ഹരിഹരന്‍ മലയാളസിനിമക്ക് പരിചയപ്പെടുത്തിയ താരമാണ് സൈജു കുറുപ്പ്. ഏതൊരു പുതുമുഖനടനും ലഭിക്കാവുന്നതില്‍ വെച്ച് മികച്ച എന്‍ട്രിയായിരുന്നു സൈജു കുറുപ്പിന്റേത്. എന്നാല്‍ പിന്നീട് സൈജു നായകനായെത്തിയ സിനിമകളൊന്നും ശ്രദ്ധിക്കപ്പെടാതായി. സഹനടന്‍ വേഷങ്ങളില്‍ ശ്രദ്ധ നേടിയ സൈജു കുറുപ്പ് പിന്നീട് കോമഡിയിലേക്ക് ട്രാക്ക് മാറ്റി.
കരിയറിലെ 150ാമത് ചിത്രമായ മോഹിനിയാട്ടം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ സീക്വലാണ് മോഹിനിയാട്ടം. ആദ്യഭാഗത്തിലേത് പോലെ സ്വാഭാവികമായ ഹ്യൂമര്‍ കൊണ്ട് സൈജു കുറുപ്പ് ശശിധരന്‍ നായരെ ഗംഭീരമാക്കിയിട്ടുണ്ട്. കോമഡിയില്‍ സൈജു തന്റെ കാലിബര്‍ തെളിയിക്കുമ്പോള്‍ താരത്തിന്റെ പഴയൊരു വീഡിയോ വൈറലായിരിക്കുകയാണ്.
2020ല്‍ മഴവില്‍ മനോരമ സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ മികച്ച കോമഡി നടനായി തെരഞ്ഞെടുക്കപ്പെട്ടത് സൈജു കുറുപ്പായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം സൈജു പറഞ്ഞ വാക്കുകളാണ് വൈറലായത്. ഹ്യൂമര്‍ ചെയ്യണമെന്ന് തന്നോട് ആദ്യം ആവശ്യപ്പെട്ടത് തന്റെ അച്ഛനായിരുന്നെന്നാണ് സൈജു പറഞ്ഞു. താന്‍ പറയുന്ന കോമഡികള്‍ വര്‍ക്കാകില്ലെന്ന ചിന്തയായിരുന്നു ആദ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘സുരാജിനോടൊക്കെ ഇടക്ക് ഞാന്‍ പറയുമായിരുന്നു ‘അളിയാ, ഞാന്‍ ഒരു കോമഡി പറയാന്‍ പോവുകയാണ്. കട്ടക്ക് കൂടെ നില്‍ക്കണം’ എന്ന് ആദ്യമേ പറഞ്ഞുവെക്കും. പക്ഷേ, എന്റെ തമാശ കേട്ടിട്ട് സുരാജ് ‘ഇതിലെവിടെയാ കോമഡി’ എന്ന് ചോദിച്ചിട്ടുണ്ട്. ഇന്ന് കോമഡി നടനുള്ള അവാര്‍ഡ് വാങ്ങുമ്പോള്‍ അത് ദൂരെയൊരു ലോകത്തിരുന്ന് അച്ഛന്‍ കാണുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’ സൈജു കുറുപ്പ് പറഞ്ഞു.
അന്ന് കോമഡി ചെയ്യാന്‍ കോണ്‍ഫിഡന്‍സില്ലാതിരുന്ന സൈജു കുറുപ്പ് ഇന്ന് മോഹിനിയാട്ടത്തിലേക്കെത്തിയപ്പോള്‍ ഇരുത്തം വന്ന നടനായി മാറിക്കഴിഞ്ഞെന്ന് തന്നെ പറയാം. സുരാജുമൊത്തുള്ള ചില കോമ്പിനേഷന്‍ സീനുകളെല്ലാം ഗംഭീരമായിരുന്നു. കുടുംബക്കാരെല്ലാം ചേര്‍ന്ന് കൊന്നയാള്‍ക്ക് ജീവനുണ്ടോ എന്ന് നോക്കാന്‍ അയാളുടെ കാലില്‍ ഇക്കിളിയിട്ട് നോക്കുന്ന സീനിന് ഗംഭീര കൈയടിയായിരുന്നു.
പെട്ടെന്നൊരുദിവസം കൊണ്ട് കോമഡി നടനായി മാറിയ താരമല്ല സൈജു കുറുപ്പ്. ഓരോ സിനിമ കഴിയുന്തോറും സ്വയം ഇവോള്‍വ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചത്. ആട് സീരീസിലെ അറക്കല്‍ അബു, പടയോട്ടത്തിലെ ശ്രീക്കുട്ടന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നന്‍, ഡ്രൈവിങ് ലൈസന്‍സിലെ ജോണി പെരിങ്ങോടന്‍ എന്നിവ സൈജുവിന്റേതായി ശ്രദ്ധിക്കപ്പെട്ട കോമഡി കഥാപാത്രങ്ങളാണ്.
തന്റെ 150ാം ചിത്രം സൈജു കുറുപ്പ് ഗംഭീരമാക്കിയെന്ന് തന്നെ പറയാം. ഭരതനാട്യത്തില്‍ മൈന്യൂട്ട് എക്‌സ്പ്രഷനുകള്‍ കൊണ്ട് ചിരിപ്പിച്ച ശശിധരന്‍ മോഹിനിയാട്ടത്തിലേക്ക് എത്തിയപ്പോള്‍ ആ കഥാപാത്രത്തിന്റെ മീറ്റര്‍ ഒട്ടും താഴ്ന്നിട്ടില്ലെന്ന് തന്നെ പറയാം.
Content Highlight: Saiju Kurup’s Comedy performance in Mohiniyattam movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ