| Wednesday, 21st January 2026, 11:46 am

വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍; ഇപ്പോള്‍ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചരണം

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. പ്രസ്താവന പിന്‍വലിക്കുന്നുവെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചുകൊണ്ടുള്ള പ്രചരണം വല്ലാതെ വേദനിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇത്തരം പ്രചരണങ്ങള്‍ തന്റെ ജീവിതത്തില്‍ ഇതുവരെ സ്വീകരിച്ചതും പുലര്‍ത്തിയതുമായ മതനിരപേക്ഷമായ നിലപാടുകളെ വ്രണപ്പെടുത്തുന്നു. ഇപ്പോള്‍ നടക്കുന്നത് വസ്തുതാവിരുദ്ധമായ പ്രചരണമാണെന്നും സജി ചെറിയാന്‍ പറയുന്നു.

എന്നാല്‍ തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

‘ഞാന്‍ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസിലാകാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു,’ മന്ത്രി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍ക്കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ മതിയെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.  ഈ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്ത് നിന്നും മതസംഘടനകളിൽ നിന്നും ഉയർന്നത്.

എന്നാല്‍ മതചിന്തകള്‍ക്ക് അതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വര്‍ഗീയതുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ.എം പ്രവര്‍ത്തകനെന്ന നിലയില്‍ കഴിഞ്ഞ 42 വർഷത്തെ തന്റെ പൊതുജീവിതം ഒരു വര്‍ഗീയതയോടും സമരപ്പെട്ടല്ല കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചരണം തന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. താന്‍ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും നേതാക്കള്‍ തന്നെ തെറ്റിദ്ധരിച്ചതില്‍ വേദനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത്. ഖേദം പ്രകടിപ്പിച്ച് കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് മതിയെന്നും വാര്‍ത്താ സമ്മേളനം വേണ്ടെന്നുമാണ് നിര്‍ദേശം.

നേരത്തെ, ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചെങ്ങന്നൂരില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

Content Highlight: Saji Cherian expresses regret over controversial statement

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more