| Tuesday, 30th June 2026, 10:02 am

21 വർഷത്തെ കാത്തിരിപ്പാണ്, സപ്പോർട്ടിങ് റോൾ ചെയ്ത പടങ്ങൾ വലിയ വിജയമാകുമെന്ന് വെറുതെ ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷേ, അതൊന്നും സംഭവിച്ചില്ല: സൈജു കുറുപ്പ്

കെ.എസ് ഷാബിന

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഭരതനാട്യം’, ‘ഭരതനാട്യം 2: മോഹിനിയാട്ടം’ എന്നീ ചിത്രങ്ങൾ നടൻ സൈജു കുറുപ്പിന്റെ കരിയറിലെ വലിയ വിജയങ്ങളായിരുന്നു. ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും, രണ്ടാം ഭാഗമായ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ തിയേറ്ററുകളിൽ വൻ ബോക്സ് ഓഫീസ് വിജയമാണ് സമ്മാനിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ‘ഭരതനാട്യം 3: രാസലീല’ പ്രഖ്യാപിച്ച ചടങ്ങിൽ പ്രേക്ഷകരോട് വളരെ വൈകാരികമായാണ് സൈജു കുറുപ്പ് സംസാരിച്ചത്.

‘എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. ഞാൻ സപ്പോർട്ടിങ് റോളുകൾ ചെയ്ത പല സിനിമകളും ഹിറ്റായപ്പോൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജു’, മിഥുൻ മാനുവൽ തോമസിന്റെ ‘ആട് 2’ തുടങ്ങിയ സിനിമകളുടെ ആഘോഷങ്ങളിൽ ഞാൻ ഭാഗമായിട്ടുണ്ട്.

സൈജു കുറുപ്പ്.Photo:The New Indian Express

എന്നാൽ അതൊക്കെ ഞാൻ സപ്പോർട്ടിങ് റോൾ ചെയ്ത സിനിമകളായിരുന്നു. ഞാൻ സപ്പോർട്ടിങ് റോൾ ചെയ്ത പടങ്ങൾ വരുമ്പോൾ അതൊക്കെ വലിയ വിജയമാകുമെന്ന് വെറുതെയാണെങ്കിലും ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അതൊന്നും സംഭവിച്ചില്ല. ഒടുവിൽ ‘മോഹിനിയാട്ടത്തിലൂടെ’ ആ സ്വപ്നം യാഥാർത്ഥ്യമായി.

ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ ഇതൊരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. ദൈവം എനിക്ക് ഇത് തന്നു. ഇത് എന്റെ 21 വർഷത്തെ കാത്തിരിപ്പാണ്. എന്റെ കരിയർ എന്താകുമെന്ന് എനിക്കോ, എന്റെ അമ്മയ്ക്കോ, ഭാര്യയ്ക്കോ, മക്കൾക്കോ, അച്ഛനോ അറിയില്ലായിരുന്നു. പക്ഷേ, ഞാൻ ദൈവത്തിൽ ഭയങ്കരമായി വിശ്വസിച്ചിരുന്നു. ദൈവത്തിൽ വിശ്വസിച്ചത് സിനിമകൾ കിട്ടാൻ വേണ്ടി മാത്രമല്ല, എന്റെ അഭിനയം ദൈവം നന്നാക്കിത്തരുമെന്ന പൂർണ വിശ്വാസമുള്ളതുകൊണ്ടാണ്.

ഭരതനാട്യം മൂവി ഫ്രാഞ്ചൈസി.Photo;IMDB

മലയാള സിനിമാ ഇൻഡസ്ട്രിയുടെ പിന്തുണ കാരണം കൃത്യമായ ഇടവേളകളിൽ എനിക്ക് സിനിമകൾ ലഭിച്ചു തുടങ്ങി. ക്യാമറയ്ക്ക് മുന്നിൽ വീണ്ടും വീണ്ടും അഭിനയിച്ചാണ് ഇന്ന് നിങ്ങൾ കാണുന്ന സൈജു കുറുപ്പായി ഞാൻ മാറിയത്. ഇന്ന് എന്റെ കുടുംബത്തിൽ എല്ലാവരും ഒരുപോലെ സന്തോഷത്തിലാണ്.

തിയേറ്ററിൽ ‘മോഹിനിയാട്ടം’ സിനിമയുടെ പ്രദർശനം നടക്കുന്ന സമയത്ത് ടീമിലെല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അപ്പോൾ ശ്രുതി എന്നോട് ചോദിച്ചു, ‘എന്താണ് ചേട്ടാ ഉള്ളുതുറന്ന് സന്തോഷിക്കാത്തത്?’ എന്ന്. ശരിക്കും എനിക്ക് പെട്ടെന്ന് സന്തോഷിക്കാൻ കഴിഞ്ഞില്ല. കാരണം, ഇതൊക്കെ ശരിക്കും സംഭവിക്കുന്നതാണോ എന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഞാൻ. ‘നാളെ നമ്മൾ പോകുന്ന തിയേറ്ററിൽ ഞാൻ എന്റെ ആവേശം കാണിക്കാം’ എന്ന് പറഞ്ഞു. പക്ഷേ, ഞാനത് പുറത്തുകാണിച്ചില്ല, ഇന്നും കാണിക്കുന്നില്ല. എങ്കിലും ഉള്ളുകൊണ്ട് ഞാൻ തുള്ളിച്ചാടുകയാണ്. എല്ലാവരോടും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup says he waited 21 years for this success

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more