| Thursday, 3rd September 2020, 3:29 pm

'പ്രഭാസിനെതിരെ വാളെടുക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു'; 'ആദിപുരുഷില്‍' രാവണനാകാനൊരുങ്ങി സെയ്ഫ് അലി ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ രംഗപ്രവേശം രാവണനായി. പ്രഭാസ് നായകനാകുന്ന ആദിപുരുഷിലാണ് സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നത്.

രാമായണകഥ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന 3ഡി ചിത്രമാണ് ആദിപുരുഷ്. തിന്മയും നന്മയും തമ്മിലുള്ള സംഘട്ടനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രഭാസാണ് രാമനായെത്തുന്നത്.

ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാന്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമിട്ടുക്കൊണ്ട് പ്രഭാസ് തന്നെയാണ് സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്ന വിവരം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

സെയ്ഫ് അലി ഖാന്‍ ആദിപുരുഷിലെത്തുന്നതില്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു. ജനപ്രിയനായകനായ പ്രഭാസിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ താനും ഏറെ സന്തോഷത്തിലാണെന്ന് സെയ്ഫ് അലി ഖാനും സോഷ്യല്‍ മീഡിയില്‍ എഴുതി.

‘ഇത് ഒരു അതിഗംഭീര പ്രോജക്ടാണ്. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആവേശഭരിതനാണ്. അതിശക്തനായ പ്രഭാസിനെതിരെ വാളെടുക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഒപ്പം എല്ലാവരെയും ഞെട്ടിക്കുന്ന രാക്ഷസന്റെ റോള്‍ ചെയ്യാനും.’ സെയ്ഫ് എഴുതി.

ആദിപുരുഷിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ലങ്കേഷ് എന്നാണ് ഇതില്‍ സെയ്ഫിന്റെ കഥാപാത്രത്തിന്റെ പേര് നല്‍കിയിരിക്കുന്നത്. ‘7000വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന പ്രപഞ്ചത്തിലെ ഏറ്റവും ബുദ്ധിമാനായ രാക്ഷസന്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് സംവിധായകനായ ഓം റൗട്ട് പോസ്റ്റര്‍ പങ്കുവെച്ചത്.

ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്. 2021ലായിരിക്കും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more