കോമഡി വേഷങ്ങളിലൂടെയും ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് സൈജു കുറുപ്പ്. ക്യാരക്ടർ റോളുകളും വില്ലൻ കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച സൈജു ഈ വർഷം കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ നായകൻ എന്ന നിലയിൽ തന്റെ സിനിമ ജീവിതത്തിലെ ആദ്യ ബ്ലോക്ക് ബസ്റ്റർ നേടിയിരിക്കുകയാണ്. ഈ വിജയത്തിൽ നിന്നുകൊണ്ട് ഇനി വരുന്ന സിനിമകളിലെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പുലർത്തുമെങ്കിലും സപ്പോർട്ടിങ് ക്യാരക്ടർസ് ചെയുന്നത് തുടരും എന്ന് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് പറഞ്ഞു.
സൈജു കുറുപ്പ്. Photo Credit: Screen Grab/ Youtube
‘ഐ ആം റിയലി ഓപ്പൺ ടു സപ്പോർട്ടിങ് ക്യാരക്ടർസ്, ഈ നായകൻ എന്ന് പറയുന്നതു ഒരു വലിയ വണ്ടി പോലെയാണ് അത് ബ്രേക്ക് ഡൗൺ ആയാൽ ഒറ്റക്ക് തള്ളികൊണ്ടുപോലും പോവാൻ പറ്റില്ല പക്ഷെ നമ്മുടെ കൈയിൽ ഒരു ചെറിയ വണ്ടി ഉണ്ടെങ്കിൽ അത് സ്വന്തമായി തള്ളികൊണ്ടു പോവാം. അത് കൊണ്ട് സപ്പോർട്ടിങ് റോൾ ഞാൻ ഒരിക്കലും വിടില്ല പക്ഷെ ഇപ്പോൾ അത്തരത്തിൽ ഉള്ള റോളുകൾ വരുന്നത് കുറഞ്ഞു. ഞാൻ മറ്റു പ്രൊമോഷണൽ ഇന്റർവ്യൂസിനൊക്കെ പോവുമ്പോൾ ഈ കാര്യം അങ്ങോട്ട് പറയാറുണ്ട് കാരണം ആളുകൾ അറിയണം ഞാൻ സപ്പോർട്ടിങ് റോളുകൾക്ക് വേണ്ടി ഓപ്പൺ ആണെന്നുള്ളത്’
പ്രേക്ഷകരുടെ ഇഷ്ടങ്ങൾ മറികടന്ന് ചില നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യേണ്ടത് ഒരു നടൻ എന്ന രീതിയിലുള്ള വളർച്ചക്ക് അനിവാര്യം ആണെങ്കിലും, കുടുംബത്തെ കുറിച്ചുള്ള ചിന്തകൾ ആണ് അത്തരം കഥാപാത്രങ്ങളിൽ നിന്നും തന്നെ പിൻതിരിപ്പിക്കുന്നത് എന്നാണ് നടൻ പറയുന്നത്.
‘ഒരു രണ്ട് വർഷം മുമ്പ് മകൾ വന്നിട്ടു അച്ഛന്റെ പേര് പറഞ്ഞു കൂട്ടുകാർ കളിയാക്കുന്നു എന്ന് പറയുകയുണ്ടായി. ചിലപ്പോൾ എന്റെ ഏതെങ്കിലും സിനിമയിലെ പെർഫോമൻസ് കണ്ടിട്ട് അവരുടെ വീട്ടിൽ നടന്ന ഡിസ്കഷൻ ഒക്കെ വെച്ചിട്ടായിരിക്കും കുട്ടികൾ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. എന്റെ മകൻ ഇപ്പോഴും സ്കൂളിൽ തന്നെ ആണ് അപ്പോൾ ഞാൻ ഇത്തരത്തിൽ ഉള്ള നെഗറ്റീവ് റോളുകൾ ചെയുമ്പോൾ അത് മുഴച്ചു നിൽക്കാൻ ഉള്ള സാധ്യതകൾ ഉണ്ട്. അത് എന്റെ പേരും പറഞ്ഞു മക്കളെ കളിയാക്കാൻ ഉള്ള ഒരു അവസരം ഞാൻ ഉണ്ടാക്കി കൊടുക്കുന്ന പോലെയാണ്. ഇത് എന്റെ തിങ്കിങ് ആണ് ഒരു ആക്ടർ എന്ന നിലക്ക് നമ്മൾ എല്ലാ ക്യാരറ്റഴ്സും ചെയ്യണം പക്ഷെ എനിക്ക് അത് ഓക്കെ ആണ് ‘- സൈജു കുറുപ്പ് പറഞ്ഞു .
സൈജു കുറുപ്പ്. Photo Credit: Screen Grab/ Youtube