| Monday, 14th October 2013, 5:30 pm

സീസണിലെ ആദ്യ കിരീടമോഹവുമായി സൈന ഡന്‍മാര്‍ക്ക് ഓപ്പണിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഡന്‍മാര്‍ക്ക്: ഐ.ബി.എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ  ഒന്നരമാസത്തോളമുള്ള വിശ്രമത്തിനു ശേഷം ഇന്ത്യയുടെ മുന്‍നിര വനിതാ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍ വീണ്ടൂം കോര്‍ട്ടിലേക്കെത്തുന്നു.

2013ലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ഡന്‍മാര്‍ക്ക് ഓപ്പണില്‍ സൈന പോരിനിറങ്ങുകയാണ്. ബുധനാഴ്ചയാണ് നിലവിലെ ചാംപ്യനായ സൈനയുടെ ആദ്യ മത്സരം. ബള്‍ഗേറിയയുടെ സ്റ്റെഫാനി സ്റ്റോയിവയാണ് ടൂര്‍ണ്ണമെന്റിലെ നാലാം സീഡായ സൈനയുടെ ആദ്യ എതിരാളി.

ഡന്‍മാര്‍ക്കില്‍ കിരീടം നിലനിര്‍ത്താനാവുമെന്ന് തന്നെയാണ് സൈനയുടെ പ്രതീക്ഷ. “കഴിഞ്ഞ തവണ ഞാനിവിടെ ജേതാവായിരുന്നു. കിരീടം നിലനിര്‍ത്തുകയെന്നത് പ്രയാസകരമാണ്. പക്ഷെ അതിന് സാധിക്കുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ. സൈന പറഞ്ഞു”.

ഐ.ബി.എല്ലിലെ തകര്‍പ്പന്‍ ഫോം ഡന്‍മാര്‍ക്കിലും തുടരാനാവുമെന്ന് തന്നെയാണ് കരുതുന്നതെന്നും സൈന കൂട്ടിച്ചേര്‍ത്തു. ആദ്യ ഐ.ബി.എല്‍ ടൂര്‍ണ്ണമെന്റില്‍ ഹൈദരാബാദിനായി കളിക്കാനിറങ്ങിയ സൈന മികച്ച ഫോമിലായിരുന്നു.

ടൂര്‍ണ്ണമെന്റില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ പോലും സൈന പരാജയപ്പെട്ടിരുന്നില്ല. ഐ.ബി.എല്ലിന് ശേഷം വിശ്രമത്തിനായി കുറച്ച് ടൂര്‍ണ്ണമെന്റുകള്‍ ഒഴിവാക്കിയിരുന്നു. ഡന്‍മാര്‍ക്ക് ഓപ്പണോടെ വീണ്ടും കോര്‍ട്ടില്‍ സജീവമാകുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം.

Latest Stories

We use cookies to give you the best possible experience. Learn more