| Wednesday, 30th July 2025, 9:17 pm

ആമിറിനും സല്‍മാനും സാധിച്ചില്ല, ബോളിവുഡില്‍ ചരിത്രമെഴുതി സൈയ്യാര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും തിയേറ്ററുകള്‍ നിറച്ച് മുന്നേറുകയാണ് ബോളിവുഡ് ചിത്രം സൈയ്യാര. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡേ, അനീത് പദ്ദ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് താണ്ഡവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

ഇതിനോടകം 400 കോടിയാണ് സൈയ്യാര വേള്‍ഡ്‌വൈഡായി സ്വന്തമാക്കിയത്. ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ സിനിമകളില്‍ രണ്ടാം സ്ഥാനമാണ് സൈയ്യാരക്ക്. വിക്കി കൗശല്‍ നായകനായ ഛാവയാണ് ഒന്നാം സ്ഥാനത്ത്. 710 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഓഗസ്റ്റ് 14 വരെ വലിയ റിലീസുകളില്ലാത്തത് സൈയ്യാരക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

ബോളിവുഡിലെ വമ്പന്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് പോലും സാധിക്കാത്ത കാര്യമാണ് സൈയ്യാര നേടിയത്. സല്‍മാന്‍ ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ സിക്കന്ദര്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ ബോക്‌സ് ഓഫീസില്‍ നിലംപരിശാവുകയായിരുന്നു. ആമിര്‍ ഖാന്റെ സിതാരേ സമീന്‍ പര്‍ മികച്ച അഭിപ്രായം നേടി 280 കോടിയില്‍ അവസാനിച്ചു.

റോക്ക് ഗായകന്‍ ക്രിഷ് കപൂറിന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വാണി എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. കൊറിയന്‍ ചിത്രം എ മൊമന്റ് ടു റിമംബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ മോഹിത് സൂരി സൈയ്യാര ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മലംഗിന് ശേഷം മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രം ബോളിവുഡില്‍ പല ചരിത്രങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണ് സൈയ്യാരയുടേത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ക്കും അഹാനും അനീതിനും സാധിച്ചിരിക്കുകയാണ്.

യഷ് രാജ് ഫിലിംസിന്റെ ബിഗ് ബജറ്റ് ചിത്രം വാര്‍ 2, അജയ് ദേവ്ഗണിന്റെ സണ്‍ ഓഫ് സര്‍ദാര്‍ 2 എന്നിവ മാത്രമാണ് സൈയ്യാരക്ക് ഇനി വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുള്ള ചിത്രങ്ങള്‍. ഓഗസ്റ്റ് ഒന്നിനാണ് സണ്‍ ഓഫ് സര്‍ദാര്‍  2 തിയേറ്ററുകളിലെത്തുക. എട്ടാഴ്ചത്തെ തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിന് സൈയ്യാര നെറ്റ്ഫ്‌ളിക്‌സിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Content Highlight: Saiyaara movie collected 400 crores from Box Office

We use cookies to give you the best possible experience. Learn more