| Wednesday, 8th April 2026, 10:41 pm

'ന്നാ താന്‍ കേസ് കൊട്'ലെ സുരേഷന്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നു: സൈജു കുറുപ്പ്

അശ്വിന്‍ രാജേന്ദ്രന്‍

ആട് 3യില്‍ അറക്കല്‍ അബുവായി ബോക്‌സ് ഓഫീസിന് തീയിട്ടതിന് പിന്നാലെ ഏപ്രില്‍ 10 ന് മോഹനിയാട്ടവുമായി തിയേറ്ററിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ് സൈജു കുറുപ്പ്. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട സൈജുവിന്റെ 150ാമത്തെ ചിത്രമായാണ് മോഹിനിയാട്ടം ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ഇന്‍ഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രതീഷ് ബാലകൃഷ്ണ്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തില്‍ രാജേഷ് മാധവന്‍ അവതരിപ്പിച്ച സുരേഷന്റെ കഥാപാത്രം താന്‍ ചെയ്യേണ്ടാതയിരുന്നുവെന്നാണ് സൈജു കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞത്.

സൈജു കുറുപ്പ് ആട് 3 യില്‍. Photo: News 18 Malayalam

‘ന്നാ താന്‍ കേസ് കൊട് സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കുന്ന ആദ്യത്തെ രണ്ട് മൂന്നാളുകളില്‍ ഒരാള്‍ ഞാനായിരുന്നു. എന്റെ മലയാളം റീഡിങ് സ്ലോ ആണെങ്കിലും ഒറ്റയിരുപ്പ് ഇരുന്ന് അഞ്ചാറു മണിക്കൂര്‍ കൊണ്ട് ഞാനത് വായിച്ചു തീര്‍ത്തു. വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായിരുന്നു പടം ഹിറ്റാണെന്ന്. തമാശക്ക് നമുക്ക് പ്രൊഡ്യൂസ് ചെയ്താലോ എന്ന് ഞാന്‍ രതീഷിനോട് ചോദിച്ചു. പക്ഷേ സന്തോഷേട്ടന്‍ പ്രൊഡ്യൂസറായിട്ടുണ്ടെന്ന് അവന്‍ പറഞ്ഞു.

ചിത്രത്തില്‍ ആദ്യം എന്നെ കാസ്റ്റ് ചെയതിരുന്നത് ഒരു വക്കീലിന്റെ റോളിലേക്കായിരുന്നു. ഷുക്കൂര്‍ വക്കീലിന്റെതല്ല, മറ്റൊരു ചെറിയ വേഷം. പക്ഷേ സ്‌ക്രിപ്റ്റ് മൊത്തം വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് വളരെയധികം ഇംപ്രെസീവ് ആയിട്ട് ഫീല്‍ ചെയ്തത് രാജേഷ് അവതരിപ്പിച്ച സുരേഷന്റെ ക്യാരക്ടാറായിരുന്നു. അത് ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചപ്പോള്‍ രതീഷ് സമ്മതിച്ചു. പിന്നീടത് പ്രൊജക്ട് സ്റ്റേജിലേക്ക് വന്നപ്പോള്‍ പുതുമുഖങ്ങളെയും ആ ഏരിയയിലുള്ള ആള്‍ക്കാരെയും കാസ്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യാന്‍ കഴിയാതെ പോയത്,’ സൈജു കുറുപ്പ് പറഞ്ഞു.

ന്നാ താന്‍ കേസ് കൊട്. Photo: The Hindu

കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തില്‍ അതുവരെ പുറത്തിറങ്ങിയ മികച്ച കോര്‍ട്ട് റൂം ഡ്രാമകളിലൊന്നാണ്. നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രത്തിലെ സുരേഷ് എന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രാജേഷ് മാധവനെയും ചിത്ര നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രത്തിന്റെ സ്പിന്‍ ഓഫായി സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രവും സംവിധായകന്‍ ഒരുക്കിയിരുന്നു.

Content Highlight: Saiju Kurup says that he was approached to act as suresh in Nna than case Kodu Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more