| Tuesday, 16th June 2026, 1:57 pm

പഴയ സിനിമകൾ കാണുമ്പൊൾ എവിടെയെങ്കിലും പോയി അഭിനയം പഠിക്കാൻ ഭാര്യ പറയുമായിരുന്നു: സൈജു കുറുപ്പ്

കെ.എസ് ഷാബിന

മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ മികച്ച നടനാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന താരം, ഏതുതരം വേഷവും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

ഹരിഹരൻ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും, പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ‘ആട്’ എന്ന ചിത്രത്തിലെ ‘അറയ്ക്കൽ അബു’ എന്ന കോമഡി കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറി.

സൈജു കുറുപ്പ് .Photo:Dool news

ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഭാരതനാട്യം 2: മോഹിനിയാട്ടം’ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സൈജു കുറുപ്പ്. കരിയറിന്റെ ആദ്യകാലങ്ങളിൽ തന്റെ അഭിനയം വളരെ മോശമായിരുന്നു എന്ന് താൻ ഇന്ന് തിരിച്ചറിയുന്നുണ്ടെന്നും, അന്ന് അതിന്റെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്നും സൈജു തുറന്നുപറയുന്നു.

എന്നാൽ ആ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഭാര്യ നൽകിയ പിന്തുണ വലുതായിരുന്നുവെന്ന് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുത്തു.

സൈജു കുറുപ്പ്..Photo:Screengrab/Youtube

‘ഞാൻ അന്ന് നല്ലൊരു അഭിനേതാവൊന്നും ആയിരുന്നില്ല, പതിയെ പതിയെ അഭിനയം പഠിച്ചുവന്ന ആളാണ്. എനിക്ക് എന്റെ പഴയ സിനിമകൾ ഇപ്പോൾ ടിവിയിൽ കാണുമ്പോൾ ചാനൽ മാറ്റി കളയാറുണ്ട്. കാരണം, അന്നത്തെ എന്റെ പ്രകടനം എനിക്ക് തന്നെ കണ്ടുനിൽക്കാൻ പറ്റാറില്ല.അക്കാലത്ത് എന്റെ ഭാര്യ എന്നോട് പറയുമായിരുന്നു, ‘എവിടെയെങ്കിലും പോയി അഭിനയം പഠിക്ക്, ഇതാണ് കരിയർ ആയി തിരഞ്ഞെടുക്കുന്നതെങ്കിൽ അഭിനയം പഠിച്ചേ പറ്റൂ’ എന്ന്.

എന്റെ ഡയലോഗ് ഡെലിവറിയും ഹാൻഡ് കോർഡിനേഷനുമെല്ലാം അന്ന് വലിയ പ്രശ്നമായിരുന്നു എന്ന് അവൾ ചൂണ്ടിക്കാണിക്കുമായിരുന്നു. എന്നാൽ അന്ന് എന്റെ വിചാരം ഞാൻ വലിയ നടനാണെന്നായിരുന്നു. കാരണം ഞാൻ ചെറുപ്പമാണ്, ഓർമ്മശക്തി കൂടുതലായതുകൊണ്ട് ഒറ്റയടിക്ക് ഡയലോഗ് കാണാതെ പറയും. ഡയലോഗ് തെറ്റാതെ പറഞ്ഞാൽ നല്ല നടനായി എന്നാണ് അന്ന് ഞാൻ കരുതിയിരുന്നത്,’സൈജു കുറുപ്പ് പങ്കുവെച്ചു.

Content Highlight : Saiju kurupp talks about his cinema career

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more