സൈജു കുറുപ്പ്. Photo: The Times Of India
നിലവില്‍ മലയാള സിനിമയില്‍ മിനിമം ഗ്യാരണ്ടി നല്‍കാന്‍ സാധിക്കുന്ന നായകനടനാണ് സൈജു കുറുപ്പ്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം 2 മോഹിനിയാട്ടം വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഡാര്‍ക്ക് കോമഡി ഴോണറിലൊരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ഒ.ടി.ടിയിലും ലഭിച്ചിരുന്നത്. 2026ല്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ ഇടം നേടിയ ആട് 3യിലും അറക്കല്‍ അബുവെന്ന കഥാപാത്രത്തിലൂടെ താരം ശ്രദ്ധ നേടിയിരുന്നു.
2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു സൈജു കുറുപ്പ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മംമ്ത മോഹന്‍ദാസ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, സായ് കുമാര്‍, തിലകന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ ഉണ്ണി കേശവന്‍ എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് വേഷമിട്ടിരുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ സിനിമയിലേക്ക് ഒഡിഷന്‍ ചെയ്തതിനെ കുറിച്ചും പിന്നീട് സിനിമയില്‍ അവസരം കിട്ടിയതിനെ കുറിച്ചും സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഷെഫ് നളന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരിക്കല്‍ ഒഡിഷനായി പോയപ്പോള്‍ കലാഭവന്‍ മണിയാണ് മുന്നിലിരിക്കുന്നതെന്ന് വിചാരിച്ചോ, വള്ളത്തില്‍ പോകുന്ന സമയത്ത് നിനക്ക് നീന്താനറിയാം പക്ഷേ പുള്ളിക്കറിയില്ല. അത് അറിഞ്ഞുകൊണ്ട് പേടിപ്പിക്കാന്‍ ചോദിക്കുന്ന വിധത്തിലാണ് ഡയലലോഗ് പറയേണ്ടത്. അത് പല രീതിയില്‍ പറയാന്‍ പറഞ്ഞു. അതെല്ലാം പറഞ്ഞ് എന്റെ രണ്ട് ഫോട്ടോസെല്ലാം എടുത്തു.
മയൂഖം. Photo: Prime Video
പിറ്റേ ദിവസം ജോലിയുടെ ഭാഗമായി നേമം ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ഫോണിലൊരു കോള്‍ വന്നു. വിളിച്ചയാള്‍ ചോദിച്ചത് പല്ലിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ്. സൈക്കിളില്‍ നിന്നും വീണ് പല്ല് പൊട്ടിയിരുന്നു. അങ്ങനെ പല്ലെല്ലാം പോയി ശരിയാക്കി ഒരാഴ്ച കഴിഞ്ഞ് അവര്‍ വീണ്ടും വിളിച്ചു. ഷാജി എന്‍.കരുണ്‍ എന്ന് പേരുള്ള ക്യാമറാമാനുണ്ട് അദ്ദേഹത്തെ പോയി കാണാന്‍ പറഞ്ഞു. തിരിച്ച് ഞാന്‍ ചോദിച്ചത് അത് മറ്റേ കഥകളി പടം എല്ലാം എടുത്ത ആളല്ലേ എന്നാണ്.
ഇത് കേട്ട് എന്നോട് പറഞ്ഞു എന്റെ പൊന്നു മോനേ ആ ചിത്രത്തിന്റെ പേര് വാനപ്രസ്ഥം എന്നാണ്. നീയവിടെ പോയി ആവശ്യമില്ലാത്ത കാര്യമൊന്നും ചോദിക്കണ്ട. നീയവിടെ ചെന്ന് പുള്ളിയെ മുഖം കാണിച്ച് തിരിച്ചുപോയാല്‍ മതി,’ സൈജു കുറുപ്പ് ഓര്‍ത്തെടുക്കുന്നു.
Content Highlight: Saiju Kurup talks about his early career experience