| Friday, 31st July 2026, 8:19 pm

സ്വന്തം കയ്യിൽ നിന്ന് കാശ് കൊടുത്ത് ഫ്ലെക്സ് വെപ്പിച്ചു, പക്ഷേ ബോർഡ് വന്നപ്പോൾ എന്നെ ഒതുക്കി കളഞ്ഞു: സൈജു കുറുപ്പ്

നന്ദന. ടി

സിനിമയിലെ തുടക്കകാലത്ത് ഒരു ഫ്ലെക്സ് ബോർഡിൽ ഇടംപിടിക്കാൻ നടത്തിയ ശ്രമത്തെക്കുറിച്ചും അന്നനുഭവിച്ച വിഷമങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടൻ സൈജു കുറുപ്പ്. മൂവി വേൾഡ് മീഡിയ ഗ്ലോബൽ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തില്ലായിരുന്നു തന്റെ അനുഭവം പങ്കുവെച്ചത്.

സിനിമയിലെത്തിയ സമയത്ത് വൈറ്റിലയിലെ ബിൽബോർഡിൽ സ്വന്തം മുഖം വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും, അതിന്റെ ഭാഗമായി താൻ ചെയ്ത ഒരു ചിത്രത്തിന്റെ പ്രതിഫലത്തിൽ ബാക്കി ലഭിക്കാനുണ്ടായിരുന്ന തുക വേണ്ടെന്നുവെച്ച് പകരം പോസ്റ്ററിൽ ഫോട്ടോ വെക്കാൻ പ്രൊഡ്യൂസറോട് ആവശ്യപെട്ടിരുന്നു എന്ന് താരം ഓർത്തെടുക്കുന്നു.

സൈജു കുറുപ്പ്. Photo. Screen grab/ Youtube

‘ഞാൻ പണ്ടൊരു സിനിമ ചെയ്തിരുന്നു. ആ പടത്തിൽ എനിക്ക് ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. അതിൽ 75000 രൂപ എനിക്ക് കിട്ടി, ഇനി 25000 രൂപ കൂടി ബാക്കിയുണ്ടായിരുന്നു. അന്ന് സിനിമയിൽ വന്നതിനു ശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം വൈറ്റിലയിലുള്ള ബിൽബോർഡിൽ എന്റെ മുഖം വരുക എന്നതായിരുന്നു. അവിടെ അഞ്ച് ബിൽബോർഡുകൾ ഉണ്ടായിരുന്നു, അതിൽ രണ്ടെണ്ണം നല്ല വലുപ്പമുള്ളതും മൂന്നെണ്ണം ചെറിയതുമായിരുന്നു. അതിൽ ഏതെങ്കിലും ഒരു ഫ്ലെക്സിൽ എന്റെ മുഖം കൂടി വരണമെന്ന് ഉണ്ടായിരുന്നു, അത് നല്ലൊരു സപ്പോർട്ടിങ് റോൾ ആയാൽ പോലും കുഴപ്പമില്ലായിരുന്നു.

കാരണം കേരളത്തിലെ ഒരു സെന്റർ ഏരിയയാണ് അന്ന് വൈറ്റില. കോഴിക്കോട് പോകുന്നവരും ട്രിവാൻഡ്രം പോകുന്നവരുമൊക്കെ ആ വഴിയിലൂടെയാണ് കടന്നുപോകുന്നത്, അതുകൊണ്ട് നല്ല കാഴ്ച ലഭിക്കും. ഞാൻ ചെയ്ത ആ സിനിമയ്ക്ക് ഏഴ് പ്രൊഡ്യൂസർമാർ ഉണ്ടായിരുന്നു. ഞാൻ അതിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിച്ച് പറഞ്ഞു, ചേട്ടാ, എനിക്ക് തരാനുള്ള ബാക്കി 25000 രൂപ എനിക്ക് തരേണ്ട, പകരം വൈറ്റിലയിലെ ആ ബിൽബോർഡിൽ എന്റെ ഒരു ഫോട്ടോ വെച്ചാൽ മതി. കാരണം ഞാൻ ആ പടത്തിലെ നായകനായിട്ടാണ് അഭിനയിക്കുന്നത്. അദ്ദേഹം അതിനെന്താ അങ്ങനെ ചെയ്യാമലോ എന്ന് സമ്മതിച്ചു,’ സൈജു പറഞ്ഞു.

പിന്നീട് ഫ്ലെക്സ് അടിച്ചുവന്നപ്പോൾ അന്ന് സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത അറിയപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങൾ വലുതായി വെക്കുകയും, ചിത്രത്തിൽ നായകനായ തന്റെ ചിത്രം വളരെ ചെറുതായി നൽകുകയും ചെയ്തത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും സൈജു കുറുപ്പ് പറയുന്നു.

‘ ഒരു ദിവസം എന്റെ കൂടെ വർക്ക് ചെയ്തിരുന്ന ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു: എടാ, നിന്റെ ഒരു ബിൽബോർഡ് വൈറ്റിലയിൽ വന്നിട്ടുണ്ട്. അത് കേട്ടപ്പോൾ സന്തോഷം തോന്നി. ഞാൻ എന്റെ ഭാര്യയെയും കൂട്ടി വൈറ്റില ജംഗ്ഷനിൽ എത്തി, വണ്ടി തിരിച്ചുവന്ന് ബിൽബോർഡിലേക്ക് നോക്കി.

സിനിമയിൽ അന്ന് അറിയപ്പെടുന്ന നാലഞ്ച് താരങ്ങൾ അഭിനയിച്ചിട്ടുണ്ടായിരുന്നു, അവരൊക്കെ സപ്പോർട്ടിങ് ക്യാരക്ടർ ആയിരുന്നിട്ടുപോലും അവരുടെ വലിയ തലകളായിരുന്നു ബോർഡിൽ. നായകനും നായികയുമായി അഭിനയിച്ച എന്റെയും മറ്റെയാളുടെയും ഫുൾ ഫിഗർ ഉണ്ടെങ്കിലും, ഇവരുടെയൊക്കെ ഇടയിൽ ചെറുതായിട്ടാണ് കൊടുത്തിരിക്കുന്നത്. അത് ഞാൻ തന്നെയാണെന്ന് എനിക്ക് മാത്രമേ മനസിലാവൂ, വഴിയേ വണ്ടിയിൽ പോകുന്ന ആർക്കും മനസ്സിലാവില്ല.

ഞാനും കൂടി കാശ് കൊടുത്തിട്ടാണ് ആ ഫ്ലെക്സ് വെച്ചത്, അപ്പോൾ ആ ഒരു പരിഗണനയെങ്കിലും നൽകി എന്റെ വലിയൊരു തല വെക്കാമായിരുന്നു എന്ന് അന്ന് തോന്നിയിരുന്നു. ആ സംഭവം എനിക്ക് ഭയങ്കര വിഷമമുണ്ടാക്കി,’ എന്ന് സൈജു കുറുപ്പ് പറഞ്ഞു.

സൈജു കുറുപ്പ്. Photo. Screen grab/ Youtube

Content Highlight:  Saiju Kurup recalls memory of spending part of his pay to feature on a  billboard
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more