| Thursday, 17th July 2025, 12:44 pm

സിനിമക്ക് പുറത്ത് സുരേഷേട്ടന്‍ അങ്ങനെ പണി തരുന്ന ആളല്ല: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഹുല്‍ റിജി നായറിന്റെ രചനയില്‍ ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത വെബ് സീരീസായിരുന്നു ജയ് മഹേന്ദ്രന്‍. ഈ സീരീസിന് ശേഷം ഇതേ ടീമിന്റേതായി തന്നെ വരാനിരിക്കുന്ന ചിത്രമാണ് ഫ്ളാസ്‌ക്.

സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ തുടങ്ങി മികച്ച താരനിരയാണ് ആ സിനിമക്കായി ഒന്നിക്കുന്നത്. സിനിമക്ക് പുറത്ത് ഒരു വ്യക്തിയെന്ന നിലയില്‍ സുരേഷ് കൃഷ്ണ അങ്ങനെ പണി തരുന്ന ആളല്ലെന്ന് പറയുകയാണ് സൈജു കുറുപ്പ്.

വളരെ ഏറെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് നടനെന്നും നന്നായി മോട്ടിവേറ്റ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. നമ്മളെ കേള്‍ക്കുന്ന ആളാണ് സുരേഷ് കൃഷ്ണയെന്നും സെറ്റില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് കഥകള്‍ പറയാനുണ്ടാകുമെന്നും സൈജു പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുരേഷേട്ടന്‍ ജഡ്ജ് ആയിട്ടാണ് ഫ്‌ളാസ്‌ക് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം എനിക്ക് എന്തൊക്കെ പണി തന്നിട്ടുണ്ടെന്ന് ആ സിനിമ കണ്ടിട്ട് തന്നെ അറിയണം. പക്ഷെ സിനിമക്ക് പുറത്ത് ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം അങ്ങനെ പണി തരുന്ന ആളല്ല.

വളരെ സപ്പോര്‍ട്ടീവ് ആയിട്ടുള്ള ആളാണ്. അത് മാത്രമല്ല, നമ്മളെ നന്നായി മോട്ടിവേറ്റ് ചെയ്യുന്ന ആള്‍ കൂടിയാണ്. നന്നായി നമ്മളെ കേള്‍ക്കുന്ന ആളാണ് സുരേഷേട്ടന്‍. അതുപോലെ സെറ്റില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് കഥകള്‍ പറയാനുണ്ടാകും.

ആ സമയത്ത് നമ്മളാകും കേള്‍വിക്കാരനായി നില്‍ക്കേണ്ടത്. എന്നാല്‍ അദ്ദേഹം പറയുന്നതിന്റെ ഇടയില്‍ കയറി നമുക്ക് ഒന്നും തന്നെ പറയാനാവില്ല. കാരണം അത്രയും എന്റര്‍ടൈനിങ്ങായിട്ടുള്ള കഥ പറച്ചിലാണ് അദ്ദേഹത്തിന്റേത്. അപ്പോഴും കഥയില്‍ സുരേഷേട്ടന്‍ ഒരു പൊടിക്ക് മസാലകളൊക്കെ ചേര്‍ക്കാറുണ്ട് (ചിരി).

എന്നാല്‍ അതൊക്കെ നമുക്ക് വലിയ ഇഷ്ടമാണ്. അതുപോലെ നമുക്ക് എന്തെങ്കിലും രീതിയിലുള്ള വിഷമം ഉണ്ടെങ്കില്‍ സുരേഷേട്ടനോട് പറഞ്ഞാല്‍ അദ്ദേഹം നമ്മളെ സമാധാനിപ്പിക്കുകയും ചെയ്യും,’ സൈജു കുറുപ്പ് പറയുന്നു.


Content Highlight: Saiju kurup Talks About Suresh Krishna

We use cookies to give you the best possible experience. Learn more