| Monday, 21st July 2025, 2:46 pm

ആക്ഷന്‍ സിനിമകള്‍ മാത്രമേ 100 കോടി നേടുള്ളൂവെന്ന് പറഞ്ഞവര്‍ക്കുള്ള പ്രഹരം, സൂപ്പര്‍താരങ്ങളാരുമില്ലാതെ മൂന്നാം ദിനം 100 കോടി നേടി സൈയ്യാര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റീമേക്കുകളും ബയോപിക്കുകളും കാരണം പഴയ പ്രൗഢി നഷ്ടപ്പെട്ട അവസ്ഥയിലാണ് ബോളിവുഡ്. ഷാരൂഖ് ഖാനിലൂടെ പഴയ പ്രതാപത്തിന്റെ ട്രാക്കില്‍ ചെറുതായെങ്കിലും തിരിച്ചുകയറിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും പഴയ അവസ്ഥയിലേക്കായിരുന്നു ഇന്‍ഡസ്ട്രിയുടെ പോക്ക്. ഈ വര്‍ഷം വിക്കി കൗശല്‍ നായകനായ ഛാവ ഒഴികെ മറ്റൊരു സിനിമയും വമ്പന്‍ വിജയം സ്വന്തമാക്കിയില്ല.

ആമിര്‍ ഖാന്‍ നായകനായെത്തിയ സിതാരേ സമീന്‍ പര്‍ 300 കോടിക്കടുത്ത് നേടിയതും ആശ്വാസം സമ്മാനിച്ചു. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത് ഒരു സാധാരണ റൊമാന്റിക് ചിത്രത്തിന്റെ വിജയമാണ്. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡേ, അനീത് പദ്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹിത് സൂരി ഒരുക്കിയ സൈയ്യാര മഹാവിജയത്തിലേക്ക് കുതിക്കുകയാണ്.

ജൂലൈ 18ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം മൂന്ന് ദിവസത്തിനുള്ളില്‍ 100 കോടിയാണ് നേടിയത്. 35 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതിനോടകം പ്രോഫിറ്റ് സോണിലേക്കെത്തിക്കഴിഞ്ഞു. പലയിടത്തും ചിത്രത്തിന് വന്‍ ഡിമാന്‍ഡാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 22 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്.

ഈ വര്‍ഷത്തെ ഓപ്പണിങ് കളക്ഷനില്‍ ഛാവയുടെ തൊട്ടുപിന്നിലാണ് സൈയ്യാര. 159 കോടിയാണ് ഛാവ ആദ്യത്തെ മൂന്ന് ദിവസത്തില്‍ നേടിയത്. സൈയ്യാര 103 കോടി നേടിയാണ് സിനിമാലോകത്തെ ഞെട്ടിച്ചത്. ഒരു പുതുമുഖ താരത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വിജയമാണ് ഈ ചിത്രത്തിലൂടെ അഹാനും അനീതിനും ലഭിച്ചിരിക്കുന്നത്.

ക്രിഷ് കപൂര്‍ എന്ന ഗായകന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വാണി എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ഇരുവരുടെയും പ്രണയവും പിന്നീട് ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളും പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ചു. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ആഷിഖി 2, ഏക് വില്ലന്‍, മലംഗ് തുടങ്ങിയ റൊമാന്റിക് ചിത്രങ്ങളൊരുക്കിയ മോഹിത് സൂരി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചിട്ടില്ല. ചിത്രത്തിന്റെ വന്‍ വിജയം പല വമ്പന്‍ ചിത്രങ്ങളെയും ഭയപ്പെടുത്തിയിട്ടുണ്ട്. വാര്‍ 2വിന്റെ ട്രെയ്‌ലര്‍ ലോഞ്ച് മാറ്റിവെച്ചതും അജയ് ദേവ്ഗണിന്റെ കോമഡി ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 റിലീസ് മാറ്റിയതിനും സൈയ്യാര  ഇഫക്ടാണ് കാരണമെന്ന് പറയപ്പെടുന്നു.

Content Highlight: Saiyaara movie crossed 100 crores from box office

We use cookies to give you the best possible experience. Learn more