സൈജു കുറുപ്പ് നായകനായെത്തിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടം റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററില്‍ വിജയിക്കാതെ ഒ.ടി.ടിയില്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറയിച്ചിരുന്നു.
ഭരതനായര്‍ കിടപ്പിലായതിന് ശേഷം വീട്ടില്‍ അരങ്ങേറുന്ന നാടകീയ രംഗങ്ങളായിരുന്നു ആദ്യ ഭാഗം. രണ്ടാം ഭാഗത്തില്‍ ഭരതന്‍ നായരുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്.
ചിത്രത്തിന്റേതായി വന്ന ട്രെയ്‌ലര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ട്രെയലറില്‍ ‘ദൃശ്യം’ സിനിമയുമായുള്ള രസകരമായ റഫറന്‍സുകള്‍ കാണാന്‍ കഴിയുന്നുണ്ട്. ട്രെയ്‌ലറിന് പിന്നാലെ ഈ റഫറന്‍സുകള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചകളിലും നിറഞ്ഞു. ഇപ്പോഴിതാ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ദൃശ്യം സിനിമയുടെ റഫറന്‍സുകള്‍ ഉപയോഗിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്.
‘ദൃശ്യം റഫറന്‍സുകള്‍ വെച്ചാണ് ലിന്റോ കുര്യന്‍ ട്രെയ്‌ലര്‍ പ്രത്യേക കഥപോലെയാക്കിയത്. എന്നാല്‍, രണ്ടു സീനുകളില്‍ മാത്രമാണ് ദൃശ്യം റഫറന്‍സുകള്‍ വരുന്നത്. അല്ലാതെ സിനിമ ദൃശ്യം സ്പൂഫ് അല്ല. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഒരു വലിയ പ്രശ്‌നത്തില്‍ ശശി പോയി ചാടുകയാണ്. സിനിമയിലെ എല്ലാ താരങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
സുരാജ്, ജഗദീഷ് തുടങ്ങിയ നടന്മാര്‍ സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ ഭംഗിയായി ചെയ്തു കഴിവുതെളിയിച്ച ആളുകളാണ്. അതുപോലെ പ്രശസ്ത റാപ്പര്‍ ബേബി ജീനും സിനിമയില്‍ വേഷമിടുന്നു. അയാളുടെ പ്രകടനം ഞെട്ടിക്കുന്നതാവും. നാട്ടുമ്പുറത്തു കാരനായി ബേബി ആദ്യമായാണ് വേഷമിടുന്നത്. കഥാപാത്രത്തിന് യോജിച്ച ശരീര പ്രകൃതിയും അഭിനയമികവുമുള്ള അഭിനേ താക്കളെയാണ് ഭരതനാട്യം മുതല്‍ തിരഞ്ഞെടുത്തത്,’ സൈജു കുറുപ്പ് പറയുന്നു.
സെറ്റിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍, അഭിനേതാക്കളുടെ ഡേറ്റ് കിട്ടാതാവുന്നത്, ലൊക്കേഷന്‍ കിട്ടാതാവുന്നത് തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ അഭിനേതാവ് മാത്രമായിരിക്കുമ്പോള്‍ അറിയാന്‍പറ്റില്ലെന്നും നിര്‍മാതാവ് കൂടിയാവുമ്പോള്‍ അത്തരം കാര്യങ്ങളും ശ്രദ്ധിക്കണമെന്നും സൈജു കുറുപ്പ് പറയുന്നു. അല്ലാതെ വലിയ മാറ്റം തോന്നിയിട്ടില്ലെന്നും അഭിനയത്തിലാണ് ശ്രദ്ധ കൂടുതല്‍ കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷ്ണ ദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രം സൈജു കുറുപ്പിന്റെ കരിയറിലെ 150ാമത്തെ ചിത്രമായാണ് ഒരുങ്ങുന്നത്. സിനിമ എപ്രില്‍ 10ന് തിയേറ്ററുകളിലെത്തും.
Content Highlight: Saiju Kurup says Mohiniyattam is not a spoof of the movie Drishyam