന്ധനകളോടെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
തന്റെ പോസ്റ്റില്‍ പലരും വന്ന് പലപ്പോഴും സംവാദത്തിന് വെല്ലുവിളികള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അന്നൊന്നും താനത് സ്വീകരിച്ചില്ലെന്നും സജി മാര്‍ക്കോസ് പറഞ്ഞു. എന്നാല്‍ ലോകത്തില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റവും പൈശാചികമായ ഒരു നരവേട്ടയെ പലരും ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്ന കാരണത്താല്‍ ഇരകളോടുള്ള തന്റെ വ്യക്തിപരമായ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗസയിലേത് വംശഹത്യ അല്ലെന്ന വാദമാണ് എസ്സെന്‍സ് ഗ്രൂപ്പ് പ്രചരിപ്പിക്കുന്നത്. ആഗസ്റ്റ് രണ്ടിന് എസ്സെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ ടോമി സെബാസ്റ്റ്യനും മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനുമായി സംവാദം നടന്നിരുന്നു. ആ സംവാദത്തെ തുടര്‍ന്നായിരുന്നു എസ്സെന്‍സ് ഗ്രൂപ്പ് ഗസയിലേത് വംശഹത്യ ആണെന്ന് തെളിയിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തിയത്. ഇതേത്തുടര്‍ന്നാണ് സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സജി മാര്‍ക്കോസ് വന്നത്. വംശഹത്യ നടത്തുന്നുവെന്ന് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഒമ്പത് നിബന്ധനകളും സജി മാര്‍ക്കോസ് മുന്നോട്ട് വെക്കുന്നുണ്ട്.
നിബന്ധനകള്‍
1. ‘വംശഹത്യ’ എന്നതിന്റെ നിര്‍വ്വചനം United Nations Convention on the Prevention and Punishment of the Crime of Genocide (1948) ആയിരിക്കും.
2. ഗസയില്‍ 2023 മുതല്‍ വംശഹത്യ നടക്കുന്നു എന്നതാണ് എന്റെ വാദം.
3. സ്വാഭാവികമായും വെല്ലുവിളി അനുസരിച്ച് മറുവാദം ഗസയില്‍ വംശഹത്യ നടക്കുന്നില്ല എന്നതാണ്.
4. ഇതില്‍ ഏത് വാദം ആണ് തെളിയിക്കപ്പെട്ടത് എന്ന് തീരുമാനിക്കുന്നത് മൂന്നംഗ പാനലിന്റെ ഭുരിപക്ഷ അഭിപ്രായം ആയിരിക്കും. (കാരണം സാക്ഷാല്‍ നെതന്യാഹു ഇതൊരു വംശഹത്യ ആയിരുന്നു എന്ന സമ്മതിച്ചാലും പലരും സമ്മതിക്കും എന്ന് കരുതുന്നില്ല)
5. മൂന്നംഗ പാനലില്‍ ഒരാളെ ഞാനും ഒരാളെ എതിര്‍കക്ഷിക്കും നിര്‍ദേശിക്കാം. മൂന്നാമനെ ഇരു കക്ഷികളും ചേര്‍ന്ന് തീരുമാനിക്കണം. രണ്ടു കക്ഷികള്‍ക്കും ഏകാഭിപ്രായം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് അംഗങ്ങള്‍ക്ക് പൊതുസ്വീകാര്യനായ ആള്‍ ആകും. അത് ചലഞ്ച് ചെയ്യാന്‍ രണ്ടു കക്ഷികള്‍ക്കും അവകാശം ഇല്ല. (മൂന്നാമത്തെ അംഗം എസ്സെന്‍സ് ഗ്ലോബല്‍ എന്ന സംഘടനയുമായി പ്രത്യക്ഷമോ പരോക്ഷമോ ആയി ബന്ധമുള്ള വ്യക്തി ആകാന്‍ പാടില്ല)
6. വ്യക്ത്യാധിക്ഷേപങ്ങള്‍, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പോലും പൂര്‍ണമായും ഒഴിവാക്കണം.
7. ഇരുകക്ഷികളുടെയും വാദങ്ങള്‍ക്ക് ആധാരമായ ഡോക്യുമെന്റുകള്‍, രേഖകള്‍, വിവരങ്ങള്‍ എന്നിവയുടെ ആധികാരികത പരിശോധിച്ച് ബോധ്യപ്പെടേണ്ടതാകയാല്‍, സംവാദശേഷം പാനലിന് ചുരുങ്ങിയത് ഒരു ദിവസം, പരമാവധി നാല് ദിവസം ലഭിക്കും. അത് കഴിഞ്ഞ് മാത്രമേ സംവാദഫലം പുറത്ത് വിടേണ്ടതുള്ളൂ.
8. സംവാദം പൂര്‍ണമായല്ലാതെ കട്ട് ചെയ്ത പ്രസിദ്ധപ്പെടുത്തുവാന്‍ മറുകക്ഷിയുടെ അനുവാദം നിര്‍ബന്ധമാണ്. പൂര്‍ണമായി പ്രസിദ്ധപ്പെടുത്തുവാന്‍ അനുവാദം ആവശ്യമില്ല, ഈ നിബന്ധന ഇരു കക്ഷികള്‍ക് മാത്രം ബാധകം.
9. ഇരു കക്ഷികളുടെയും അവര്‍ അസോസിയേറ്റ് ചെയ്യുന്ന സംഘടനകളുടെയും പ്ലാറ്റുഫോമുകളില്‍ വീഡിയോ സംവാദം നടത്താന്‍ പാട്ടുള്ളതല്ല. (തോറ്റാലും ഹിറ്റ്, ഹിറ്റില്‍ നിന്നും പൈസ – എന്ന ഐഡിയ പാടില്ല എന്നര്‍ത്ഥം ). അതിന് വേണ്ടി ജഡ്ജിങ് പാനല്‍ അഡ്മിന്‍ ആയ മറ്റൊരു FB പേജ് / യൂട്യൂബ് ചാനല്‍ ആരംഭിക്കുകയോ, മറ്റെന്തെങ്കിലും മാര്‍ഗം ഉഭയകക്ഷിസമ്മതത്തോടെ ആരംഭിക്കാവുന്നതാണ്. വീഡിയോ സംവാദം പ്രയോഗികമല്ലെങ്കില്‍ ടെക്സ്റ്റ് ആയും നടത്താവുന്നതാണ്.
ഞാന്‍ ജയിക്കുമ്പോള്‍ (അതില്‍ എനിക്ക് ഒരു സംശയവുമില്ല) ലഭിക്കുന്ന തുക യൂണിസെഫിന് കൊടുക്കുന്നതായിരിക്കും. മറ്റെന്തെങ്കിലും നിബന്ധനകള്‍ ഉണ്ടെങ്കില്‍ പരിഗണിക്കാവുന്നതാണ്. ഗസയില്‍ വംശഹത്യ നടക്കുന്നില്ല എന്ന അഭിപ്രായമുള്ള ആരുമായും സംവാദത്തിന് തയ്യാറാണ്.
Content Highlight: Saji Marcos takes up Essence Group’s challenge to prove that what is happening in Gaza is genocide