| Wednesday, 22nd July 2026, 1:40 pm

ഇത് മറ്റേ കഥകളിപ്പടം എടുത്തയാളല്ലേ എന്നാണ് ഞാന്‍ ചോദിച്ചത്, വാനപ്രസ്ഥം എന്ന പേര് എന്റെ വായില്‍ വന്നില്ല: സൈജു കുറുപ്പ്

അമര്‍നാഥ് എം.

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് സൈജു കുറുപ്പ്. ആദ്യകാലങ്ങളില്‍ നായകനായി വേഷമിട്ട സൈജു പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്കും പിന്നീട് കോമഡി റോളുകളിലേക്കും കളം മാറ്റി. കോമഡിയില്‍ തന്റേതായ ശൈലി കൊണ്ടുവന്ന സൈജു സിനിമാനിര്‍മാണ രംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

ആദ്യ സിനിമയായ മയൂഖത്തിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും അതിനിടയില്‍ നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകാണ് സൈജു കുറുപ്പ്. എയര്‍ടെല്ലിന്റെ സെയില്‍സ് റെപ്രസന്റേറ്റീവായിരുന്ന താന്‍ എം.ജി ശ്രീകുമാര്‍ വഴിയാണ് മയൂഖത്തിന്റെ ഓഡിഷനിലെത്തിയതെന്നും അഭിനയത്തില്‍ യാതൊരു എക്‌സ്പീരിയന്‍സും ഇല്ലായിരുന്നെന്നും സൈജു പറയുന്നു.

സൈജു കുറുപ്പ് Photo: Screen grab/ Chef Nalan

ചെന്നൈയില്‍ ഹരിഹരന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടെന്നും അവിടെ ഒരു സീന്‍ റിഹേഴ്‌സല്‍ ചെയ്യാന്‍ തന്നെന്നും സൈജു ഓര്‍ത്തെടുക്കുന്നു. തിരിച്ച് നാട്ടിലെത്തിയ ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹരിഹരന്‍ തന്നെ വിളിച്ചെന്നും പല്ലിന്റെ പൊട്ടല്‍ ശരിയാക്കാന്‍ ആവശ്യപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷെഫ് നളനോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘കുട്ടിക്കാലത്ത് സൈക്കിളില്‍ നിന്ന് വീണതിന്റെ പൊട്ടലായിരുന്നു. അത് ശരിയാക്കാന്‍ ഹരിഹരന്‍ സാര്‍ പറഞ്ഞപ്പോള്‍ ഞാനത് ചെയ്തു. 24 വര്‍ഷമായിട്ടും ആ പല്ലിന് ഒരു കുഴപ്പവുമില്ല. പല്ല് ശരിയാക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും വിളിച്ചു. ക്യാമറാമാന്‍ ഷാജി. എന്‍. കരുണിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ആ പേര് ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട്.

‘സാര്‍ ഇത് മറ്റേ കഥകളിപ്പടം എടുത്തയാളല്ലേ’ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. വാനപ്രസ്ഥം എന്ന പേര് ആ സമയത്ത് വായില്‍ വന്നില്ല. ഹരിഹരന്‍ സാറ് തന്നെ എന്നെ തിരുത്തി. ‘മോനേ, ആ സിനിമയുടെ പേര് വാനപ്രസ്ഥം എന്നാണ്. നീ കൂടുതല്‍ ഒന്നും ചെയ്യണ്ട, ഷാജിയുടെ വീട്ടില്‍ പോയിട്ട് ഞാന്‍ പറഞ്ഞ ആളാണെന്ന് പറയുക. ആവശ്യമില്ലാത്ത കാര്യമൊന്നും ചോദിക്കണ്ട, മുഖം കാണിച്ചിട്ട് വന്നാല്‍ മതി’ എന്ന് പറഞ്ഞു. ഞാന്‍ അതുപോലെ അനുസരിച്ചു,’ സൈജു കുറുപ്പ് പറയുന്നു.

പിന്നീട് കോഴിക്കോട് ഒരു ഫൈനല്‍ ഓഡിഷന് പോയെന്നും അവിടെ ചെന്നപ്പോള്‍ കിട്ടിയ ഡയലോഗ് പറയാന്‍ കുറച്ച് പാടുപെട്ടെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു. കുറച്ചധികം സമയമെടുത്ത് പഠിച്ചാണ് ആ ഡയലോഗ് പറഞ്ഞതെന്നും തന്നെ നല്ല രീതിയില്‍ മോള്‍ഡ് ചെയ്ത് എടുത്തെന്നും അദ്ദേഹം പറഞ്ഞു. തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് ഹരിഹരനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതെന്നും സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurup shares the memories of Journey to his first movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more