| Thursday, 23rd July 2026, 7:15 am

ഒരു സിനിമയ്ക്ക് എന്റെ ശമ്പളം ഒന്നരക്കോടി; രസകരമായ അനുഭവം പങ്കുവെച്ച് സൈജു കുറുപ്പ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് മലയാള സിനിമയില്‍ തന്റേതായ ഒരിടം സൈജു കുറുപ്പ് ഇന്ന് നേടിയെടുത്തത്. നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതമായത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയം നേടിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ ഈ വര്‍ഷം നായകനായും താരം തിളങ്ങിയിരുന്നു.

സൈജു കുറുപ്പ്. Photo: X.com

2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു സൈജു കുറുപ്പ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സഹനടനായും നായകനായും താരം മലയാള സിനിമയില്‍ സജീവമായിരുന്നു. എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലര്‍ക്ക് ആണ് സൈജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രവുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് ഒറിജനല്‍സ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സൈജു കുറുപ്പ് പങ്കുവെച്ച രസകരമായ അനുഭവമാണ് ഇപ്പോള്‍ സേഷ്യല്‍ മീഡയിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അടുത്തിടെ കേട്ട വാര്‍ത്തകളിലൊന്ന് ഒരു ചിത്രത്തിന് വേണ്ടി താന്‍ വാങ്ങുന്ന ശമ്പളം ഒന്നരക്കോടി ആക്കി ഉയര്‍ത്തി എന്നാണെന്ന് പറയുകയാണ് സൈജു കുറുപ്പ്. ആദ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ താന്‍ ഒന്ന് ഞെട്ടിയെങ്കിലും ആരെങ്കിലും തനിക്ക് വില കല്പിക്കുന്നുണ്ടല്ലോ എന്നാലോചിച്ച് സന്തോഷം തോന്നിയെന്നും സൈജു പറഞ്ഞു. എന്നാല്‍ താന്‍ അത്രയൊന്നും ശമ്പളം വാങ്ങുന്നില്ലെന്നും അതിന്റെ നാലിലൊന്ന് മാത്രമേയുള്ളൂ എന്നും അദ്ദേഹം തമാശയോടെ കൂട്ടിച്ചേര്‍ത്തു.

സൈജു കുറുപ്പ്. Photo: Cinema Express

കേരള ടാക്കീസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം ജൂലൈ 24നാണ് തിയേറ്ററുകളിലെത്തുന്നത്. സൈജു കുറുപ്പിന് പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, ടി.ജി രവി, വിനോദ് കെടാമംഗലം, സോഹന്‍ സീനുലാല്‍, തുടങ്ങിയവരും ലര്‍ക്കില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രം ഇതിനോടകം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി നിരൂപക പ്രശംസ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Content Highlight: Saiju Kurup talks about his salary

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more