| Saturday, 1st October 2022, 12:23 pm

രാത്രി പലതവണ ഞാന്‍ എന്റെ ആധി സിജുവിനോട് പറഞ്ഞു; അവന്‍ നല്‍കിയ ആത്മവിശ്വാസമാണ് എനിക്ക് ധൈര്യം പകര്‍ന്നത്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി വീണ്ടും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് സൈജു കുറുപ്പ്. കോമഡിയായാലും സീരിയസ് വേഷങ്ങളായാലും ഒരുപോലെ കൈകാര്യം ചെയ്യുന്ന സൈജു കുറുപ്പിന്റെ ഒരു മികച്ച വേഷത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിനായി താന്‍ നടത്തിയ ചില ശ്രമങ്ങളെ കുറിച്ചും ഡാന്‍സ് കളിക്കാനായി പേടിച്ച് നിന്ന തനിക്ക് ആത്മവിശ്വാസം നല്‍കിയ സിജു വില്‍സണെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ്.

‘സിനിമയില്‍ നൃത്ത രംഗങ്ങള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ പൊതുവെ ഞാന്‍ പുറകോട്ടാണ്. എന്നെക്കൊണ്ട് പറ്റുമോ എന്ന സംശയം. ഡാന്‍സ് സീനുകള്‍ എത്തുമ്പോഴേക്കും എവിടെനിന്നോ ഒരു പരിഭ്രമം പാഞ്ഞുവരും. റിഹേഴ്‌സല്‍ സമയത്ത് ഡാന്‍സ് അറിയുന്ന ആരെങ്കിലും സ്റ്റെപ്പുകളിലേക്കൊന്നു നോക്കുന്നതുകണ്ടാല്‍ മൊത്തം ടെന്‍ഷനാകും.

സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയില്‍ ഡാന്‍സ് രംഗം ഉണ്ടെന്നറിഞ്ഞതോടെ ടെന്‍ഷനായി. കൈവിട്ട കളിയാകുമോ എന്ന സംശയം. രാത്രി പലതവണ ഞാനെന്റെ ആധി സിജുവുമായി പങ്കുവെച്ചു. സത്യത്തില്‍ അന്ന് അവിടെ വെച്ച് സിജു നല്‍കിയ ആത്മവിശ്വാസമാണ് എനിക്ക് ധൈര്യം പകര്‍ന്നത്.

ഇന്ന് എന്റെ ചുവടുകള്‍ക്ക് ഒരു സ്വാഭാവികത വന്നിട്ടുണ്ടെങ്കില്‍ മോശമില്ലാത്ത രീതിയില്‍ ഒന്നിളകിയാടുന്നുണ്ടെങ്കില്‍ അതിന്റെ മൊത്തം ക്രെഡിറ്റും സിജുവിന് നല്‍കുന്നു. ചേര്‍ത്ത് പിടിച്ച് നല്‍കിയ ധൈര്യം അത്ര വലുതായിരുന്നു. ഒരു കൂട്ടുകാരന് നമ്മെ എത്രത്തോളം പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസിലാക്കിയ സമയമായിരുന്നു അത്. സിജു വില്‍സണ് എന്റെ ഹൃദയത്തില്‍ നിന്ന് ഒരുമ്മ,’ എന്നായിരുന്നു സൈജു പറഞ്ഞത്.

വ്യക്തികള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, എങ്ങനെയാണെന്നെല്ലാം തിരിച്ചറിയുക അവര്‍ ചില ഗ്യാങ്ങിനൊപ്പം ചേരുമ്പോഴാണെന്നും സൈജു പറഞ്ഞു.

സിജുവുമായി ഞാന്‍ അഞ്ച് സിനിമകള്‍ ചെയ്തു. എത്രയോ തവണ സംസാരിച്ചിട്ടുണ്ട്. സിനിമാ വിശേഷങ്ങള്‍ പറഞ്ഞുനടന്നിട്ടുണ്ട്. ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷേ സിജു ആളുകളെ ഇത്ര ഭംഗിയായി ട്രോളുമെന്നും കളിയാക്കി തേച്ചൊട്ടിക്കുമെന്നെല്ലാം ഞാന്‍ മനസിലാക്കിയത് സിജുവും നിവിനും ഒന്നിച്ച ഈ സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ്.

നിവിനും സിജുവും നിക്കറിട്ട കാലം മുതലുള്ള സുഹൃത്തുക്കളാണ്. നിവിനൊപ്പം ചേര്‍ന്നതോടെ സിജു വേറൊരാളായി മാറി (ചിരി), സൈജു പറഞ്ഞു. ഇതോടെ ചിത്രത്തില്‍ സൈജു ചേട്ടന്‍ തകര്‍ത്താടിയെന്നും നാളത്തെ മിഥുന്‍ ചക്രവര്‍ത്തിയാണ് ചേട്ടന്‍ എന്നുമായിരുന്നു സിജുവിന്റെ ചിരിച്ചുകൊണ്ടുള്ള കമന്റ്.

Content Highlight: Saiju Kurupp about actor Siju Wilson and his Support

We use cookies to give you the best possible experience. Learn more