| Tuesday, 22nd September 2026, 1:44 pm

അവരുടെ റിപ്പോർട്ട് നോക്കിയാണ് മറ്റുള്ളവർ ത്രില്ലർ സിനിമകൾ തിയേറ്ററിൽ പോയി കാണണോ എന്ന് തീരുമാനിക്കുന്നത്: സൈജു കുറുപ്പ്

നന്ദന. ടി

മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് മലയാള സിനിമയില്‍ തന്റേതായ ഒരിടം സൈജു കുറുപ്പ് നേടിയെടുത്തത്. നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതമായത്.

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയം നേടിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ ഈ വര്‍ഷം നായകനായും താരം തിളങ്ങിയിരുന്നു.

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രമായ ആരം ഈ മാസം 25-ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ത്രില്ലർ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്.

സൈജു കുറുപ്പ്. Photo. Screen Grab/ Youtube

രണ്ടു വർഷത്തിനിടെ ഒരേ രീതിയിൽ കഥ പോകുന്ന അമ്പതോളം ത്രില്ലർ സിനിമകളുടെ കഥകൾ താൻ കേട്ടിട്ടുണ്ടെന്ന് നടൻ പറയുന്നു. സിനിമയുടെ അവതരണ രീതികളിലും മറ്റും മാറ്റങ്ങളുണ്ടെങ്കിലും കഥ നടക്കുന്ന പശ്ചാത്തലവും രീതികളുമെല്ലാം ഒരേപോലെ ആയതുകൊണ്ടാണ് താൻ പലതും വേണ്ടെന്ന് വെച്ചതെന്നും സൈജു വ്യക്തമാക്കി.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയായി തോന്നിയതുകൊണ്ടാണ് ആരം എന്ന സിനിമയിലെ പോലീസ് വേഷം താൻ തെരഞ്ഞെടുത്തതെന്നും സൈജു കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഞാൻ അമ്പതോളം ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ സിനിമകളുടെ കഥകൾ കേട്ടിട്ടുണ്ടാവും. അതായത് ഒരു കൊലപാതകം നടക്കുന്നു അല്ലെങ്കിൽ സൂയിസൈഡ് നടക്കുന്നു, പിന്നെ ആരാണ് കുറ്റവാളി എന്ന് കണ്ടുപിടിക്കുന്നു അല്ലെങ്കിൽ ഒരു സീരിയൽ കില്ലറെ കണ്ടുപിടിക്കുന്നു.

പക്ഷെ ഈ കഥകളിലെല്ലാം തന്നെ ഒരു കുറ്റം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ കാരണങ്ങൾ മാത്രമേ മാറുന്നുള്ളൂ. അതുപോലെ ഞാൻ കേട്ട സിനിമകളിൽ എന്റെ റാങ്കുകളിലും മാറ്റമുണ്ട്, ഒന്നിൽ ഞാൻ എസ്‌.ഐ ആണെങ്കിൽ വേറൊന്നിൽ കോൺസ്റ്റബിൾ ആയിരിക്കും. എനിക്ക് മാത്രം അമ്പതോളം സിനിമകൾ വരുന്നുണ്ടെങ്കിൽ വേറെയും ഇൻവെസ്റ്റിഗേഷൻ സിനിമകൾ വരുന്നുണ്ടാകും. പക്ഷെ ഞാൻ ‘ആരം’ സിനിമയുടെ കഥ കേട്ടപ്പോൾ ഇതിൽ എന്തോ ഒരു വ്യത്യാസമുണ്ട് എന്ന ഫീൽ കിട്ടി. അതുകൊണ്ടാണ് ഞാൻ ഈ സിനിമ കമ്മിറ്റ് ചെയ്തത്,’ നടൻ പറഞ്ഞു.

കോമഡി ഴോണറുള്‍ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണെന്നും എന്നാൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്ക് പ്രത്യേക വിഭാഗത്തിൽപ്പെട്ട പ്രേക്ഷകരുണ്ടെന്നും നടൻ പറയുന്നു. അതുകൊണ്ടുതന്നെ അത്തരം പ്രേക്ഷകർ തിയേറ്ററുകളിൽ പോയി സിനിമ കണ്ട് പറയുന്ന അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് മറ്റു പ്രേക്ഷകരും ത്രില്ലർ സിനിമകൾ കാണാൻ തിയേറ്ററുകളിലേക്ക് എത്തുന്നതെന്നും സൈജു ചൂണ്ടിക്കാട്ടുന്നു.

സൈജു കുറുപ്പ്. Photo. Screen Grab/ Youtube

‘പിന്നെ ഒരു ഹ്യൂമർ പടമാണെങ്കിൽ അതിന് തിയേറ്ററിൽ കുറച്ചുകൂടി സാധ്യതയുണ്ട്. കാരണം ആ ഒരു ഴോണര്‍ ആളുകൾക്ക് എന്നും താത്പര്യമുള്ളതാണ്. എന്നാൽ ത്രില്ലർ പോലുള്ള സിനിമകൾക്ക് അതിന്റേതായ ഒരു ഓഡിയൻസ് ഉണ്ട്. ഇവർ സിനിമ കണ്ടിട്ട് നല്ലൊരു റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ബാക്കിയുള്ള കോമഡി ഴോണറൊക്കെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും കൂടെ ത്രില്ലർ സിനിമകൾക്ക് വരികയുള്ളൂ.

ഇന്ന് ഞാൻ ഒരു കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ, തിയേറ്ററിലായാലും ഒ.ടി.ടിയിലായാലും കണ്ടുകഴിയുമ്പോൾ എന്തിനാണ് ഇയാൾ ഈ സിനിമ ചെയ്തത് എന്ന് ആരും പറയാൻ പാടില്ല എന്നാണ് വിചാരിക്കാറുള്ളതും,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup talks about thriller movies

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more