മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ഹരിഹരന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമക്ക് ശേഷം നായകനായും സഹനടനായും ഹാസ്യ വേഷത്തിലുമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 100ല്‍ അധികം സിനിമകളില്‍ സൈജു അഭിനയിച്ചിട്ടുണ്ട്. അടുത്തിറങ്ങിയ ഭരതനാട്യം, സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍, അഭിലാഷം തുടങ്ങിയ ചിതങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കാനും സൈജുവിന് കഴിഞ്ഞു.
ഇപ്പോള്‍ തന്റെ പങ്കാളിയെ കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. താന്‍ അങ്ങനെ എല്ലാത്തിനും പ്രതികരിക്കാത്ത ആളാണെന്നും എന്നാല്‍ തന്റെ പങ്കാളി എല്ലാ കാര്യത്തിലും പ്രതികരിക്കുമെന്നും സൈജു കുറുപ്പ് പറയുന്നു. അവള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ആരും തന്റെ അടുത്ത് വെളച്ചിലെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഒറിജിനല്‍സ് ബൈ വീണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
‘എന്റെ ഭാര്യ എന്നോട് പറയാറുണ്ട്, നിങ്ങള്‍ക്ക് കുറച്ചുകൂടി സ്‌ട്രോങ്ങ് ആയി നിന്ന് പ്രതികരിച്ചുകൂടെയെന്ന്. എന്റെ ഭാര്യയാണെങ്കില്‍ എല്ലാത്തിനും കയറി പ്രതികരിക്കും. ആരെങ്കിലും കൂടുതല്‍ ഹോണ്‍ പുറകില്‍ നിന്നടിച്ചാല്‍ അതിന് പ്രതികരിക്കും. ഇത്രയും പ്രതികരണ ശേഷിയുള്ള ഭാര്യയുടെ ഭര്‍ത്താവാണ് ഞാന്‍.
ശരിക്കും അങ്ങനെയാണ് ആവേണ്ടത്. കാരണം രണ്ടുപേരും പ്രതികരിക്കാത്ത ആളുകളാണെങ്കില്‍ മറ്റുള്ളവര്‍ മുതലെടുക്കും. നമ്മുടെ തലയില്‍ കയറിയിരിക്കും. ഇനി രണ്ടുപേരും അധികം പ്രതികരിച്ചാല്‍ അതും പണിയാകും. ഇപ്പോഴാണെങ്കില്‍ എല്ലാവര്‍ക്കും എന്റെ ഭാര്യയെ ചെറിയൊരു പേടിയുണ്ട്. അതുകൊണ്ട് കൂടുതലായി എന്റെ തലയില്‍ കയറില്ല.
എന്റെ അച്ഛനോട് പറഞ്ഞുകൊടുക്കും എന്ന് പറയുന്നതുപോലെയാണ് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞുകൊടുക്കും എന്ന് പറയുന്നത്. എന്റെ ഭാര്യയെ അറിയുന്ന ആരും എന്റെ തലയില്‍ കയറില്ല (ചിരി),’ സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurupp Talks About His Partner