| Tuesday, 21st April 2026, 8:39 am

ഇത് സ്വപ്‌നമല്ലല്ലോ എന്നുറപ്പിക്കാൻ ഞാൻ സ്വയം പിച്ചി നോക്കും, പ്രതികരണങ്ങൾ കാണുമ്പോൾ വിശ്വസിക്കാനാകുന്നില്ല: സൈജു കുറുപ്പ്

നന്ദന എം.സി

ഒന്നാം ഭാഗം വൻ പരാജയവും എന്നാൽ രണ്ടാം ഭാഗം വൻ വിജയമാകുകയും ചെയ്യുന്ന അപൂർവ നേട്ടം സ്വന്തമാക്കിയ സിനിമകളിൽ ഒന്നാണ് സൈജു കുറുപ്പ് നായകനായെത്തിയ ‘മോഹിനിയാട്ടം’.

ചിത്രത്തിന്റെ ഒന്നാം ഭാഗമായ ‘ഭരതനാട്യം’ തിയേറ്ററിൽ വൻ പരാജയമായിരുന്നെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ മികച്ച പ്രതികരണം നേടുകയായിരുന്നു. ഭരതൻ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യഭാഗത്തിന്റെ കഥ മുന്നേറിയത്.

മോഹിനിയാട്ടം, Photo: IMDb

അതേസമയം മോഹിനി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ പ്രേക്ഷകരിലേക്ക് എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്.

‘പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം എടുക്കാനുള്ള ധൈര്യം തന്നത് ആടാ’ണ്. ആട് ഒന്ന് തിയേറ്ററിൽ വിജയമല്ലായിരുന്നു. പക്ഷേ രണ്ടാം ഭാഗം വൻ വിജയമായി. ഭരതനാട്യം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയിൽ വിജയമായിരുന്നു.

മോഹിനിയാട്ടം, Photo: Saiju kurup/Facebook

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 100 മില്യൻ സ്ട്രീമിങ് മിനിറ്റ് നേടിയ സിനിമയായിരുന്നു. അതും ധൈര്യം നൽകി. ‘ഭരതനാട്യത്തിൻ്റെ മൂന്നാം ഭാഗത്തിന്റെ പേര് കുച്ചിപ്പുഡി, കഥകളി ,ഒപ്പന, മാർഗംകളി എന്നൊന്നുമായിരിക്കില്ല. മോഹിനിയാട്ടത്തിന് ആദ്യമിട്ട ഇംഗ്ലീഷ് പേരായിരിക്കാം.

അതിനാൽ ആ പേരിപ്പോൾ രഹസ്യമായിരിക്കട്ടെ. ആ ഇംഗ്ലീഷ് പേരിലും മോഹിനിയാട്ടത്തിലും താളം ചവിട്ടി നിന്ന സംവിധായകൻ കൃഷ്‌ണദാസ് മുരളിയോട് മിഥുൻ മാനുവൽ തോമസാണ് പറഞ്ഞത് മോഹിനിയാട്ടത്തിൽ ഉറപ്പിക്കാൻ,’ സൈജു കുറുപ്പ് പറഞ്ഞു.

കൂടാതെ ഇപ്പോൾ തിയേറ്റർ വിസിറ്റിൽ ആണെന്നും ഇത്തരം ഒരു വലിയ വിജയം തന്റെ സിനിമയ്ക്ക് ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം പറഞ്ഞു. ‘ഇപ്പോൾ തിയറ്റർ വിസിറ്റിലാണ്.

പ്രതികരണങ്ങൾ കാണുമ്പോൾ എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഇത് സ്വപ്‌നമല്ലല്ലോ എന്നുറപ്പിക്കാൻ ഞാൻ സ്വയം പിച്ചി നോക്കും,’ സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

Content Highlight: Saiju kurup talk about the movie Mohiniyattam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more