ട്രിപ്പോളി: ലിബിയയുടെ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകനും രാഷ്ട്രീയ പിന്‍ഗാമിയുമായിരുന്ന സെയ്ഫ് അല്‍ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ലിബിയയിലെ സിന്റാന്‍ നഗരത്തിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചുണ്ടായ വെടിവെപ്പിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചസമയത്ത് മുഖംമൂടി ധരിച്ച നാലംഗ സായുധ സംഘം വസതിയിലേക്ക് അതിക്രമിച്ചു കയറുകയും സെയ്ഫിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന് മുന്‍പ് അക്രമികള്‍ വീട്ടിലെ സുരക്ഷാ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെയ്ഫ് അല്‍ ഇസ്‌ലാമിന്റെ അഭിഭാഷകനും അദ്ദേഹത്തിന്റെ രാഷ്ട്രീയ വക്താക്കളും മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
2011-ല്‍ ലിബിയന്‍ വിപ്ലവത്തിനിടെ മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിന് ശേഷം സെയ്ഫ് അല്‍ ഇസ്‌ലാം വിമതരുടെ തടവിലായിരുന്നു. വര്‍ഷങ്ങളോളം തടവിലായിരുന്ന അദ്ദേഹം മോചിതനായ ശേഷം ലിബിയന്‍ രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. 2021-ലെ ലിബിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും നിയമതടസ്സങ്ങള്‍ നേരിട്ടിരുന്നു.
സെയ്ഫ് അല്‍ ഇസ്‌ലാമിന്റെ മരണം ലിബിയയിലെ നിലവിലെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ ലിബിയന്‍ അറ്റോര്‍ണി ജനറല്‍ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ലിബിയന്‍ ദേശീയതയുടെയും പരമാധികാരത്തിന്റെയും വക്താവായിരുന്ന സെയ്ഫ് അല്‍ ഇസ്ലാം, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാശ്ചാത്യ ശക്തികളുടെ ഇടപെടലുകളെ കര്‍ശനമായി എതിര്‍ത്ത നേതാവായിരുന്നു. 2011-ലെ അറബ് വസന്തത്തിന്റെ ഭാഗമായി ലിബിയയില്‍ നടന്ന പ്രക്ഷോഭങ്ങളെ രാജ്യത്തെ തകര്‍ക്കാനുള്ള വിദേശ ഗൂഢാലോചനയായാണ് അദ്ദേഹം കണ്ടത്. വിദേശ സഹായത്തോടെ നടന്ന ഈ അട്ടിമറി ശ്രമങ്ങളെ പ്രതിരോധിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. വിദേശ ശക്തികള്‍ക്ക് വഴങ്ങാത്ത, സ്വതന്ത്രവും ശക്തവുമായ ലിബിയയ്ക്ക് വേണ്ടിയുള്ള നയങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്.
content highlight: Saif al-Islam Gaddafi, son of late Libyan leader, has been killed, sources say