| Monday, 15th June 2026, 7:58 am

എന്റെ പഴയ പടങ്ങൾ കാണുമ്പോൾ ഞാൻ തന്നെ ചാനൽ മാറ്റിക്കളയും ,എനിക്ക്‌ തന്നെ സഹിക്കില്ല എന്റെ അഭിനയം: സൈജു കുറുപ്പ്

കെ.എസ് ഷാബിന

മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത മികച്ച നടനാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.

‘മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും, പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ‘ആട്’ എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറി.

സൈജു കുറുപ്പ്.Photo: Indian Express Malayalam

ഇപ്പോൾ ഏറ്റവും പുതിയ ‘ഭാരതനാട്യം 2 മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് സൈജു കുറുപ്പ്. ഇപ്പോൾ തന്റെ ആദ്യകാല സിനിമ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം.

ആദ്യകാലങ്ങളിൽ അഭിനയിച്ച സിനിമകളിലെ തന്റെ അഭിനയം വളരെ മോശമായിരുന്നു എന്ന് താൻ ഇന്ന് തിരിച്ചറിയുന്നു എന്ന് സൈജു തുറന്ന് പറയുന്നു. ആ അഭിനയം കാണുമ്പൊൾ തനിക്ക് തന്നെ കണ്ടുകൊണ്ടിരിക്കാൻ സാധിക്കാറില്ല എന്നും, ആ സിനിമകൾ വരുമ്പോൾ ടി.വി ചാനലുകൾ മാറ്റി വിടാറുണ്ടെന്നും തുറന്നു പറയുകയാണ് അദ്ദേഹം. ഷെഫ് നളന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സൈജു കുറുപ്പ്.Photo; Screengrab/Youtube

‘സിനിമ ഞാൻ ഉറപ്പായും ആസ്വദിച്ചിട്ടുണ്ട്, എന്നാൽ ആദ്യത്തെ 8 വർഷം അത്ര ആസ്വദിച്ചിട്ടില്ല എന്നതാണ് സത്യം. വിജയത്തിനാണ് എപ്പോഴും വില. നമ്മൾ വിജയിക്കുക തന്നെ വേണം. നമ്മൾ എത്ര നല്ല കഠിനാധ്വാനിയാണ്, നല്ല പ്രകടനമാണ് എന്നതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ അന്ന് നല്ലൊരു അഭിനേതാവൊന്നും ആയിരുന്നില്ല. പതുക്കെ പതുക്കെ പഠിച്ചു വന്ന ആളാണ്. എനിക്ക് എന്റെ പഴയ പടങ്ങളൊക്കെ ഇപ്പോൾ കാണുമ്പോൾ ഞാൻ ചിലപ്പോഴൊക്കെ ചാനൽ മാറ്റിക്കളയാറുണ്ട്. അതിന്റെ കാരണം എനിക്ക് തന്നെ സഹിക്കാൻ പറ്റാറില്ല എന്റെ പെർഫോമൻസ് കണ്ടിട്ട്,’ സൈജു പറഞ്ഞു.

Content Highlight: Saiju kuruppu talks aabout his cinema career

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more