മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മികച്ച നടനാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം, ഏതുതരം വേഷവും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലെ ‘അറക്കൽ അബു’ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറി. ആട് സിനിമയിലെ അബുവിന്റെ ഡയലോഗുകൾ ഇന്നും സോഷ്യൽ മീഡിയ ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുകയാണ്.
സൈജു കുറുപ്പ് .Photo;X.com
“ഷാജിയേട്ടാ ഇവളെ അങ്ങ്…”, “അരുത് അബു അരുത്!”, “കൈപ്പുഴ കുഞ്ഞപ്പന്റെ കൈ അറുത്തപ്പോൾ കട്ടച്ചോരയാണ് തെറിച്ചത്…”എന്നിങ്ങനെ അബുവുമായി ബന്ധപ്പെട്ട എല്ലാ ഡയലോഗുകളും വൻ ഹിറ്റായി മാറി. ഈ ജനപ്രിയ കഥാപാത്രം തന്നിലേക്ക് എത്തിയ വഴി ഷെഫ് നളൻ നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് തുറന്നുപറയുന്നു.
‘മകളെ ബസ് സ്റ്റോപ്പിൽ വിടാൻ പോയ സമയത്താണ് നിർമാതാവ് വിജയ് ബാബുവിനെ ഞാൻ യാദൃശ്ചികമായി കാണുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു വടംവലി ടീമും അവർക്ക് സമ്മാനമായി കിട്ടുന്ന ഒരു പെണ്ണാടും നേരിടുന്ന പ്രശ്നങ്ങളാണ് കഥയെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ വളരെ താല്പര്യം തോന്നി, ‘എനിക്കും അതിൽ ഏതെങ്കിലും ഒരു വേഷം തരുമോ’ എന്ന് ഞാൻ അങ്ങോട്ട് ചോദിക്കുകയായിരുന്നു.
ആട് ഒരു ഭീകരജീവിയാണ്.Photo:Dool news
വിജയ് ബാബു പറഞ്ഞതനുസരിച്ച് ഞാൻ സംവിധായകൻ മിഥുനെ വിളിച്ചു. മിഥുൻ എന്നോട് വളരെ സ്നേഹത്തോടെ സംസാരിച്ചെങ്കിലും ഒരു കാര്യം തുറന്നുപറഞ്ഞു ‘ചേട്ടാ, ഞാനും കൂട്ടുകാരും വിചാരിച്ചത് ചേട്ടൻ ഫീൽഡ് ഔട്ടായി നടക്കുകയാണെന്നാണ്. പക്ഷെ ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരമായി. എന്നാൽ ഈ പടത്തിൽ എല്ലാവരും ഗ്രാമീണ കഥാപാത്രങ്ങളാണ്, ചേട്ടന്റെ ലുക്കിന് പറ്റിയ വേഷങ്ങൾ ഇതിലില്ല.’ അടുത്ത പടത്തിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് ഫോൺ വെച്ചു.
എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം മിഥുൻ എന്നെ തിരിച്ചുവിളിച്ചു. ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞ് തിരക്കഥ വായിച്ചു കേൾപ്പിച്ചു. സിനിമയിൽ എനിക്ക് ഡയലോഗുകൾ വളരെ കുറവായിരുന്നു, പക്ഷെ ഉള്ളതെല്ലാം മാസ്സ് പഞ്ച് ഡയലോഗുകളായിരുന്നു. അങ്ങനെയാണ് എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘അറക്കൽ അബു’വിലേക്ക് ഞാൻ എത്തുന്നത്.’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kuruppu talks about his character abu in adu movie