| Saturday, 27th September 2025, 8:14 am

'എന്റെ പൊന്നു സജി... വേണ്ടായിരുന്നു'; അമൃതാനന്ദമയിയെ ആദരിച്ചതില്‍ സജി ചെറിയാന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അമൃതാനന്ദമയിയെ ആദരിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷവേളയിലാണ് സംസ്ഥാന സര്‍ക്കാര്‍ അമൃതാനന്ദമയിക്ക് ആദരം നല്‍കിയത്.

മന്ത്രി സജി ചെറിയാനാണ് അമൃതാനന്ദമയിയെ ആദരിച്ചത്. അമൃത വിശ്വാവിദ്യാപീഠം അമൃതപുരി ക്യാമ്പസിലാണ് പരിപാടി നടന്നത്. ഇന്ന് അമൃതാനന്ദമയിയുടെ 72 ജന്മദിനമാണ്. ചടങ്ങില്‍ കേരളത്തിന് വേണ്ടി താന്‍ അമ്മയ്ക്ക് ജന്മദിനാശംസകള്‍ അര്‍പ്പിക്കുന്നതായും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അമ്മയുടെ പ്രസംഗത്തിലൂടെ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം അമൃതാനന്ദമയിയെ ആദരിക്കുന്ന സജി ചെറിയാന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇടത് സര്‍ക്കാരിന്റെ നിലപാടുകളെയും മന്ത്രിയുടെ പരാമര്‍ശങ്ങളെയും മുന്‍നിര്‍ത്തിയാണ് ചിലര്‍ പ്രതികരിക്കുന്നത്.

നാല് വോട്ടിന് എന്തൊക്കെ ചെയ്യണം, ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ഗതികേടേ എന്നീ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ‘എന്റെ പൊന്നു സജി ഇത്രക്ക് വേണ്ടായിരുന്നു. മോഹന്‍ലാലിന് കൊടുത്ത അവാര്‍ഡ് സജിക്ക് തന്നാല്‍ മതിയായിരുന്നു. അത്ര നല്ല അഭിനയം.’ എന്നാണ് ഒരാള്‍ കുറിച്ചത്.

‘ശരിക്കും ആറ് മാസം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്തണം… ഇവന്മാരുടെ ഈ കാട്ടികൂട്ടലുകള്‍ ഒക്കെ കണ്ട് മനസിന് ഒരു സന്തോഷവും കിട്ടും,’ മറ്റൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അന്ധവിശ്വാസ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിന്റെ കാരണം തേടി ഇനി എവിടെയാണ് പോകേണ്ടതെന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം അമൃതാനന്ദമയിയെ അനുകൂലിച്ചും സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളെ വിമര്‍ശിച്ചും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

രാജ്യസഭാ എം.പിയും സി.പി.ഐ.എം നേതാവുമായ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള ഏതാനും നേതാക്കളെയാണ് ചിലര്‍ ചീത്ത വിളിക്കുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട നാഗ സൈര്യന്ധ്രിയെ ചൂണ്ടിക്കാട്ടി ‘ഇനി സര്‍ക്കാരിന്റെ ആദരം നാഗേച്ചിക്കായിരിക്കും’ എന്ന പ്രതികരണങ്ങളുമുണ്ട്.

Content Highlight: Saji Cherian criticized for honoring Amritanandamayi

We use cookies to give you the best possible experience. Learn more