| Monday, 28th September 2026, 7:57 pm

ഇത് നമ്മടെ സൈജു കുറുപ്പല്ലേ, കണ്ടിട്ട് മനസിലായില്ല; 14 വര്‍ഷം മുമ്പുള്ള തമിഴ് പാട്ട് കുത്തിപ്പൊക്കി ട്രോളന്മാര്‍

അമര്‍നാഥ് എം.

ഹരിഹരന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് സൈജു കുറുപ്പ്. മയൂഖത്തിലൂടെ കരിയറാരംഭിച്ച സൈജു ഇന്ന് മിനിമം ഗ്യാരണ്ടിയുള്ള നടന്മാരിലൊരാളാണ്. കരിയറിന്റെ തുടക്കത്തില്‍ ചെയ്ത നായകവേഷം തിളങ്ങാതെ വന്നപ്പോള്‍ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറി. മോഹിനിയാട്ടത്തിലെ ശശിധരന്‍ എന്ന കഥാപാത്രം കരിയറിലെ ബെഞ്ച്മാര്‍ക്കായി മാറുകയും ചെയ്തു.

കരിയറിലെ ഏറ്റവും മികച്ച ഫെയ്‌സിലൂടെ കടന്നുപോകുമ്പോള്‍ സൈജു കുറുപ്പിന്റെ ഒരു ഡാന്‍സ് സോങ് സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കിയിരിക്കുകയാണ് ട്രോളന്മാര്‍. 2012ല്‍ പുറത്തിറങ്ങിയ മറുപടിയും ഒരു കാതല്‍ എന്ന തമിഴ് ചിത്രത്തിലെ ‘സലക്ക് സലക്ക്’ എന്ന പാട്ടാണ് ട്രോളന്മാര്‍ കുത്തിപ്പൊക്കിയത്.

സൈജു കുറുപ്പ്. Photo. Screen Grab/ Youtube

ആ കാലഘട്ടത്തില്‍ തമിഴ് സിനിമയിലെ സ്ഥിരം ടെംപ്ലേറ്റുകളിലൊന്നായ ബാറിലെ ഡാന്‍സാണ് ഈ പാട്ടിലും. നായകനും സംഘവും വന്നിരിക്കുന്ന ബാറില്‍ അന്യസംസ്ഥാനക്കാരുടെ കൂടെ ഡാന്‍സ് ചെയ്യാന്‍ ഒരു സ്ത്രീ വരുന്നതും പിന്നീട് നായകന്‍ അവരുടെ കൂടെ കൂടുന്നതുമാണ് ഈ പാട്ടില്‍. തലയില്‍ ഒരു കര്‍ച്ചീഫും കെട്ടിയാണ് സൈജു കുറുപ്പ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്.

പെട്ടെന്ന് കണ്ടാല്‍ അനിരുദ്ധാണെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ സൈജു കുറുപ്പാണെന്നുമാണ് ചിലരുടെ കമന്റ്. സൈജു കുറുപ്പ് നല്ല രീതിയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നത് കണ്ടിട്ട് അസൂയ തോന്നിയ ആരോ ആണ് ഈ പാട്ട് കുത്തിപ്പൊക്കിയതെന്നും പാട്ടിന് താഴെ കമന്റുകളുണ്ട്. 4k റീമാസ്റ്റേഡ് വേര്‍ഷനാണ് ഇപ്പോള്‍ ട്രെന്‍ഡാകുന്നത്. തമിഴില്‍ ആദ്യകാലത്ത് സിനിമകള്‍ ചെയ്തപ്പോള്‍ അനിരുദ്ധ് എന്നായിരുന്നു സൈജുവിന്റെ പേര്. സിനിമയുടെ ക്രെഡിറ്റിലും ഈ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്.

സൈജു കുറുപ്പ്. Photo. Screen Grab/ Ayngaran

‘കേരളത്തില്‍ ഉണ്ണി, വാളയാര്‍ കഴിഞ്ഞാല്‍ പരമശിവം’, ‘എന്താ ശശിയേട്ടാ ഇതൊക്കെ’, ‘ഷാജിയേട്ടാ, ഇവനെയങ്ങ് തീര്‍ത്താലോ’ എന്നിങ്ങനെയാണ് യൂട്യൂബിലെ കമന്റുകള്‍. പാട്ടിന്റെ തംബ് നെയില്‍ ഫേസ്ബുക്കിലെ ചില ഗ്രൂപ്പുകളില്‍ വൈറലായിക്കഴിഞ്ഞു. ഈ സമയത്ത് ആരാ ഇത് കുത്തിപ്പൊക്കിയതെന്നാണ് പ്രധാന ചോദ്യം.

വാസു ഭാസ്‌കരന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ മറുപടിയും ഒരു കാതല്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ഫ്‌ളോപ്പ് സിനിമയില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ പാട്ട് ഭാവിയില്‍ സൈജു കുറുപ്പിന്റെ ഏതെങ്കിലും സിനിമയില്‍ റഫറന്‍സായി ഉപയോഗിച്ചേക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ പ്രവചനം.

Content Highlight: Saiju Kurup’s old Tamil song viral in troll pages

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more