| Sunday, 17th May 2026, 7:21 am

തോല്‍വിയിലും ചിരിച്ച് സുദര്‍ശന്‍; ഇതിഹാസങ്ങളെ വെട്ടി ചരിത്രത്തില്‍ ഒന്നാമന്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 248 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ കൊല്‍ക്കത്ത 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.

മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍, നാലാം ഓവറില്‍ സായ് സുദര്‍ശന്‍ 13 പന്തില്‍ 23 റണ്‍സെടുത്ത് നില്‍ക്കവേ റിട്ടയേര്‍ഡ് ഹാര്‍ട്ടായി തിരികെ നടന്നു. പിന്നീട് തിരിച്ചെത്തിയ താരം 28 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് നേടിയത്.

ഇതോടെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സായ് സുദര്‍ശന്‍ നേടിയത്. ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷിന്റെ റെക്കോഡ് മറികടന്നാണ് സായ് ഈ നേട്ടത്തിലെത്തിയത്.

ടി-20യില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികച്ച താരങ്ങള്‍ (രാജ്യം), ഇന്നിങ്‌സ് എന്ന ക്രമത്തില്‍

സായ് സുദര്‍ശന്‍ (ഇന്ത്യ) – 78

ഷോണ്‍ മാര്‍ഷ് (ഓസ്‌ട്രേലിയ) – 85

ഡി’ആര്‍സി ഷോര്‍ട്ട് (ഓസ്‌ട്രേലിയ) – 86

ഡെവോണ്‍ കോണ്‍വേ (ന്യൂസിലാന്‍ഡ്) – 86

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 87

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)- 90

തിലക് വര്‍മ (ഇന്ത്യ) – 90

മുഹമ്മദ് വസീം (പാകിസ്ഥാന്‍) -90

അതേസമയം ഗുജറാത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ശുഭ്മന്‍ ഗില്ലാണ്. 49 പന്തില്‍ നിന്ന് 85 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്‌സും അഞ്ച് ഫോറുമായിരുന്നു ഗില്‍ നേടിയത്. ജോസ് ബട്‌ലര്‍ 35 പന്തില്‍ 57 റണ്‍സും നേടി. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും സൗരഭ് ദുബെ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്കായി കിടിലന്‍ പ്രകടനം നടത്തിയത് ഫിന്‍ അലനാണ്. 35 പന്തില്‍ 10 സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 93 റണ്‍സാണ് താരം അടിച്ചെടുത്തത്. 265.71 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. താരത്തിന് പുറമെ അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സ് നേടി. പുറത്താകാതെ ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ 28 പന്തില്‍ 52 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

Content Highlight: Sai Sudharsan Become Fastest Player To Achieve 3000 Runs In T-20 Format

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more