മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങൾ ഏറ്റുവാങ്ങിയാണ് മലയാള സിനിമയിൽ തന്റേതായ ഒരിടം സൈജു കുറുപ്പ് നേടിയെടുത്തത്. നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങൾ ചെയ്തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായത്.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളിൽ വിജയം നേടിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ ഈ വർഷം നായകനായും താരം തിളങ്ങിയിരുന്നു. സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രമായ ആരം ഈ മാസം 25-ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ നല്ല സിനിമകളുടെ ഭാഗമാകുക എന്നതിനാണ് താൻ പ്രധാന്യം നൽകുന്നതെന്നും താരം തുറന്നു പറഞ്ഞു.
സൈജു കുറുപ്പ്. Photo. Screen Grab/ Youtube
‘നമ്മൾ നല്ല സിനിമ ചെയ്യുക എന്നുള്ളതാണ്. കൂടുതൽ മെയിന്റെയിൻ ചെയ്യാൻ വേണ്ടി കഷ്ടപ്പെടേണ്ട ആവശ്യമില്ല. നല്ല സിനിമകൾ ചെയ്യുക, ആളുകളെ നമ്മുടെ കഥാപാത്രങ്ങൾ കൊണ്ട് വെറുപ്പിക്കാതിരിക്കുക എന്നുള്ളതാണ്. റിയൽ ലൈഫിലെ കാര്യമല്ല ഞാൻ പറയുന്നത്. സിനിമയിലെ കഥാപാത്രം വില്ലനായിട്ട് വന്ന് വെറുപ്പിക്കുക എന്നതുമല്ല. നമ്മുടെ മോശം പെർഫോമൻസ് കൊണ്ട് ആളുകളെ വെറുപ്പിക്കാതിരിക്കുക എന്നതാണ്,’ സൈജു കുറുപ്പ് പറഞ്ഞു.
തനിക്ക് ഇപ്പോൾ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമുള്ളതിനാൽ, തനിക്ക് ഷോൾഡർ ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും സൈജു വ്യക്തമാക്കി. എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന ആഗ്രഹം പല നടന്മാർക്കും ഉണ്ടാകാം. എന്നാൽ തനിക്ക് അത്തരമൊരു നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭരതനാട്യം’ സിനിമ പ്രഖ്യാപിച്ച സമയത്ത് പലരും താൻ ക്ലാസിക്കൽ ഡാൻസ് ചെയ്യുമോ എന്ന് ചോദിച്ചിരുന്നുവെന്നും സൈജു ഓർത്തെടുത്തു.
‘ഞാൻ ഇതിൽ നായകനായിട്ട് അഭിനയിക്കുകയാണല്ലോ. അപ്പോൾ ഇത് ഒരു കോമഡി പടമായിരിക്കുമെന്ന് പലരും വിചാരിച്ചോളും. ക്ലാസിക്കൽ ഡാൻസ് ഉള്ള പടമല്ല എന്നുള്ളത് അവർക്ക് മനസിലാകും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ പലരും ഞാൻ ക്ലാസിക്കൽ ഡാൻസ് ചെയ്യുമെന്ന് വിചാരിച്ചു,’ അദ്ദേഹം പറഞ്ഞു.
തനിക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണെന്ന് അറിയാവുന്ന ഒരു കഥാപാത്രം ഏറ്റെടുത്താൽ അത് തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ വെറുപ്പിക്കുന്നതിലേക്ക് എത്തുമെന്നും സൈജു പറയുന്നു.
‘അങ്ങനത്തെ ഒരു പടമാണെങ്കിൽ എനിക്കറിയാം എനിക്ക് ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ് അത് എന്ന്. അപ്പോൾ ഞാൻ വെറുപ്പിക്കുകയായിരിക്കും ചെയ്യുന്നത്. പല നടന്മാർക്കും എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന ആഗ്രഹം ഉണ്ടാകാം. പക്ഷെ എനിക്ക് അങ്ങനെയൊരു ഇതില്ല,’ അദ്ദേഹം വ്യക്തമാക്കി.
സൈജു കുറുപ്പ്. Photo. Facebook.com
ചെറിയ ആവർത്തനങ്ങൾ വന്നാലും തനിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ തന്നെ തെരഞ്ഞെടുക്കുന്നതിലാണ് താത്പര്യമെന്നും ഷൈജു കൂട്ടിച്ചേർത്തു. അഭിനയത്തിൽ തുടരാൻ പ്രത്യേകമായി എന്തെങ്കിലും ‘മെയിന്റെയിൻ’ ചെയ്യണമെന്ന ചിന്തയില്ലെന്നും, നല്ല കഥാപാത്രങ്ങൾ ലഭിക്കുകയും അവ മികച്ച രീതിയിൽ ചെയ്യുകയുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Saiju Kurup opens up I don’t want to do every type of character