ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് ചെറിയ ബഡ്ജറ്റിലെത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു മോഹിത് സൂരി സംവിധാനം ചെയ്്ത് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ സൈയാര. വെറും 45 കോടി മുതല്‍മുടക്കിലെത്തിയ ചിത്രം 400 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡയെയും അനീത് പദ്ദയെയും കേന്ദ്രകഥാപാത്രമാക്കിയാണ് സംവിധായകന്‍ ഈ നേട്ടത്തിലെത്തിയത്.
അതേസമയം തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം ട്രോളന്മാരുടെ ഇരയായിരുന്നു. ഇപ്പോഴിതാ താന്‍ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് തിയേറ്ററില്‍ ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങിന് ലഭിച്ചതെന്നും അത് കണ്ട് അതിശയിച്ചു പോയെന്നും പറയുകയാണ് സംവിധായകന്‍ മോഹിത് സൂരി.
സൈയാര. Photo: screen grab/ yrf/ youtube.com
ദ ഹോളിവുഡ് റിപ്പോര്‍ട്ടറില്‍ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു മോഹിത്.
‘ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ വിചാരിച്ച പോലെയല്ല തിയേറ്ററില്‍ ആളുകള്‍ ചിത്രത്തെ സ്വീകരിക്കുക. നമ്മള്‍ മാസ്സ് രംഗമായി ചിത്രീകരിച്ച ഒരു രംഗം തിയേറ്ററില്‍ ചിലപ്പോള്‍ തമാശയായിട്ടായിരിക്കും ആളുകള്‍ എടുക്കുക. ഇത് നമ്മുടെ കണ്‍ട്രോളില്‍ നില്‍ക്കുന്ന കാര്യമല്ല.
ഉദാഹരണത്തിന് എന്റെ സൈയ്യാരയിലെ ടൈറ്റില്‍ സോങ് നായകന്‍ നായികയെ പിരിഞ്ഞിരിക്കുന്ന സമയത്തുള്ള വേദന പ്രേക്ഷകരെ അറിയിക്കാന്‍ വേണ്ടിയിട്ടായിരുന്നു പ്ലേസ് ചെയ്തത്. ശരിക്കും പ്രേക്ഷകരില്‍ സങ്കടമുണര്‍ത്താനും നായകന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു പാട്ട്. പക്ഷേ ചില തിയേറ്ററുകളില്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റ് നൃത്തം ചെയ്യുന്നവരെയാണ് ഞാന്‍ കണ്ടത്,’ മോഹിത് പറഞ്ഞു.
സൈയാര. Photo: screen grab/ yrf/ youtube.com
അത്തരത്തിലൊരു കാഴ്ച്ച തന്നില്‍ അമ്പരപ്പാണ് ഉണ്ടാക്കിയതെന്നും ഒരിക്കലും അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് തവണ സിനിമകളില്‍ ഉപയോഗിച്ച് പഴകിയ ടെക്‌നിക്ക് വീണ്ടും കൊണ്ടുവരുമ്പോള്‍ അത് വര്‍ക്ക് ചെയ്യാനുള്ള സാധ്യത കുറവാണെന്നും മോഹിത് കൂട്ടിച്ചേര്‍ത്തു.
റോക്ക് ഗായകനായ കൃഷ് കപൂറിന്റെയും വാണി എന്ന പെണ്‍കുട്ടിയുടെയും പ്രണയബന്ധത്തെ ആസ്പദമാക്കിയാണ് സൈയാരയുടെ കഥ. കൊറിയന്‍ ചിത്രം എ മൊമന്റ് ടു റിമബറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രം 2013 ല്‍ പുറത്തിറങ്ങിയ ആഷിഖി 2 വുമായാണ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്.
Content Highlight: saiyaara director mohit suri talks about how people treated saiyaara song in theatre