| Saturday, 9th August 2025, 1:04 pm

രണ്ട് പുതുമുഖങ്ങള്‍ വന്ന് നമ്മുടെ ലാലേട്ടനെ തൂക്കിയിട്ടുണ്ടേ... ഓവര്‍സീസില്‍ ഹിറ്റടിച്ച് സൈയ്യാര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖി 2, ഏക് വില്ലന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മോഹിത് സൂരി. വമ്പന്‍ ബഡ്ജറ്റില്‍ സൂപ്പര്‍സ്റ്റാറുകളെ വെച്ച് സിനിമകള്‍ ചെയ്തിട്ടുള്ള മോഹിത് സൂരി സാംഗ്വിധാനം ചെയ്ത ചിത്രമാണ് സൈയ്യാര. പുതുമുഖങ്ങളായ അനീത് പദ്ദ, അഹാന്‍ പാണ്ഡെ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ബോളിവുഡിനെ സംബന്ധിച്ച് ലോ ബഡ്ജറ്റിലാണ് ഒരുക്കിയത്. 45 കോടിയായിരുന്നു സൈയ്യാരയുടെ ആകെ ചെലവ്.

എന്നാല്‍ ഹിന്ദിയില്‍ നിന്ന് ഈ അടുത്തകാലത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെയെല്ലാം പിന്തള്ളി റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് സൈയ്യാര. റിലീസ് ചെയ്ത് 22 ദിവസം പിന്നിട്ടപ്പോള്‍ 500 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ എമ്പുരാന്റെയും കളക്ഷനെ കടത്തിവെട്ടിയിരിക്കുകയാണ് ഈ ബോളിവുഡ് ചിത്രം.

എമ്പുരാന്റെ ഓവര്‍സീസ് കളക്ഷനാണ് സൈയ്യാര തകര്‍ത്തെറിഞ്ഞത്. ഈ വര്‍ഷം ഓവര്‍സീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ് ആയിരുന്നു എമ്പുരാന് ഉണ്ടായിരുന്നത്. എന്നാല്‍ റിലീസ് ചെയ്ത് ഒരു മാസം തികയും മുമ്പ് സൈയ്യാര ഇക്കാര്യത്തില്‍ എമ്പുരാനെ പിന്നിലാക്കി.

144.5 കോടി രൂപയുടെ വമ്പന്‍ കളക്ഷനാണ് സൈയ്യാര ഓവര്‍ സീസില്‍ നിന്ന് നേടിയത്. എമ്പുരാന്‍ 142.25 കോടിയാണ് ലൈഫ് ടൈം ഓവര്‍സീസ് കളക്ഷന്‍ നേടിയത്. സൈയ്യാര ഇപ്പോഴും വിജയകരമായി തിയേറ്ററില്‍ മുന്നേറുന്നതുകൊണ്ടുതന്നെ ഈ കണക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

സൈയ്യാരയുടെ വിജയം കണ്ട് അജയ് ദേവ്ഗണ്‍ തന്റെ ബിഗ് ബജറ്റ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. എന്നാല്‍ മൂന്നാഴ്ചക്ക് ശേഷം റിലീസ് ചെയ്തിട്ടും സണ്‍ ഓഫ് സര്‍ദാര്‍ 2വിന് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. രജിനികാന്തിന്റെ കൂലിയും ഹൃതിക് റോഷന്‍- ജൂനിയര്‍ എന്‍.ടി.ആര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന വാര്‍ 2 ഉം ഇറങ്ങുന്നതുവരെ സൈയ്യാരയുടെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Saiyyara beats Empuraan in overseas collections

We use cookies to give you the best possible experience. Learn more