| Friday, 26th September 2025, 9:48 am

ബുംറയെ ആറ് സിക്‌സടിക്കാന്‍ വന്നവന്‍ ചരിത്ര നാണക്കേടില്‍; അനാവശ്യ നേട്ടമെഴുതി സയീം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ വീണ്ടും പൂജ്യത്തിന് പുറത്തായി പാകിസ്ഥാന്‍ യുവതാരം സയീം അയൂബ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലാണ് താരം വീണ്ടും ഡക്കായത്. സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മൂന്ന് പന്ത് നേരിട്ട സയീം റണ്‍സ് ഒന്നും ചേര്‍ക്കാനാവാതെ മടങ്ങുകയായിരുന്നു. ഇത് നാലാം തവണയാണ് താരം ടൂര്‍ണമെന്റില്‍ പൂജ്യത്തിന് പുറത്താവുന്നത്.

ഈ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ ആദ്യ രണ്ട് മത്സരത്തില്‍ സയീം ഗോള്‍ഡന്‍ ഡക്കായിരുന്നു. ഇത് ഒമാനെതിരെയും ഇന്ത്യക്കെതിരെയുമായിരുന്നു. പിന്നാലെ യു.എ.ഇക്കെതിരെ മൂന്ന് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് മടങ്ങി.

അതിന് ശേഷം സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ വീണ്ടും ഇറങ്ങിയപ്പോള്‍ 21 റണ്‍സും ശ്രീലങ്കക്കെതിരെ മൂന്ന് പന്തില്‍ രണ്ട് റണ്‍സും നേടി. ഇതിന് പിന്നാലെയാണ് താരം വീണ്ടും റണ്‍സൊന്നും എടുക്കാതെ മടങ്ങിയത്.

ഇതോടെ ഒരു അനാവശ്യ നേട്ടമാണ് സയീം സ്വന്തം പേരിലാക്കിയത്. ടി – 20  ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഒരു എഡിഷനില്‍ നാല് ഡക്കിന് പുറത്താവുന്ന ആദ്യ താരമായിരിക്കുകയാണ് പാക് ബാറ്റര്‍. കൂടാതെ, ഇങ്ങനെ പുറത്താവുന്ന ആദ്യ ഫുള്‍ മെമ്പര്‍ നേഷന്‍ താരം കൂടിയാണ് സയീം.

ഒരു ടി – 20 ടൂര്‍ണമെന്റ്/ സീരിസില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ താരം

(താരം – ടീം – എണ്ണം – പരമ്പര – വര്‍ഷം എന്നീ ക്രമത്തില്‍)

സയീം അയൂബ് – പാകിസ്ഥാന്‍ – 4 – ഏഷ്യാ കപ്പ് – 2025

ആന്ദ്രെ ഫ്‌ലെച്ചര്‍ – വെസ്റ്റ് ഇന്‍ഡീസ് – 3 – ടി – 20 ലോകകപ്പ് – 2009

മഷ്റഫെ മൊര്‍ത്താസ – ബംഗ്ലാദേശ് – 3 – ഏഷ്യാ കപ്പ് – 2016

റെജിസ് ചകബ്വ – സിംബാബ്വേ – 3 – ടി-20 ലോകകപ്പ് 2022

തന്‍സിദ് ഹസന്‍ – ബംഗ്ലാദേശ് – 3 – ടി-20 ലോകകപ്പ് – 2025

അതേസമയം, മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് മെന്‍ ഇന്‍ ഗ്രീന്‍ സ്വന്തമാക്കിയത്. ഇതോടെ ടൂര്‍ണമെന്റിന്റെ കലാശ പോരിന് ടീം യോഗ്യത നേടുകയും ചെയ്തു. ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനാവും ആരാധകര്‍ സാക്ഷിയാവുക.

Content Highlight: Saim Ayub became first batter to register four ducks in a single edition of T20 cricket tournament

We use cookies to give you the best possible experience. Learn more