മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ ചിത്രമായ ‘ഭാരതനാട്യം2 മോഹിനിയാട്ടം’ സിനിമയിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് സൈജു കുറുപ്പ്. ഇപ്പോൾ തന്റെ ഭാഷയുടെ പരിമിതികളും , അതിന്റെ പേരിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മനസ് തുറക്കുകയാണ് സൈജു കുറുപ്പ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈജു കുറുപ്പ് .Photo: Cinema Express
‘കേരളത്തിന് പുറത്താണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ എന്റെ മലയാളം അത്ര നന്നായിരുന്നില്ല. വീട്ടിൽ അച്ഛനും അമ്മയും സംസാരിക്കുന്ന ചില വാക്കുകൾ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. ഞാൻ ചിന്തിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ഹിന്ദിയിലായിരുന്നു. ഇംഗ്ലീഷ് പോലും എനിക്ക് അത്ര വശമില്ലായിരുന്നു.
സിനിമയിൽ വന്ന ശേഷമാണ് ഞാൻ അതുവരെ കേട്ടിട്ടില്ലാത്ത പല കഠിനമായ മലയാളം വാക്കുകളും പരിചയപ്പെടുന്നത്. ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന സിനിമ ചെയ്യുമ്പോൾ അതിലെ തിരക്കഥാകൃത്ത് ഉണ്ണി ചേട്ടൻ എഴുതിയ ‘നിരാലംബയായ പെൺകുട്ടി’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. അതുപോലെ ‘മതിപ്പ്’ എന്ന വാക്ക് വീട്ടിൽ കേട്ടിട്ടുണ്ടെങ്കിലും ‘അവമതിപ്പ്’ എന്നൊരു വാക്ക് എനിക്ക് പുതിയതായിരുന്നു.
സൈജു കുറുപ്പ് .Photo:Screengrab/Youtube
‘ലുക്കാ ചുപ്പി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ‘കൂദാശ’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത്. അന്ന് കൂടെയുണ്ടായിരുന്ന മുരളി ഗോപി ചേട്ടൻ ‘ദോശ അറിയാമല്ലോ, അതിന് മുൻപിൽ ഒരു കൂ-യും ദോ -യും ചേർത്താൽ മതി’ എന്ന് തമാശയായി അത് പറഞ്ഞുതന്നു. പിന്നീട് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’എന്ന ചിത്രത്തിലെ ലൈവ് സൗണ്ട് റെക്കോർഡിംഗിനിടയിൽ ‘തൃണവത്കരിക്കുക’ എന്ന വാക്ക് ഉച്ചരിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.
കേരളത്തിൽ വളരാൻ കഴിയാത്തത് ഭാഷാപരമായി വലിയൊരു ബുദ്ധിമുട്ടായിരുന്നു. ഇവിടെയായിരുന്നു വളർന്നതെങ്കിൽ മലയാളം കൂടുതൽ നന്നായേനെ, ഒപ്പം തമിഴും പഠിക്കാമായിരുന്നു. ഞാൻ ഇതുവരെ നാല് തമിഴ് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വലിയ ഓഫറുകൾ വരുമ്പോൾ ഒഴിവാക്കാനാണ് ഞാൻ നോക്കാറുള്ളത്. കാരണം അവിടെച്ചെന്ന് ഡയലോഗുകൾ കാണാപാഠം പഠിച്ചു പറയുക എന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്,’സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurup spoke about his struggles with the Malayalam language