മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സൈജു കുറുപ്പ്. അറയ്ക്കൽ അബു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ കയറിക്കൂടിയ താരം ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തിട്ടുണ്ട്. ക്യാരക്ടർ റോളുകളിലൂടെ അഭിനയജീവിതം ആരംഭിച്ച താരം ഇന്ന് മലയാള സിനിമയിൽ നായകനായും നിറഞ്ഞു നിൽക്കുകയാണ്.
തിയേറ്ററുകളിൽ ഗംഭീര അഭിപ്രായത്തോടെ മുന്നേറുന്ന ‘മോഹിനിയാട്ടം’ സിനിമയിലൂടെ വീണ്ടും ശ്രദ്ധനേടുകയാണ് സൈജു കുറുപ്പ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സൈജു കുറുപ്പ്, Photo: IMDb
ഇപ്പോഴിതാ ജീവിതത്തിൽ ഒരുപാട് കഷ്ടതകളും അവഹേളനവും ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് സൈജു കുറുപ്പ്. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിൽ നിന്നും പഠിച്ച പാഠങ്ങൾ ഒരുപാടുണ്ട്. ഹരിഹരൻ എന്ന ലെജൻഡറി സംവിധായകന്റെ ചിത്രത്തിലൂടെയാണല്ലോ അരങ്ങേറ്റം. അപ്പോൾ ആളുകൾ കാണിച്ച സ്നേഹം കണ്ട് മതിമറന്നു.
പടം ഓടാതെ വന്നപ്പോൾ ദിവസവും വിളിച്ചുകൊണ്ടിരുന്നവരൊന്നും വിളിക്കാതായി പഴയ സ്നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില, അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മെ അംഗീകരിച്ച് കൂടെ നിൽക്കാൻ വളരെ കുറച്ച് ആൾക്കാരേ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി.
സൈജു കുറുപ്പ്, Photo: YouTube/ Screengrab
ഞാൻ മിഥുൻ ചക്രവർത്തിയുടെ വലിയ ആരാധകനാണ്. മിക്ക സിനിമകളിലും അദ്ദേഹത്തിന് പാവപ്പെട്ടവന്റെ റോളായിരിക്കും. ഒരു പടത്തിൽ അദ്ദേഹത്തിന്റെ ഒരു ഡയലോഗ് ഉണ്ട്. ‘എനിക്ക് ജീവിതത്തിൽ കാശൊന്നും വേണ്ട. കാശില്ലെങ്കിലെന്താ എനിക്ക് സുഹൃത്തുക്കൾ ഉണ്ടല്ലോ’ എന്നോ മറ്റോ ആണ് അത്. പഠിത്തത്തിൽ ഉഴപ്പിയതിന് ഗുണദോഷിച്ച അച്ഛനോട് ഞാനീ ഡയലോഗ് പറഞ്ഞു.
അന്ന് അച്ഛൻ്റെ കൈയിൽ നിന്ന് കിട്ടിയ വഴക്കിന് കണക്കില്ല. അച്ഛൻ എന്താ ഇങ്ങനെ എന്നാണപ്പോൾ തോന്നിയത്. തിരിച്ചറിവ് ഉണ്ടാവാൻ കുറേക്കാലമെടുത്തു,’ സൈജു കുറുപ്പ് പറഞ്ഞു.
കൂടാതെ കോവിഡ് സമയത്ത് പലർക്കും സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും അങ്ങനെ കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നെന്നും അദ്ദേഹം പറഞ്ഞു.
മോഹിനിയാട്ടം, Photo: IMDb
‘കോവിഡ് സമയത്ത് ചെറുതും വലുതുമായ സഹായങ്ങൾ പലർക്കും നൽകിയിരുന്നു. അങ്ങനെ കൈയിലുണ്ടായിരുന്ന പണം മുഴുവനും തീർന്നു. അനുപമയ്ക്ക് അവളുടെ അച്ഛൻ നൽകിയ കുറച്ചുപണം അക്കൗണ്ടിൽ ഉണ്ടായിരുന്നു. മക്കളുടെ സ്‌കൂൾ ഫീസ് അടച്ചത് ആ പണംകൊണ്ടാണ്.
‘ത്രീ ഇഡിയറ്റ്സിൽ’ അമീർ ഖാൻ ഒരു ഡയലോഗ് ഉണ്ട്. ‘അനെ ആപ് കോ കാബിൽ ബനാവോ. കാമ്യാ ബി അപ്നെ ആപ് പിച്ചെ ആയേഗി.’
അതായത് സ്വയം മെച്ചപ്പെടുത്തിയാൽ വിജയം നമ്മുടെ പുറകെ വരും. വിജയിച്ചാൽ പണവും വരും. സംഗതിയൊക്കെ ശരിയാണ്. എങ്ങനെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല,’ സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.
Content Highlight: Saiju Kurup says that when the film was discontinued, the people who used to call him every day stopped calling him.