| Monday, 30th March 2026, 7:30 pm

ഭരതനാട്യത്തിലെ രണ്ട് പ്രധാനപ്രശ്നം അതായിരുന്നു; ആ കുറവ് മോഹിനിയാട്ടത്തില്‍ തീര്‍ത്തിട്ടുണ്ട്: സൈജു കുറുപ്പ്

ഐറിന്‍ മരിയ ആന്റണി

2024ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഭരതനാട്യം. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ഭരതനാട്യത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പേ പെര്‍ വ്യൂവിലൂടെ ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമയെന്ന നേട്ടവും ഭരതനാട്യം സ്വന്തമാക്കി.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. മോഹിനിയാട്ടം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെ റിലീസ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന സിനിമ ഏപ്രില്‍ 10നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ഇപ്പോഴിതാ അണ്‍ഫില്‍ട്ടേഡ് അപര്‍ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സൈജു കുറുപ്പ്.

തിയേറ്ററിക്കല്‍ എക്‌സപീരിയന്‍സല്ല, സിനിമയിലേക്ക് അര മണിക്കൂര്‍ കഴിഞ്ഞാണ് ഇന്‍ ആകുന്നത് എന്നിങ്ങനെ രണ്ട് പ്രശ്‌നങ്ങളാണ് ഭരതനാട്യം റിലീസായ സമയത്ത് പലരും പറഞ്ഞത്. ഭരതനാട്യത്തില്‍ കിട്ടാതെ പോയ ആ കുറവുകളെല്ലാം മോഹിനിായട്ടത്തില്‍ നികത്തിയിട്ടുണ്ട്.

മോഹിനിയാട്ടം തീര്‍ച്ചയായും ഒരു തിയേററ്റിക്കല്‍ സിനിമയായിരിക്കും എന്ന കൃഷ്ണദാസ് പറഞ്ഞിട്ടുണ്ട്. ആ സ്ട്രക്ച്ചറിലാണ് സിനിമ ഡിസൈന് ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ വിഷ്വല്‍ തുടങ്ങി കഴിഞ്ഞ് അഞ്ചാമത്തെ മിനിറ്റില്‍ ഒരു മെയ്ന്‍ ക്യാരക്ടറിന്റെ എന്‍ട്രിയുണ്ട്. അവിടുന്ന് പടം ടേക്ക് ഓഫാകും. അവിടുന്ന് സിനിമയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ പോകും.

ശ്രീകണ്ഠപുരം എന്ന സ്ഥലത്താണ് മോഹിനിയാട്ടത്തിന്റെ കഥ നടക്കുന്നതെന്നും മുമ്പത്തെ സിനിമ തൃശൂര്‍ ജില്ലയില്‍ നടക്കുന്ന ഒരു കഥയായാണ് കാണിച്ചതെന്നും സൈജു കുറുപ്പ് പറയുന്നു. ഭരതനാട്യത്തിലെ കുടുംബാംഗങ്ങളെല്ലാം ഈ സിനിമയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സിനിമയില്‍ എല്ലാവര്‍ക്കും ഒരു കൃത്യമായ ക്യാക്ടര്‍ ആര്‍ക്ക് ഉണ്ടെന്നും സൈജു കുറുപ്പ് പറഞ്ഞു.

സൈജു കുറുപ്പ് നായകനാകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ 150-ാമത്തെ സിനിമ കൂടിയാണ്. ജഗദീഷ്, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍, സ്വാതി ദാസ് പ്രഭു, ദിവ്യ നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, സന്തോഷ് ഗുരുവായൂര്‍, നിസ്താര്‍ സേട്ട് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlight:   Saiju Kurup talks about the movie Mohiniyattam

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more